ആലപ്പുഴ: സംസ്ഥാന ഗ്രാമവികസന വകുപ്പും എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പും സംയുക്തമായി നടത്തിയ ഈസ് ഓഫ് ലിവിങ് സർവ്വേയുടെ വെരിഫിക്കേഷൻ ഉൾപ്പെടെ കേരളത്തിൽ ആദ്യം പൂർത്തീകരിച്ച ജില്ലയായി ആലപ്പുഴ. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം 2011-ല്‍ നടത്തിയ സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ് പട്ടികയില്‍ ഉള്‍പ്പെട്ട സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്ക്കുന്ന ജനവിഭാഗങ്ങളുടെ ജീവിത നിലവാരം വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിലൂടെ കഴിഞ്ഞ 10 വര്‍ഷക്കാലം കൊണ്ട് എപ്രകാരമാണ് മെച്ചപ്പെട്ടത് എന്നത് വിലയിരുത്തുന്നതിനായി കേന്ദ്ര സർക്കാരിൻറെ നിർദ്ദേശാനുസരണമാണ് സര്‍വേ സംഘടിപ്പിച്ചത്. 2011 ലെ സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ് സർവ്വേയിൽ പിന്നോക്കാവസ്ഥയിലായി കണ്ടെത്തിയ ആലപ്പുഴ ജില്ലയിലെ 12 ബ്ലോക്കുകളിലെ, 95 വില്ലേജുകളിൽ 4206 എന്യൂമറേഷൻ ബ്ലോക്കുകളിൽ പെട്ട 98529 കുടുംബങ്ങളെയാണ് ആണ് സർവ്വേയിൽ ഉൾപ്പെടുത്തിയത്.ജൂലൈ 5 ന് ആരംഭിച്ച സർവ്വേയിൽ ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ആർ.ആർ.ടി, ആശാവർക്കർമാർ, അംഗൻവാടി പ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടുകൂടി വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരാണ് വിവരശേഖരണം നടത്തിയത്. ശേഖരിച്ച വിവരങ്ങൾ ഈസ് ഓഫ് ലിവിംഗ് പോർട്ടലിൽ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഉദ്യോഗസ്ഥർ അപ്ലോഡ് ചെയ്യുകയും ചെയ്തു. സർവേയുമായി ബന്ധപ്പെട്ട് എല്ലാ പ്രവർത്തനങ്ങളും ജൂലൈ 29 നകം പൂർത്തിയായതായി സർവേ ജില്ലാ നോഡൽ ഓഫീസർ കൂടിയായ പി.എ.യു പ്രോജക്ട് ഡയറക്ടർ വി പ്രദീപ് കുമാർ, എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ എസ് അബ്ദുൽസലാം എന്നിവർ അറിയിച്ചു.