റഷ്യയില്‍ ഷെല്ലാക്രണത്തില്‍ കൊല്ലപ്പെട്ട ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കണം – രമേശ് ചെന്നിത്തല

Spread the love

റഷ്യയില്‍ ഷെല്ലാക്രണത്തില്‍ കൊല്ലപ്പെട്ട ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കണം
പരുക്കേറ്റ ജയിന്‍ കുര്യനെയും സുരക്ഷിതനായി എത്തിക്കണം – വിദേശകാര്യമന്ത്രി ജയശങ്കറിന് കത്തു നല്‍കി.

തിരുവനന്തപുരം : റിക്രൂട്ടിങ് ചതിയില്‍ പെട്ട് റഷ്യന്‍ കൂലിപ്പട്ടാളത്തിലെത്തി ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. ബിനിലിന്റെ ബന്ധുവും സമാനമായി ചതിയില്‍ പെട്ട് റഷ്യയിലെത്തപ്പെട്ടയാളുമായ ജയിന്‍ കുര്യന്‍ ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആണെന്നാണ് അറിയുന്നത്. അദ്ദേഹത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും വേണ്ടത് ചെയ്യണമെന്ന് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു. ഒപ്പം ബിനില്‍ ബാബുവിന്റെ കുടുംബത്തിനു സാധ്യമായ എല്ലാ നഷ്ടപരിഹാരവും നല്‍കണം.

കൊല്ലപ്പെട്ട ബിനില്‍ ബാബുവും പരുക്കേറ്റ ജയിന്‍ കുര്യനും അവരുടെ കുടുംബങ്ങള്‍ക്ക് ഏകാശ്രയമായിരുന്നു. എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ ഇടപെടുകയും സാധ്യമായ എല്ലാ സമ്മര്‍ദ്ദങ്ങളും പ്രയോഗിക്കുകയും വേണം.

ബിനില്‍ ബാബുവും ജയിന്‍ കുര്യനും മാത്രമല്ല, കേരളത്തില്‍ നിന്നും ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നും നിരവധി ചെറുപ്പക്കാര്‍ സമാനമായ രീതിയില്‍ ചതിക്കപ്പെട്ട് റഷ്യയിലെത്തുകയും നിര്‍ബന്ധിതമായി അവിടെ കൂലിപ്പട്ടാളത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. ഇവരെ അവരവരുടെ കുടുംബങ്ങളിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതിന് വേണ്ട എല്ലാ നയതന്ത്രസമ്മര്‍ദ്ദങ്ങളും ഉപയോഗിക്കണമെന്നും ഇവരെയെല്ലാം സുരക്ഷിതമായി തിരികെ അവരവരുടെ കുടുംബങ്ങളില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *