19.01.2025ല്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനങ്ങള്‍

Spread the love

മിഷന്‍ 2025 ന്റെ ചുമതല വഹിക്കുന്ന നേതാവ്, ഡി.സി.സി പ്രസിഡന്റ്, ജില്ലയുടെ ചുമതല വഹിക്കുന്ന കെ.പി.സി.സി ഭാരവാഹി എന്നിവരുടെ നേതൃത്വത്തില്‍, ജില്ലകളുടെ ചുമതല വഹിക്കുന്ന എ.ഐ.സി.സി സെക്രട്ടറിമാരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുവാന്‍ രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചു.
കോര്‍കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും.

രാഷ്ട്രീയകാര്യ സമിതി എല്ലാ മാസവും കൂടും. അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളില്‍ നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തി വിഷയത്തിലുള്ള പാര്‍ട്ടിലൈന്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ കൂടുതല്‍ സജീവമാക്കും. മിഷന്‍ 2025 ന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തും. അതിന്റെ ഭാഗമായി കെ.പി.സി.സി ഏകദിന ശില്‍പശാല സംഘടിപ്പിക്കും.

പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ സി.പി.എമ്മിന്റെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും അജണ്ടയാണ്. അത്തരം ചര്‍ച്ചകളെ പൂര്‍ണമായി തള്ളിക്കളയുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ എക്കാലവും ഹൈക്കമാന്‍ഡാണ് തീരുമാനിക്കുന്നത്.

സര്‍ക്കാര്‍ നടപടികള്‍ മൂലം പ്രയാസം അനുഭവിക്കുന്ന ജനവിഭാഗങ്ങളോട് ഐക്യദാര്‍ഢ്യം പുലര്‍ത്തി സര്‍ക്കാരിനെതിരേയുള്ള പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയസാഹചര്യം ഉള്ളതായി വിലയിരുത്തി. വിലക്കയറ്റം, വൈദ്യുതി നിരക്ക് വര്‍ധനവ്, റേഷന്‍ വിതരണ സ്തംഭനം തുടങ്ങിയ ജനകീയ വിഷയങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രശ്‌നങ്ങളും ഉയര്‍ത്തി പ്രക്ഷോഭം നടത്തും.
മത്സ്യത്തൊഴിലാളികള്‍, മലയോരവാസികള്‍, ദളിത് പിന്നാക്ക വിഭാഗം, ന്യൂനപക്ഷങ്ങള്‍ തുടങ്ങി എല്ലാ ജനാവിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കും.

വയനാട് ജനതയുടെ ദുരവസ്ഥതയെ സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു. ടൗണ്‍ഷിപ്പ് പദ്ധതി രാഷ്ട്രീയവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ദുരൂഹം. കോണ്‍ഗ്രസും ഘടകകക്ഷികളും വയനാട്ടിലെ ദുരിതബാധിര്‍ക്ക് പ്രഖ്യാപിച്ച വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധതയും സിപിഎം-ബിജെപി സഖ്യവും തുറന്നുകാട്ടും. സിപിഎമ്മിന്റെ രാഷ്ട്രീയ അടുവുനയമായ ന്യൂനപക്ഷ വിരുദ്ധ സമീപനവും ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്ന സമീപനവും തുറന്നുകാട്ടും. ബിജെപി സാന്നിധ്യം കേരളീയ സമൂഹത്തെ വര്‍ഗീയമാക്കുന്നു. ബിജെപിയുടെ വെല്ലുവിളിയെ പ്രതിരോധിക്കും.

സമൂഹ മാധ്യമത്തിലെ പ്രവര്‍ത്തനത്തിന് മാനദണ്ഡം നിശ്ചയിക്കും. സമൂഹമാധ്യമങ്ങളിലൂടെ നേതൃത്വത്തില്‍ വിഭാഗീയതയും ഭിന്നതയും ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ തീരുമാനിച്ചു.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കുള്ള കരട് മാര്‍ഗരേഖയും കെ.പി.സി.സിയുടെ പരിപാടികളും അവതരിപ്പിച്ചു.
ജില്ല, നിയോജകമണ്ഡലം, പഞ്ചായത്ത് കോര്‍കമ്മിറ്റികള്‍ എല്ലാ മാസവും നിശ്ചിത ദിവസം യോഗം ചേരും. മാസാവസാനം ജില്ലാ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് അവലോകനം ചെയ്യും.

സെറ്റോയുടെ നേതൃത്വത്തില്‍ ജനുവരി 22 ന് നടക്കുന്ന ജീവനക്കാരുടെ പണിമുടക്കിന് പൂര്‍ണ പിന്തുണ.

ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ ജയ് ബാപ്പു, ജയ്ഭീം, ജയ് സംവിധാന്‍ സമ്മേളനങ്ങള്‍ ഡി.സി.സികളുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നടത്തും.

മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ ആഘോഷ പരിപാടികളും മഹാത്മാ സ്മൃതി സംഗമങ്ങളും നടത്തുന്നതാണ്.

വാര്‍ഡ് ഡീലിമിറ്റേഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് എല്ലാ ജില്ലകളിലും പ്രവര്‍ത്തനം നടന്നുവരുന്നു. ഓരോ ജില്ലയിലും നടന്നുവരുന്ന പ്രവര്‍ത്തനങ്ങളും വിലയിരുത്തി.

ലീഡര്‍ കെ കരുണാകരന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തിന് ഒരു ബൂത്തില്‍നിന്ന് 1000 രൂപ വീതം സമാഹരിക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുന്നു.

ഐക്യത്തിന്റെ സന്ദേശം ഉയര്‍ത്തിയ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം പി അധ്യക്ഷത വഹിച്ചു. എഐസിസി സംഘടന ജനറല്‍ സെക്രട്ടറി ശ്രീ.കെ.സി.വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ്, എഐസിസി സെക്രട്ടറിമാരായ പിവി മോഹന്‍, വികെ അറിവഴകന്‍, മന്‍സൂര്‍ അലി ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍ എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *