കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ ദാതാക്കളായി മാറണം : മന്ത്രി വീണാ ജോര്‍ജ്

Spread the love

തിരുവനന്തപുരം : തൊഴില്‍ ചെയ്യുക മാത്രമല്ല കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ ദാതാക്കളായി മാറേണ്ടതുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീ സംരംഭകര്‍ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. വനിത വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീ സംരംഭകരെ സൃഷ്ടിക്കാനായി വലിയ പ്രയത്‌നമാണ് നടത്തി വരുന്നത്. ഈ കാലഘട്ടത്തില്‍ മാത്രം 52,161 സ്ത്രീ സംരംഭകരുണ്ട്. 2 ലക്ഷത്തില്‍ പരം ആളുകള്‍ക്ക് വനിത വികസന കോര്‍പറേഷനിലൂടെ തൊഴില്‍ നല്‍കാകാനാകുന്നുണ്ട്. മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് ലോണ്‍ നല്‍കുന്നതിന് പുറമേ സംരംഭം വിജയിപ്പിക്കുന്നതിന് നിയമപരമായും സാങ്കേതികമായും വനിത വികസന കോര്‍പറേഷന്‍ സഹായിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ‘എസ്‌കലേറ 2025’ പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ പെണ്‍കുട്ടികളാണ്. 70 ശതമാനത്തിന് മുകളിലാണ് പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളത്. പല തൊഴില്‍ സ്ഥാപനങ്ങളിലും സ്ത്രീകളാണ് കൂടുതല്‍. ആരോഗ്യ രംഗത്തും 70 ശതമാനത്തിലധികം സ്ത്രീകളാണ്. തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ കേരളത്തില്‍ കൂടുതലാണ്. എങ്കിലും വിദ്യാഭ്യാസം നേടുന്നവരും തൊഴില്‍ ചെയ്യുന്ന സ്ത്രികളും തമ്മില്‍ വലിയ ഗ്യാപ്പ് ഉണ്ട്. ഐടി മേഖലകളിലുള്‍പ്പെടെ പലപ്പോഴും സ്ത്രീകള്‍ കൊഴിഞ്ഞു പോകുന്ന അവസ്ഥയുമുണ്ട്. ഇതെല്ലാം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

വനിത വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് കോര്‍പ്പറേഷന്‍ വായ്പാ വിതരണത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്‍ 2021-22 മുതല്‍ ലാഭം വിഹിതം സര്‍ക്കാരിന് നല്‍കി വരുന്നു. NMDFC-യുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജന്‍സിക്കുള്ള പുരസ്‌ക്കാരം തുടര്‍ച്ചയി രണ്ട് വര്‍ഷം നേടി, പ്രവര്‍ത്തന മികവിന് NSFDC, NBCFDC എന്നിവയുടെ അംഗീകാരങ്ങളും സ്ഥാപനം നേടിയിട്ടുണ്ട്

സ്ത്രീ സുരക്ഷയ്ക്കായി 181 വനിതാ ഹെല്‍പ് ലൈന്‍, ആര്‍ത്തവ ശുചിത്വ ബോധവത്കരണത്തിനായി ഷീപാഡ് പദ്ധതി, ആദിവാസി വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള വനമിത്ര, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നേതൃശേഷി വര്‍ദ്ധിപ്പിക്കുന്നതിനായുള്ള ഫ്യൂച്ചര്‍ വിമന്‍ ഗ്രൂമിങ്ങ് പ്രോഗ്രാം- പ്രതിഭ തുടങ്ങിയ പദ്ധതികളും വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.

വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ ബിന്ദു വി.സി. സ്വാഗതം ആശംസിച്ചു. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മ്മിള മേരി ജോസഫ് ആമുഖ പ്രഭാഷണം നടത്തി. കാനറ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബാലാജി റാവു, ഐഡിബിഐ ബാങ്ക് ജനറല്‍ മാനേജര്‍ ഷിജു വര്‍ഗീസ്, നബാര്‍ഡ് പ്രതിനിധി അനുദീപ് എന്നിവര്‍ മുഖ്യാതിഥികളായി. പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ മിനി സുകുമാര്‍, വനിത വികസന വകുപ്പ് ഡയറക്ടര്‍മാരായ ഗ്രേസ് എംഡി, ആര്‍ ഗിരിജ, പെണ്ണമ്മ ജോസഫ്, എച്ച് (ഇ&എ) സുരേന്ദ്രന്‍ ബി എന്നിവര്‍ പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *