എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്ന കൂട്ടായ്മയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനം ആയിരിക്കും തന്റെതെന്ന് കെപിസിസി അധ്യക്ഷനായി ചുമതലയേറ്റെടുത്ത് കൊണ്ട് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിജയിപ്പിക്കുക എന്നതാണ് ദൗത്യം. അത് ഞങ്ങള്‍ ഏറ്റെടുക്കുകയാണ്. ഈ ലക്ഷ്യത്തിനായി നാം ഒറ്റക്കെട്ടായി പോരാടും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണം അവസാനിപ്പിക്കും. സിപിഎം എക്കാലവും അക്രമത്തിന്റെ പാതയിലാണ്. കണ്ണൂരിലത് ഇപ്പോഴും അരങ്ങേറുന്നു. അഴിമതിയും കെടുകാര്യസ്ഥതയുമാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ക്രമക്കേടിനെ കുറിച്ച് സംസാരിക്കാന്‍ സിപിഎമ്മും എല്‍ഡിഎഫ് തയ്യാറാകാത്തത് അതിനാലാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നാണ് താന്‍ പൊതുരംഗത്തേക്ക് വന്നത്. അതുകൊണ്ട് സാധാരണക്കാരന്റെ വികാരം ഉള്‍ക്കൊള്ളാന്‍ കഴിയും. എല്ലാ വിഭാഗം ജനങ്ങളെയും കോണ്‍ഗ്രസിലേക്ക് കൂടുതല്‍ അടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. മുതിര്‍ന്ന സാംസ്‌കാരിക നായകനായ ടി.പത്മനാഭനെ പോലുള്ള നിരവധി പേരാണ് കോണ്‍ഗ്രസുകാരനായതില്‍ അഭിമാനിക്കുന്നത്. ഈ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നതും ജനാധിപത്യം സ്ഥാപിച്ചതും മതേതരത്വം സംരക്ഷിച്ചതും കോണ്‍ഗ്രസാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ സൃഷ്ടിച്ചത് കോണ്‍ഗ്രസാണ്. ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ അത് മനസിലാക്കണം. കോണ്‍ഗ്രസ് ഉള്ളടത്തോളം കാലം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും ജനാധിപത്യത്തിനും ഒരു കോട്ടവും വരുത്താന്‍ ആരെയും അനുവദിക്കില്ല. കോണ്‍ഗ്രസിന് ബദലായി സിപിഎം ഉയര്‍ത്തികാട്ടിയ മൂന്നാം മുന്നണിയിലെ പല കക്ഷികളും ബിജെപിയുടെ കൂടെയാണ്.കോണ്‍ഗ്രസിന് മാത്രമെ മതേതര ഇന്ത്യയെ നയിക്കാന്‍ കഴിയൂവെന്നും സണ്ണി ജോസഫ് പറഞ്ഞു.