അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലേറെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നും അത് കേരളത്തിലെ പുതിയ നേതൃത്വത്തിനൊപ്പം എല്ലാവരും ചേര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്‍കുന്ന വാക്കാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുതിര്‍ന്ന നേതാക്കളുടെ അനുഗ്രഹത്തോടെ മുന്നോട്ടുപോകുന്ന സുശക്തമായ ഒരു രണ്ടാംനിരയാണ് കോണ്‍ഗ്രസിനുള്ളത്. ഇവരെല്ലാം ചേര്‍ന്ന് ഒറ്റക്കെട്ടായി സംഘടനയെ മുന്നോട്ടു കൊണ്ടുപോകും. ഇത്രശക്തമായ ഒരു രണ്ടാംനിര നിലവില്‍ കേരളത്തിലെ ഒരു പാര്‍ട്ടിക്കും അവകാശപ്പെടാനാവില്ല. പാര്‍ട്ടിയുടെ പക്വതയാര്‍ന്ന മുഖമാണ് അഡ്വ. സണ്ണി ജോസഫ്. നിയമസഭയില്‍ എന്തെങ്കിലും സങ്കീര്‍ണ പ്രശ്‌നങ്ങളുയര്‍ന്നാല്‍ പോംവഴിക്കായി സണ്ണി വക്കീലിനെ വിളിക്കുകയെന്നത് പതിവുകാര്യമാണ്. സൗമ്യനായി സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെ അതിമനോഹരമായി ആഴത്തില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയും. തികഞ്ഞ രാഷ്ട്രീയ ബോധവും സംഘടനാ ബോധ്യവുമുള്ളയാളാണ് സണ്ണി ജോസഫ്.
കഴിഞ്ഞ നാലര വര്‍ഷത്തിനിടെ കെ. സുധാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ് തകര്‍ന്ന് നിരാശയിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉള്ളില്‍ ആത്മവിശ്വാസം ഉണ്ടാക്കാന്‍ അദ്ദേഹത്തിനായി. വീണ്ടും യുഡിഎഫ് അധികാരത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലേക്ക് ജനങ്ങളെ എത്തിക്കാനും സുധാകരന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. അത് ചെറിയ നേട്ടമല്ലെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.
സണ്ണി ജോസഫിന്റെ പുതിയ നേതൃത്വം പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും ശുഭപ്രതീക്ഷയേറെയാണ് നല്‍കുന്നത്. ഒപ്പം ചുമതലയേല്‍ക്കുന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ്, എ.പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവര്‍ കൂടി ചേരുന്നതോടെ കരുത്തുറ്റ സമഗ്ര നേതൃത്വമായി കോണ്‍ഗ്രസും യുഡിഎഫ് മാറുകയാണ്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും തുടര്‍ന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിക്കുകയെന്ന ദൗത്യം ഏറ്റെടുക്കാനും തെരഞ്ഞെടുപ്പ് നേരിടാനുള്ള തന്ത്രങ്ങളൊരുക്കാനും ഉത്തരവാദിത്വം പാലിക്കാനും ഈ ടീമിനാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.