എക്‌സൈസ് മന്ത്രി സംസാരിക്കുന്നത് കമ്പനിയുടെ പ്രൊപ്പഗന്‍ഡ മാനേജരെ പോലെ – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞത്.

എക്‌സൈസ് മന്ത്രി സംസാരിക്കുന്നത് കമ്പനിയുടെ പ്രൊപ്പഗന്‍ഡ മാനേജരെ പോലെ; കോളജ് തുടങ്ങാനെന്ന പേരില്‍ പഞ്ചായത്തിനെ പറ്റിച്ച് രണ്ട് വര്‍ഷം മുന്‍പ് ഭൂമി വാങ്ങിയപ്പോള്‍ മുതല്‍ കമ്പനിയുമായി ഡീല്‍ തുടങ്ങി; സാധാരണക്കാര്‍ക്ക് നല്‍കാനില്ലാത്ത വെള്ളം വാട്ടര്‍ അതോറിട്ടി എവിടെ നിന്ന് ഈ കമ്പനിക്ക് നല്‍കും? കൂത്താട്ടുകുളത്ത് കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയിട്ടും ഒരാളെ പോലും അറസ്റ്റു ചെയ്യാത്തത് അപമാനകരം; സ്വന്തം കൗണ്‍സിലറെ തട്ടിക്കൊണ്ടു പോകുന്ന നാണംകെട്ട പാര്‍ട്ടിയായി സി.പി.എം മാറി; തട്ടിക്കൊണ്ടു പോകാന്‍ വഴിയൊരുക്കിക്കൊടുത്ത ഡിവൈ.എസ്.പിക്കെതിരെ നടപടിയെടുക്കണം.

തിരുവനന്തപുരം : പ്രതിപക്ഷം ഇതുവരെ ചോദിച്ച ഒരു ചോദ്യത്തിനും എക്‌സൈസ് മന്ത്രി ഉത്തരം നല്‍കിയിട്ടില്ല. അദ്ദേഹം ആദ്യ ദിവസം കമ്പനിയെ പുകഴ്ത്തിയാണ് സംസാരിച്ചത്. ഇതു പോലൊരു കമ്പനി വേറെയില്ലെന്നു പറഞ്ഞത് ആ കമ്പനിയുടെ പ്രൊപ്പഗന്‍ഡ മാനേജരെ പോലെയാണ് മന്ത്രി സംസാരിച്ചത്.

കുപ്രസിദ്ധമായ ഡല്‍ഹി മദ്യ നയ കേസില്‍ അറസ്റ്റിലായവരാണ് ഈ കമ്പനിയുടെ ഉടമകളെന്നും പഞ്ചാബില്‍ നാല് കിലോമീറ്റര്‍ പ്രദേശത്തെ ഭൂഗര്‍ഭജലവും മലിനപ്പെടുത്തിയതിന് കേന്ദ്ര- സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ കേസെടുത്തിട്ടുണ്ടെന്നും ഞാന്‍ പിറ്റേ ദിവസം പറഞ്ഞു. ഇത്തരത്തില്‍ കുപ്രസിദ്ധമായ കമ്പനിക്ക് എന്തിനാണ് മദ്യ നിര്‍മ്മാണ പ്ലാന്റ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്? ഈ കമ്പനി മാത്രമെ അപേക്ഷ നല്‍കിയിരുന്നുള്ളൂവെന്നാണ് മന്ത്രി ഇന്ന് പറഞ്ഞത്. ഓരോ ദിവസവും മന്ത്രി മാറി മാറി പറയുകയാണ്.

മദ്യ നയം മാറ്റി മദ്യ നിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച വിവരം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഡിസ്റ്റിലറി അറിഞ്ഞോ? മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന ഈ കമ്പനി അല്ലാതെ രാജ്യത്തെ മറ്റൊരു കമ്പനിയും സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിലെ മാറ്റത്തെ കുറിച്ച് അറിഞ്ഞിട്ടില്ല. എന്നിട്ടാണ് ഈ കമ്പനിയുടെ മാത്രം അപേക്ഷയെ കിട്ടിയിട്ടുള്ളൂവെന്ന് മന്ത്രി പറഞ്ഞത്. എന്ത് രഹസ്യമാണ് ഇതിന് പിന്നിലുള്ളത്? എന്തിനാണ് രഹസ്യമാക്കി വച്ചത്? മൂന്നു മാസമാണ് മന്ത്രി ഈ ഫയല്‍ കയ്യില്‍ വച്ചത്. പാലക്കാട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ആറു ദിവസം കഴിഞ്ഞാണ് ഈ ഫയല്‍ മുഖ്യമന്ത്രിയുടെ കയ്യിലേക്ക് കൊടുക്കുന്നത്. മദ്യ നയത്തിലെ 24-ാം പോയിന്റില്‍ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഉണ്ടാക്കും എന്നു മാത്രമെ പറഞ്ഞിട്ടുള്ളൂ. എന്നിട്ട് എന്തൊക്കെ അനുമതികളാണ് ഈ കമ്പനിക്ക് നല്‍കിയിരിക്കുന്നത്? എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി പ്ലാന്റ്, വൈനറി പ്ലാന്റ് ഉള്‍പ്പെടെ എല്ലാം ഈ ഒറ്റ കമ്പനിക്ക് നല്‍കിയിരിക്കുകയാണ്.

കോളജ് തുടങ്ങാനെന്ന പേരില്‍ എലപ്പുള്ളിയില്‍ പഞ്ചായത്തിനെ വരെ പറ്റിച്ച് രണ്ട് വര്‍ഷം മുന്‍പാണ് ഈ കമ്പനി ഭൂമി വാങ്ങിയത്. അപ്പോള്‍ ഈ കമ്പനിയുമായുള്ള ഡീല്‍ നേരത്തെ തന്നെ തുടങ്ങിയതാണ്. മന്ത്രിക്കും മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും അല്ലാതെ കേരളത്തിലെ വേറെ ഏതെങ്കിലും കമ്പനികള്‍ക്കോ മറ്റാര്‍ക്കുമോ ഇതേക്കുറിച്ച് അറിയില്ല.

പാലക്കാട് വി.എസ് അച്യുതാനന്ദനും എം.പി വീരേന്ദ്രകുമാറും ഉള്‍പ്പെടെ നമ്മുടെ എല്ലാവരുടെയും നേതൃത്വത്തില്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് പ്ലാച്ചിമടയിലെ കൊക്കക്കോള പ്ലാന്റ് അടച്ചു പൂട്ടിയത്. അവിടെയാണ് ദശലക്ഷക്കണക്കിന് ലിറ്റര്‍ ജലം ആവശ്യമുള്ള ഈ പ്ലാന്റ് ആരംഭിക്കുന്നത്. വാട്ടര്‍ അതോറിട്ടി വെള്ളം നല്‍കുമെന്നാണ് പറയുന്നത്. വാട്ടര്‍ അതോറിട്ടി അവരുടെ വീട്ടില്‍ നിന്നാണോ ജലം നല്‍കുന്നത്? സാധാരണക്കാര്‍ക്ക് വെള്ളം നല്‍കാന്‍ പോലും വാട്ടര്‍ അതോറിട്ടിക്ക് നല്‍കാന്‍ സാധിക്കുന്നില്ല. മലമ്പുഴ ഡാമില്‍ പാലക്കാടിന് ആവശ്യമുള്ള വെള്ളമില്ല. ഇല്ലാത്ത വെള്ളം വാട്ടര്‍ അതോറിട്ടി എവിടെ നിന്നാണ് ഈ കമ്പനിക്ക് നല്‍കുന്നത്? ഈ കമ്പനിക്ക് വെള്ളം നല്‍കലാണോ വാട്ടര്‍ അതോറിട്ടിയുടെ പണി? ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിത്. ഒരു തരി വെള്ളമില്ലാത്ത പാലക്കാടാണ് ഈ കമ്പനിക്ക് ഒരു ഡസണ്‍ യൂണിറ്റുകള്‍ നല്‍കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഷേഡി ഇടപാടുകള്‍ മാത്രം നടത്തിയിട്ടുള്ള ഈ കമ്പനിക്ക് മാത്രം മദ്യ നിര്‍മ്മാണ പ്ലാന്റ് നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍ അഴിമതി നടന്നിട്ടുണ്ട്. അല്ലെങ്കില്‍ രഹസ്യമാക്കി വയ്‌ക്കേണ്ട കാര്യമില്ല.

ഇടപാട് സുതാര്യമല്ല, അഴിമതിയും ജല ചൂഷണവുമുണ്ട്. കൊച്ചി കോര്‍പറേഷനില്‍ തീ കത്തിച്ച കമ്പനിയെയും മന്ത്രി ഇതുപോലെ പുകഴ്ത്തിയിരുന്നു. അതുപോലെയാണ് ഡല്‍ഹി മദ്യനയ കേസില്‍ ഉള്‍പ്പെട്ട കമ്പനിയെ കുറിച്ച് എക്‌സൈസ് മന്ത്രി പറഞ്ഞത്. മദ്യ നിര്‍മ്മാണത്തിന് കമ്പനിയെ ചുമതലപ്പെടുത്തുന്നത് മാധ്യമങ്ങളോ പ്രതിപക്ഷമോ അറിഞ്ഞില്ല. കേരളത്തിലെ ആരും അറിയാതെ രഹസ്യമായാണ് എല്ലാ ചെയ്തത്. ഈ കമ്പനി മാത്രമെ അപേക്ഷ നല്‍കിയുള്ളൂവെന്ന് മന്ത്രി പറഞ്ഞതു തന്നെയാണ് ഡീല്‍. ഈ കമ്പനിയുമായി മാത്രമാണ് ഡീല്‍ നടത്തിയത്. മദ്യ നയത്തില്‍ പറഞ്ഞ അനുമതി മാത്രമല്ല ഈ കമ്പനിക്ക് നല്‍കിയിരിക്കുന്നത്. കേരളത്തിലെ കള്ള് വ്യവസായം തകര്‍ന്നെന്ന് മദ്യ നയത്തില്‍ എഴുതി വച്ചിട്ടും അതില്‍ തൊട്ടില്ലല്ലോ. ആകെ ചെയ്തത് ഈ കമ്പനിക്ക് രഹസ്യമായി മദ്യ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാനുള്ള അനുമതി ആരും അറിയാതെ നല്‍കി എന്നതു മാത്രമാണ്.

കൂത്താട്ടുകുളത്ത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി, പൊലീസ് സംരക്ഷണം ഹൈക്കോടതി അനുവദിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ ഡിവൈ.എസ്.പി വഴിയൊരുക്കിക്കൊടുത്ത് സി.പി.എം നേതാക്കള്‍ വനിതാ കൗണ്‍സിലറെ മര്‍ദ്ദിച്ച് വസ്ത്രാക്ഷേപം ചെയ്ത് തട്ടിക്കൊണ്ടു പോയി. ഇത് കേരളത്തിലാണ് നടന്നത്. തെരഞ്ഞെടുക്കപ്പെട്ട വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയിട്ട് ഇതുവരെ ഒരാളെ പോലും അറസ്റ്റു ചെയ്തിട്ടില്ല. പാര്‍ട്ടിയുടെ ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടു പോയത്. ഇതെന്താ ഗുണ്ടായിസമാണോ? ഇവരെ ആരാണ് സംരക്ഷിക്കുന്നത്. സ്ത്രീയെ തട്ടിക്കൊണ്ടു പോകുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഡിവൈ.എസ്.പിയോട് തിരുവനന്തപുരത്ത് നിന്നും ആരാണ് വിളിച്ചു പറഞ്ഞത്? ഹൈക്കോടതിയുടെ ഉത്തരവിനെ ലംഘിച്ചുകൊണ്ടാണ് ഒരു സ്ത്രീയുടെ സാരി വലിച്ചഴിച്ച്, മുടിക്ക് കുത്തിപ്പിടിച്ച് അവരെ എടുത്ത് കാറിലേക്ക് വലിച്ചെറിഞ്ഞ് തട്ടിക്കൊണ്ടു പോയി അവിശ്വാസ പ്രമേയ ചര്‍ച്ച തകര്‍ത്തത്. ഇത് നമ്മുടെ കേരളമാണോ? എന്നിട്ടും അവരുടെ മൊഴി പോലും ഇതുവരെ ഒപ്പിട്ട് വാങ്ങിയിട്ടില്ല. അവരുടെ മകനെ വിളിച്ച് പൊലീസ് സ്റ്റേഷനിലേക്ക് വരാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം നിയന്ത്രിക്കുന്ന ഈ നാണംകെട്ട പൊലീസ്.

സി.പി.എമ്മുകാര്‍ തന്നെയാണ് സി.പി.എമ്മുകാരനായ സലീമിനെ കൊന്നതെന്ന് വെളിപ്പെടുത്തലും ഇന്നു വന്നിട്ടുണ്ടല്ലോ. എല്ലാവര്‍ക്കും നേരെയുള്ള മെക്കിട്ടു കയറ്റം കഴിഞ്ഞ് സി.പി.എം ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. സ്വന്തം കൗണ്‍സിലറെ തട്ടിക്കൊണ്ടു പോകുന്ന നാണംകെട്ട പാര്‍ട്ടിയാണ് സി.പി.എം. സ്ത്രീയ പരസ്യമായി അപമാനിച്ച് തട്ടിക്കൊണ്ടു പോകുന്നതു പോലുള്ള വൃത്തികേടിന് കുടപിടിക്കുന്ന പൊലീസ് എന്തിനാണ് കാക്കിയിട്ട് നടക്കുന്നത്? വഴിയൊരുക്കിക്കൊടുത്ത ഡിവൈ.എസ്.പിക്കെതിരെ നടപടി എടുത്തോ? ഇത് കേരളമാണെന്ന് മറന്നു പോകരുത്.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് എല്ലാ വൃത്തികേടുകള്‍ക്കും ഡിവൈ.എസ്.പി കൂട്ടുനിന്നത്. ഇത് കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും അപമാനകരമായ സംഭവമാണ്. ഭരണം നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് വനിതാ കൗണ്‍സിലറുടെ സാരി വലിച്ചഴിച്ച് മുടിയില്‍ കുത്തിപ്പിടിച്ച് വണ്ടിയില്‍ ഇട്ട് തട്ടിക്കൊണ്ടു പോയത്.

Author

Leave a Reply

Your email address will not be published. Required fields are marked *