സിപിഎമ്മിനെതിരെയുള്ള പോരാട്ടത്തിന് മുന്നില്‍ പടക്കുതിര പോലെ എന്നുമുണ്ടാകും.
2021 ല്‍ കെപിസിസി അധ്യക്ഷനായി എത്തിയത് മുതല്‍ ഇന്ന് ആ ചുമതല ഒഴിയുന്നതുവരെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും സമരോത്മുഖമായ മാര്‍ഗത്തിലൂടെ കൂടുതല്‍ ജനകീയമാക്കാനും കഴിഞ്ഞു. അതിന് തനിക്ക് സഹപ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണ വലുതാണ്.
താന്‍ അധ്യക്ഷനായിരുന്ന കാലയളവില്‍ നിയമസഭാ-തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന എല്ലാ തിരിഞ്ഞെടുപ്പിലും മികച്ച വിജയം നേടാന്‍ സാധിച്ചു.തൃക്കാക്കര,പുതുപ്പള്ളി,പാലക്കാട് എന്നീ നിയമസഭാ ഉപതെരഞ്ഞെടുപ്പകളില്‍ തിളക്കമാര്‍ന്ന വിജയം നേടി.ചേലക്കരയില്‍ പരാജയപ്പെട്ടു എങ്കിലും സിപിഎമ്മിന്റെ ഭൂരിപക്ഷം അവരുടെ കോട്ടയില്‍ കുത്തനെ കുറയ്ക്കാന്‍ കഴിഞ്ഞത് വിജയത്തിനൊപ്പം നില്ക്കുന്ന പരാജയമായി വിലയിരുത്തുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലം നമ്മുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലായി അഭിമാനത്തോടെ താന്‍ നോക്കിക്കാണുന്നു.18 സീറ്റുകള്‍ നേടുവാന്‍ നമുക്ക് കഴിഞ്ഞതിനുമപ്പുറം ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മുന്നണിക്ക് ഇരുപത് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം സംസ്ഥാനത്താകെ ലഭിക്കുന്നതെന്നും കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചു.കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെ ജനകീയ അടിത്തറ ശക്തമാണെന്ന് പ്രകടമാക്കുന്നത് കൂടിയാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍.
തന്റെ കാലഘട്ടത്ത് കാമ്പസുകളില്‍ കെ.എസ്.യുവിന്റെ ഉജ്വലമായ തിരിച്ചുവരവ് നടത്താന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്.കെ.എസ്.യു.യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പോഷക സംഘടനകള്‍ക്ക് എല്ലാ പിന്തുണയും നല്‍കി. സമരമുഖത്ത് പങ്കെടുത്ത് ജയിലിലും കേസുകളുമായി ദുരിതം അനുഭവിച്ചവര്‍ക്ക് കഴിയുന്ന എല്ലാ സഹായങ്ങളും നല്‍കി. അവര്‍ക്കെതിരായ കേസുകളെ പാര്‍ട്ടി ഏറ്റെടുത്ത് നിയമസഹായം നല്‍കിയത് കേരളത്തില്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമാണ്. അദാലത്ത് വഴി അവരുടെ പിഴത്തുക പരമാവധി കെപിസിസി അടച്ചു എന്നതില്‍ അഭിമാനമുണ്ട്.
സമരത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകര്‍ക്ക് ചികിത്സാ സഹായത്തിന് വേണ്ട സാമ്പത്തിക സഹായം നല്‍കുവാന്‍ സാധിച്ചിട്ടുണ്ട്.അവരിലൊരാളായി അവരോടൊപ്പം എല്ലായ്‌പ്പോഴും ഉണ്ടാകുവാന്‍ സാധിച്ചിരുന്നുവെന്നും കെ.സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടിയെ താഴെത്തട്ടില്‍ ശക്തിപ്പെടുത്താന്‍ സാധിച്ചതില്‍ തനിക്ക് അഭിമാനമുണ്ട്. ദീര്‍ഘമായ ഒരു കാലഘട്ടത്തിന് ശേഷം സംസ്ഥാനത്തെ 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും 1498 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും പുതിയ പ്രസിഡന്റുമാരെ നിയമിച്ചു. 95 ശതമാനം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും 90 ശതമാനം മണ്ഡലം കോണ്‍ഗ്രസ് കമ്മികള്‍ക്കും ഭാരവാഹികളെ നിയമിക്കാന്‍ കഴിഞ്ഞു. പാര്‍ട്ടിയിലെ പുതുരക്തവും പുതുനാമ്പും പാര്‍ട്ടിയെ ഇളക്കിമറിക്കാന്‍ കഴിവുള്ളവരാണ്. അതുപോലെ തന്നെ മുഴുവന്‍ ബൂത്ത് വാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിക്കുവാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ട്.
അതുകൊണ്ട് തന്നെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് 24000 ത്തോളം വരുന്ന ബൂത്ത് കമ്മിറ്റികളെ വളരെ പെട്ടന്ന് തന്നെ സജീവമാക്കുവാന്‍ സാധിച്ചു.
അതിന്റെ പ്രയോജനം തെരഞ്ഞെടുപ്പില്‍ ലഭിക്കുകയും ചെയ്തു.
സി.യു.സി എന്നത് തന്റെ സ്വപ്ന പദ്ധതിയായിരുന്നു.40000 സി.യു.സികള്‍ രൂപീകരിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ അത് നമുക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ക്ക് രണ്ടു ദിവസം നീണ്ടു നിന്ന രണ്ടു മേഖലാ ക്യാമ്പുകള്‍ സംഘടിപ്പിച്ചു.തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി രാജീവ്ഗാന്ധി ഇന്റസ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റെ് സ്റ്റഡീസില്‍ വെച്ച് ദ്വിദിന പഞ്ചായത്തിരാജ് പരിശീലനം തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറില്‍പ്പരം പ്രവര്‍ത്തകര്‍ക്കു നല്കി.തുടര്‍ന്ന് നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ പരീശലകര്‍ക്കുള്ള പരിശീലന പരിപാടി അഞ്ച് ജില്ലകളിലത് പൂര്‍ത്തിയായി. വികസന ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുക ആയിരുന്നു അടുത്ത പദ്ധതി.
വോട്ടര്‍ പട്ടിക പ്രവര്‍ത്തങ്ങള്‍ പരിശീലിപ്പിക്കുന്നതിനു വേണ്ടി ബി.എല്‍.എമാരെയും വാര്‍ഡ് പ്രസിഡന്റ്മാരെയും പരിശീലിപ്പിക്കുന്നത്തിനായി 282 ബ്ലോക്കുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മാസ്റ്റര്‍ ട്രൈയിനര്‍മാരുടെ ഏകദിന സംസ്ഥാന പരിശീലന പരിപാടി കെപിസിസിയില്‍ നടന്നു. ഇതിന്റെ തുടര്‍ച്ചയായി കേരളത്തിലെ 282 ബ്ലോക്കുകളില്‍ ബി എല്‍ എമാര്‍ക്കും വാര്‍ഡ് പ്രസിഡന്റുമാര്‍ക്കുമുള്ള പരിശീലനം മാസ്റ്റര്‍ ട്രെയിനര്‍മാരെ ഉപയോഗിച്ച് നടത്താന്‍ പോകുകയാണ്.
എല്ലാത്തരത്തിലും സംഘടനയെ ചലിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം കൊള്ളുന്നു. ആസന്നമായ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാന്‍ ശക്തമായ കര്‍മ്മപദ്ധികള്‍ തയ്യാറാക്കിയാണ് മുന്നോട്ട് പോയത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി നാം മുന്നോട്ട് പോകുകയായിരുന്നു. 19000 ത്തോളം വാര്‍ഡ് കമ്മിറ്റികള്‍ക്ക് പ്രസിഡന്റുമാരെ നിയമിക്കാന്‍ സാധിച്ചു. 9 ജില്ലകളില്‍ വാര്‍ഡ് പ്രസിഡന്റുമാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. പുതുതായി രൂപീകരിച്ച വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 13000 ത്തോളം ഇടങ്ങളില്‍ മഹാത്മാ ഗാന്ധി കുടുംബസംഗമം ചിട്ടയായി നടത്തി. വാര്‍ഡ് തലം വരെ കുറ്റപത്രവും വികസന രേഖയും എത്തിക്കുയാണ് ലക്ഷ്യം. ബിഎല്‍എമാരെ എല്ലാ വാര്‍ഡിലും നിയമിക്കാന്‍ കഴിഞ്ഞതും നമുടെ നേട്ടമാണ്.
സെമി കേഡര്‍ സംവിധാനത്തിലേക്ക് പാര്‍ട്ടിയെയെത്തിക്കുമെന്നാണ് താന്‍ ചുമതലയേറ്റെടുത്തപ്പോള്‍ പറഞ്ഞിരുന്നത്.ഇക്കഴിഞ്ഞ നാലുവര്‍ഷത്തെ സംഘടനയുടെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ അത് ഏറെക്കുറെ സാധ്യമായിട്ടുണ്ട്. ഗുരതരമായ പരസ്യപ്രതികരണങ്ങളോ, അച്ചടക്ക ലംഘനങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കെപിസിസി നിര്‍ദ്ദേശിച്ച എല്ലാ പാര്‍ട്ടി പരിപാടികളും സമരപരിപാടികളും ചിട്ടയോടെ നടന്നതും സെമി കേഡര്‍ സംവിധാനത്തിന്റെ ഫലമായാണ്.
ശാസ്ത്രവേദി, പോളി ആന്റ് റിസര്‍ച്ച് കമ്മിറ്റി,സംസ്‌കാര സാഹിതി എന്നിവ പുനഃസംഘടിപ്പിച്ച് പുതിയ ചെയര്‍മാന്‍മാരെ കൊണ്ടുവരാന്‍ സാധിച്ചു. കെപിസിസി ആസ്ഥാനത്ത് പി.ടി.തോമസിന്റെ സ്മരണാര്‍ത്ഥം മികച്ചൊരു ലൈബ്രറി സ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇതുപോലെ സമരപരിപാടികളും പ്രക്ഷോഭങ്ങളും നടന്ന കാലമില്ല. നിയമസഭാ,രാജ് ഭവന്‍ മാര്‍ച്ചുകള്‍, കളക്ട്രേറ്റ് മാര്‍ച്ചുകള്‍, റേഷന്‍ കടകള്‍ക്ക് മുന്നില്‍ പ്രതിഷേധങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. വൈദ്യുതി നിരക്ക് വര്‍ധന, കെട്ടിട നികുതി വര്‍ധനവ് ,വെള്ളക്കരം വര്‍ധനവ്, ആരോഗ്യ മേഖലയിലെയും ആഭ്യന്തരവകുപ്പിന്റെയും വീഴ്ചകള്‍,തൊഴിലാളി വഞ്ചന, പിന്‍വാതില്‍ നിയമനം, ഇന്ധന വിലവര്‍ധനവ്, അവശ്യ സാധാനങ്ങളുടെ വിലവര്‍ധനവ്, സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അഴിമതി, അക്രമം എന്നിവയ്ക്കെതിരെ ജില്ലാ, ബ്ലോക്ക്, മണ്ഡലം തലങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു.
കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ നിരന്തരമായ സമരപരിപാടികള്‍ സംഘടിപ്പിച്ചു. ഏതാനും ദിവസംമുമ്പാണ് തിരുവനന്തപുരത്തെ ഇളിക്കിമറിച്ച് ഭരണഘടനാ സംരക്ഷണ റാലി നടത്തിയത്.
താന്‍ കെപിസിസി പ്രസിഡന്റായത് മുതല്‍ പാര്‍ട്ടിയുടെ പരമോന്നതമായ എക്സിക്യൂട്ടീവ് കെപിസിസി ഓഫീസില്‍ ചേരാറുള്ളതിനുപുറമെ രണ്ടും മൂന്നും ദിവസം രാവും പകലും നീണ്ടു നില്‍ക്കുന്ന ക്യാമ്പ് എക്‌സിക്യൂട്ടീവ് ചേരാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ട്.2022ല്‍ കോഴിക്കോട് നവസങ്കല്‍പ്പ് ചിന്തന്‍ ശിവിര്‍ സംഘടിപ്പിച്ചത് സംഘടനാ പ്രവര്‍ത്തനത്തിന് ദിശാബോധം നല്‍കാന്‍ സാധിച്ചു.
തുടര്‍ന്നുള്ള രണ്ടുവര്‍ഷങ്ങളിലും മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ് എക്സിക്യൂട്ടീവ് വയനാട് നടത്തുവാനും അതിലൂടെ മുഴുവന്‍ നേതാക്കളെ പങ്കെടുപ്പിച്ച് പാര്‍ട്ടിയുടെ പ്രവര്‍ത്തന പരിപാടികള്‍ക്ക് മാര്‍ഗരേഖ ഉണ്ടാക്കാന്‍ സാധിച്ചുയെന്നത് ഏറെ അഭിമാനകരമായ നേട്ടമാണ്.
സംഘടനയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനും ക്രീയാത്മകമ ചര്‍ച്ചകളിലൂടെ സംഘടനയെ ശാക്തീകരിക്കാനും ഓരോ വര്‍ഷവും നടന്ന ഇത്തരം പരിപാടികളിലൂടെ സാധിച്ചുവെന്ന് തനിക്ക് അഭിമാനത്തോടെ പറയാന്‍ സാധിക്കും. 2024 ചേര്‍ന്ന് ക്യാമ്പ് എക്സിക്യൂട്ടീവ് മിഷന്‍ 2025നെ രേഖ അവതരിപ്പിച്ചു എന്ന് മാത്രമല്ല പാര്‍ട്ടിയുടെ സംഘടനാ തന്ത്രം വിശദീകരിക്കുന്ന കലണ്ടര്‍ തയ്യാറാക്കി. അത് ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നാം മുന്നോട്ട് കൊണ്ടുപോയതെന്നും കെ.സുധാകരന്‍ പറഞ്ഞു.
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം, മഹാത്മാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷം എന്നിവയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക് രൂപം നല്‍കി.
എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയെ പങ്കെടുപ്പിച്ച് വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന് തുടക്കം കുറിക്കുകയും അതിന്റെ ഭാഗമായി അഞ്ച് മേഖലാ പദയാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്തു.വൈക്കം സത്യാഗ്രഹ റാലിയില്‍ ഒരു ലക്ഷം പേരാണ് പങ്കെടുത്തു. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇത്രയും പേര്‍ പങ്കെടുത്ത റാലി സമീപകാലത്തു ഉണ്ടായിട്ടില്ലെന്നാണ് മാധ്യമങ്ങള്‍ പോലും വിശേഷിപ്പിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നെയുള്ള പ്രചാരണത്തിന് തുടക്കം കുറിച്ച് തൃശൂരില്‍ മഹാജനസഭ സംഘടിപ്പിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ ഉദ്ഘാടനം ചെയ്ത മഹാജനസഭയില്‍ ബൂത്ത് പ്രസിഡന്റുമാര്‍, വനിതാ വൈസ് പ്രസിഡന്റുമാര്‍, മണ്ഡലം മുതല്‍ എഐസിസി തലം വരെയുള്ള ഭാരവാഹികളും പ്രവര്‍ത്തകരുമായ 75000ത്തോളം പങ്കെടുത്ത നേതൃത്വ സംഗമം സംഘടിപ്പിച്ചതിലൂടെ താഴെത്തട്ടില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നവോന്മേഷം നല്‍കാന്‍ സാധിച്ചു.
ഒരു ലക്ഷത്തോളം പേരെ അണിനിരത്തി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷങ്ങളോടുള്ള എല്ലാക്കാലത്തെയും നിലപാട് വീണ്ടും പ്രതിഫലിക്കാന്‍ കഴിഞ്ഞുവെന്ന് മാത്രമല്ല ഈ വിഷയത്തില്‍ സിപിഎം പുലര്‍ത്തിയ ഇരട്ടത്താപ്പ് തുറന്നുകാട്ടാനും സാധിച്ചു. അതോടൊപ്പം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിനെതിരെ വയനാട് പതിനായരങ്ങളെ അണിനിരത്തി റാലി നടത്തി. ഏക സിവില്‍ കോഡ് വിഷയത്തിലും അരലക്ഷത്തിലധികം പേര്‍ പങ്കെടുത്ത റാലി, സമരാഗ്‌നി ജാഥയുടെ ഭാഗമായി 22 മെഗാറാലി നടത്തി. വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആറുവയസ്സുകാരിയുടെ കുടുംബത്തിന് നീതിയും പ്രതിക്ക് ശിക്ഷയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ‘മകളെ മാപ്പ് ‘ എന്ന പേരില്‍ 5000 വനികളെ പങ്കെടുപ്പിച്ച് ജനകീയ കൂട്ടായ്മ സംഘടിപ്പു.
സാമ്പത്തികമായി വലിയ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലാണ് താന്‍ കെപിസിസി പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.
ഡിസിസി പ്രെസിഡന്റുമാരും കെപിസിസി ഭാരവാഹികളും അടങ്ങുന്ന തന്റെ ടീം വളരെ പ്രയാസപ്പെട്ടിട്ടാണ് കഴിഞ്ഞ 4 വര്‍ഷക്കാലവും പ്രവര്‍ത്തിച്ചിട്ടുള്ളത്. അവരോടുള്ള എന്റെ കടപ്പാട് ഞാന്‍ അറിയിക്കുന്നു.
കെപിസിസി നടപ്പാക്കിയ നൂതനമായ ആശയമായിരുന്നു 137 ചലഞ്ച് .
ക്രൗഡ് ഫണ്ടിംഗ് ആശയമായ ഈ പദ്ധതി കോണ്‍ഗ്രസിന്റെ ഓരോ ജന്മ വാര്‍ഷികത്തിലും ജന്മ ദിനസമ്മാനമായി പൊതുജനങ്ങളില്‍ നിന്നും ധനസമാഹരണം എന്ന ആശയത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. 137 ചലഞ്ച്, 138 ചലഞ്ച് എന്ന പദ്ധതി ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ ആകര്‍ഷിക്കുകയും, പിന്നീട് എഐസിസി തന്നെ ആ പദ്ധതി ദേശീയ തലത്തില്‍ നടപ്പാക്കിയതില്‍ നമുക്ക് വലിയ അഭിമാനമുണ്ട്.
ഇങ്ങനെ പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച തുക കൊണ്ടാണ് കഴിഞ്ഞ 4 വര്‍ഷത്തെ ഈ പ്രവര്‍ത്തനങ്ങളൊക്കെയും നടത്തിയത്. അതോടൊപ്പം നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിലും സാമ്പത്തിക പിന്തുണ നല്‍കുവാന്‍ സാധിച്ചത് ഈ ഫണ്ടില്‍ നിന്നായിരുന്നു. ഏറ്റവും അഭിമാനകരമായ കാര്യമായി താന്‍ നോക്കിക്കാണുന്നത് നെയ്യാറിലെ രാജീവ് ഗാന്ധി ഇന്സ്റ്റിറ്റിയൂട്ടിന്റെ മൂന്നരകോടിയോളം വരുന്ന ബാങ്ക് കുടിശിക പൂര്‍ണമായും അടച്ചു തീര്‍ത്തു ഇന്ന് ഒരു രൂപ പോലും ബാധ്യതയില്ലാത്ത സ്ഥാപനമായി അത് മാറി എന്നതിലാണ്. അതോടൊപ്പം സാമ്പത്തിക പ്രതിസന്ധിയില്‍ പ്രവര്‍ത്തിക്കുന്ന ജയ്ഹിന്ദ് ചാനലിനെയും വീക്ഷണം പത്രത്തേയും പരമാവധി സഹായിക്കുവാന്‍ സാധിച്ചിട്ടുണ്ട്.
ദീര്‍ഘകാലമായി മുടങ്ങികിടന്നിരുന്ന ലീഡര്‍ സ്മാരക മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ വേണ്ട പ്രാരംഭ ധനസമാഹരണം നടത്തുവാന്‍ സാധിച്ചിട്ടുണ്ട്. ആ പണം പ്രത്യേക അക്കൗണ്ടില്‍ ഉണ്ട്.
അതോടൊപ്പം വയനാട് പുനരധിവാസത്തിന്റെ ഭാഗമായി സമാഹരിച്ച ഏതാണ്ട് നാല് കോടിയോളം രൂപ പ്രത്യേക അക്കൗണ്ടില്‍ ഉണ്ട്.
കഴിഞ്ഞ നാലുവര്‍ഷവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു. അവരുടെ പ്രതിസന്ധികളിലും പ്രയാസങ്ങളിലും ഞാന്‍ മുന്നില്‍ തന്നെ ഉണ്ടായിരുന്നു. പ്രവര്‍ത്തകനെ സംരക്ഷിക്കാനും സഹായിക്കാനും ഏതറ്റം വരെയും ഞാന്‍ പോയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഭയപ്പാടില്ലാതെ പൊതുപ്രവര്‍ത്തനം നടത്താന്‍ സാധിച്ചു എന്നാണ് എന്റെ വിശ്വാസം. തനിക്കാരെയും ഭയമില്ല, എന്റെ പ്രവര്‍ത്തകരും ആരെയും ഭയപ്പെടാന്‍ പാടില്ല എന്നതാണ് തന്റെ ഒരു രാഷ്ട്രീയബോധ്യം.
ഭരണകൂടങ്ങളുമായി നോ കോംപ്രിമൈസ് എന്നതാണ് എന്റെ ലൈന്‍. എന്നെ ജയിലടയ്ക്കാനും കേസില്‍ കുടുക്കാനുമൊക്കെ നോക്കിയവരുണ്ട്. നെഞ്ചിന് 56 ഇഞ്ച് അളവുള്ളവരോടും ഇരട്ടച്ചങ്കുള്ളവരോടുമൊക്കെ നോ കോപ്രമൈസ്. ആ നിലപാടുകളിലൊന്നും ഇനിയും മാറ്റമുണ്ടാകില്ല.
ഞാന്‍ തുടര്‍ന്നും പ്രവര്‍ത്തകര്‍ക്കൊപ്പം ഉണ്ടായിരിക്കും. തനിക്കു തന്ന സഹകരണത്തിന്, സ്‌നേഹത്തിന്, പിന്തുണയ്ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. അതോടൊപ്പം കഴിഞ്ഞ 4 വര്‍ഷക്കാലം കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍ എന്നില്‍ പൂര്‍ണ വിശ്വാസവും പിന്തുണയും അര്‍പ്പിച്ച എഐസി സി നേതൃത്വത്തിനും പ്രിയപ്പെട്ട എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗേ ജിക്കും, പ്രിയപ്പെട്ട നേതാവ് രാഹുല്‍ ഗാന്ധിയോടുള്ള തന്റെ സ്‌നേഹവും കടപ്പാടും പങ്കുവെക്കുവാന്‍ ആഗ്രഹിക്കുന്നു. പ്രതിസന്ധി ഘട്ടത്തില്‍ എല്ലാം രാഹുല്‍ ഗാന്ധി എന്നെ ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പരമോന്നത സഭയായ വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് അംഗമായി ഈ എളിയവനായ തന്നെ നിയമിച്ച നേതൃത്വത്തോട് തന്റെ നന്ദി അറിയിക്കുന്നു.
വരാന്‍ പോകുന്ന നാളുകള്‍ വിശ്രമരഹിതമായ പ്രവര്‍ത്തനത്തിന്റെ നാളുകളാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് അറുതി വരുത്തുവാന്‍ ഇനി മാസങ്ങളെ ബാക്കിയുള്ളു.
അതോടൊപ്പം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള അഴിമതി നിറഞ്ഞ ഫാസിസ്റ്റ് സര്‍ക്കാരിനെയും താഴെ ഇറക്കേണ്ടുന്ന ഉത്തരവാദിത്വം നമ്മളിലാണെന്ന ബോധ്യത്തോടെ ഒറ്റകെട്ടായി ഒരു മനസായി നമുക്ക് പ്രവര്‍ത്തിക്കാം.കോണ്‍ഗ്രസിനകത്ത് അഭിപ്രായ ഭിന്നകളില്ലാതെ പോയത് നമ്മുടെ ഐക്യത്തിന്റെ കരുത്താണ്. പ്രവര്‍ത്തകരാണ് എന്റെ ശക്തി. അവരോടൊപ്പം എന്നുമുണ്ടാകും. സിപിഎമ്മിനെതിരെയുള്ള പോരാട്ടത്തിനിന് മുന്നില്‍ പടക്കുതിര പോലെ എന്നുമുണ്ടാകും.
ഇന്ന് പുതുതായി ചുമതല ഏറ്റെടുക്കുന്ന അഡ്വ. സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി കൂടുതല്‍ ഊര്‍ജ്ജസ്വലമായി കൊണ്ടുപോകുമെന്നതില്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. മികച്ച ഒരു ടീം തന്നെയാണിത്. ഞാന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറിയപ്പോള്‍ സണ്ണി വക്കീലായിരുന്നു എന്റെ പിന്‍ഗാമി. കെപിസിസിയില്‍ എന്റെ പിന്‍ഗാമയിയായി അദ്ദേഹം എത്തിയതില്‍ എനിക്ക് അതിലേറെ സന്തോഷമുണ്ട്. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായവും പിന്തുണയും എന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും കെ.സുധാകരന്‍ പറഞ്ഞു.
എംജി കണ്ണന്റെ കുടുംബത്തിന്
കെപിസിസിയുടെ അഞ്ചു ലക്ഷം
പത്തനംതിട്ട വൈസ് പ്രസിഡന്റായിരുന്ന അന്തരിച്ച എം.ജി കണ്ണന്റെ കുടുംബത്തിന് കെപിസിസി അഞ്ചു ലക്ഷം രൂപം നല്‍കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.