കാശ്മീര്‍ പ്രശ്‌നത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടാകില്ലെന്ന ഷിംല കരാര്‍ ലംഘിക്കപ്പെട്ടോ എന്ന ചോദ്യം അന്തരീക്ഷത്തില്‍ ഉയരുന്നുണ്ടെന്നും അതില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തതവരുത്തണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫും വര്‍ക്കിംഗ് പ്രസിഡന്റുമാരും യുഡിഎഫ് കണ്‍വീനറും ചുമതലയേല്‍ക്കുന്ന ചടങ്ങ് കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
ഇന്ത്യയുടെ വിദേശനയത്തില്‍ പാളിച്ച സംഭവിച്ചോയെന്നതുമായി നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ഭാവിയില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉയരുന്ന ചോദ്യങ്ങള്‍ക്കെല്ലാം കേന്ദ്രസര്‍ക്കാര്‍ ഉത്തരം തന്നെ മതിയാകു. അതിന് അടിയന്തരമായി പാര്‍ലമെന്റ് സമ്മേളനം കേന്ദ്രസര്‍ക്കാര്‍ വിളിക്കണമെന്നാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നതെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.
പെഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സൈന്യം നടത്തിയ പോരാട്ടങ്ങളെ കോണ്‍ഗ്രസ് ബഹുമാനിക്കുന്നു. ഈ വിഷയത്തില്‍ കോണ്‍ഗ്രസും രാജ്യത്തെ പ്രതിപക്ഷപാര്‍ട്ടികളും ഒറ്റക്കെട്ടായി സര്‍ക്കാരിന് പിന്തുണ നല്‍കി. പെഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. രാജ്യം ഇപ്പോള്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ധീരതയെ കുറിച്ച് സ്മരിക്കുകയാണ്. നാലായിരം മൈലുകള്‍ക്ക് അപ്പുറമുള്ള ഏതെങ്കിലും രാജ്യത്തിന്റെ ഉപദേശം കേട്ടല്ല ഇന്ത്യയുടെ നയതന്ത്രവും ആഭ്യന്തര സുരക്ഷയും ഉണ്ടാക്കേണ്ടതെന്ന് ഉറച്ചനിലപാട് എടുത്ത പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാ ഗാന്ധിയെന്നും കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.