അനര്‍ട്ട് വഴി നടക്കുന്ന ശതകോടികളുടെ അഴിമതിയെക്കുറിച്ച് പൂര്‍ണതെളിവുകള്‍ കഴിഞ്ഞ നാല് ദിവസമായി ഞാന്‍ പുറത്തു വിട്ടുകൊണ്ടിരിക്കുകയാണ് : രമേശ് ചെന്നിത്തല

Spread the love

കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തലയുടെ വാർത്താസമ്മേളനം രാവിലെ 9 ന് kannoor DCC ഓഫീസിൽ.

അനര്‍ട്ട് വഴി നടക്കുന്ന ശതകോടികളുടെ അഴിമതിയെക്കുറിച്ച് പൂര്‍ണതെളിവുകള്‍ കഴിഞ്ഞ നാല് ദിവസമായി ഞാന്‍ പുറത്തു വിട്ടുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വൈദ്യുത മന്ത്രിയുടെ ഭാഗത്തു നിന്നും മറുപടി വേണ്ടുന്ന ഒമ്പത് തുറന്ന ചോദ്യങ്ങളും ഉന്നയിക്കുകയുണ്ടായി. എന്നാല്‍ ഈ നിമിഷം വരെ ഇക്കാര്യത്തില്‍ ഒരു മറുപടി നല്‍കാന്‍ മന്ത്രി തയ്യാറായിട്ടില്ല. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്കു വിശദീകരണം നല്‍കുമെന്ന പത്രവാര്‍ത്ത കണ്ടു.

ഞാന്‍ ഈ വിഷയം ഉന്നയിച്ചത് പരസ്യമായിട്ടാണ്. ഇത് മുഖ്യമന്ത്രിക്കു വിശദീകരണം കൊടുത്താല്‍ തീരുന്ന വിഷയമല്ല. ഈ വിഷയം പൊതുജനങ്ങളോടാണ് വിശദീകരിക്കേണ്ടത്. അഴിമതി ആരോപണം ഉന്നയിച്ചത് പരസ്യമായാണ്. അതിനു പരസ്യമായി പൊതുജനങ്ങളോട് വിശദീകരണം നല്‍കേണ്ട രാഷ്ട്രീയ മര്യാദ വൈദ്യുതമന്ത്രി പാലിക്കണം.

കഴിഞ്ഞദിവസം ചേർന്ന് ജനതാദൾ സംസ്ഥാന യോഗത്തിൽ പോലും ഈ വിഷയം ചർച്ചയായിട്ടുണ്ട്. മന്ത്രി ഇക്കാര്യത്തിൽ മൗനം വെടിയണം. സ്വന്തം പാർട്ടിക്കാരോടും ജനങ്ങളോടും മറുപടി പറയേണ്ട ഉത്തരവാദിത്വം മന്ത്രിക്ക് ഉണ്ട്. ഇല്ലെങ്കിൽ മന്ത്രിയുടെ കൈകളിൽ അഴിമതി കറ പുരണ്ടു എന്ന് ജനം ഉറപ്പിക്കും.

കഴിഞ്ഞ ദിവസം പത്രങ്ങളില്‍ നിന്നു മനസിലായത് അനര്‍ട്ട് സിഇഒയ്‌ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണം അദ്ദേഹത്തെ കൊണ്ടു തന്നെ അന്വേഷിപ്പിക്കാന്‍ തീരുമാനിച്ചു എന്നാണ്. സത്യത്തില്‍ ഇതെന്താ വെള്ളരിക്കാ പട്ടണമോ.. ജനങ്ങള്‍ വിഡ്ഢികളും പ്രതികരണശേഷി നഷ്ടപ്പെട്ടവരും ആണെന്നാണോ കരുതുന്നത്.

ആരോപണ വിധേയനായ അനര്‍ട്ട് സിഇഒയെ തല്‍സ്ഥാനത്തു നിന്നു മാറ്റി വിഷയം നിയമസഭാ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണം. അനര്‍ട്ടിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടപാടുകള്‍ ഒരു സ്വതന്ത്ര ഏജന്‍സിയുടെ സഹായത്തോടെ ഫോറന്‍സിക് ഓഡിറ്റിങ്ങിന് വിധേയമാക്കണം. ഈ ഓഡിറ്റിങ്ങിലൂടെ അനര്‍ട്ട് വഴി നടത്തിയ എല്ലാ കള്ളക്കളികളും പുറത്തു കൊണ്ടുവരാന്‍ സാധിക്കും. അടിയന്തിരമായി ചെയ്യേണ്ടത് അനര്‍ട്ട് സിഇഒയെ തല്‍സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തുകയെന്നതാണ്.

എന്റെ ആരോപണങ്ങള്‍ പുറത്തു വന്നതിനു ശേഷം അനര്‍ട്ടില്‍ ഇപ്പോള്‍ വന്‍തോതില്‍ ഫയല്‍ നശീകരണം നടക്കുന്നുണ്ട് എന്നാണ് അറിയുന്നത്. അഴിമതിയുടെ തെളിവുകള്‍ എല്ലാം നീക്കം ചെയ്യുകയാണ്. സിഇഒയും കണ്‍സള്‍ട്ടിങ് കമ്പനിയും ചേര്‍ന്നാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.

ഈ മൊത്തം വിഷയത്തില്‍ മന്ത്രിയുടെ ഓഫീസിനാണ് ഏറ്റവും വലിയ പങ്ക്. അനര്‍ട്ടിന്റെ ഫിനാന്‍സ് വകുപ്പിനെ പൂര്‍ണമായും ഇരുട്ടില്‍ നിര്‍ത്തി അനര്‍ട്ട് സിഒയും താല്‍ക്കാലിക ജീവനക്കാരനും EY കണ്‍സള്‍ട്ടിങ് കമ്പനിയും ചേര്‍ന്നാണ് എല്ലാ ടെന്‍ഡറുകളും കൈകാര്യം ചെയ്തിരിക്കുന്നത്. ടെന്‍ഡറുകള്‍ തുറക്കാന്‍ അധികാരമില്ലാത്തവര്‍ തുറക്കുകയും തിരുത്തുകയും ചെയ്തിട്ടുണ്ട്. തിരുത്തി എന്നത് സിഇഒ തന്നെ സമ്മതിച്ചിട്ടുമുണ്ട്. ഇതൊന്നും കേട്ു കേള്‍വിയില്ലാത്ത കാര്യങ്ങളാണ്.

ഫിനാന്‍സ് മാനേജര്‍ മാത്രം തുറക്കണ്ട ടെന്‍ഡര്‍ ബിഡ്ഡുകളാണ് 89 ദിവസത്തേക്കു മാത്രം നിയമിക്കപ്പെടുന്ന താല്‍ക്കാലിക ജീവനക്കാരനായ വിനയ് കൈകാര്യം ചെയ്തിരിക്കുന്നത്. അതിന്റെ തെളിവുകള്‍ ഇവിടെയുണ്ട്. (Document).

ഇതേ താല്‍ക്കാലിക ജീവനക്കാരനെ EY നിയമിച്ചതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് സിഇഒയും മന്ത്രിയുടെ ഓഫീസുമാണ്. സ്വപ്‌ന സുരേഷ് മോഡല്‍ നിയമനമാണ് ഇവിടെ നടന്നിരിക്കുന്നത്. ഇവരെല്ലാം ചേര്‍ന്ന ഒരു നെക്‌സസാണ് ഈ അഴിമതിക്കു പിന്നില്‍. സിഇഒയെ ഇതുവരെ മാറ്റാത്തതിനു കാരണം പങ്കുവെച്ച അഴിമതിപ്പണത്തിന്റെ വിവരം പുറത്തു പോകുമോ എന്ന ഭയം കൊണ്ടാണ്.

240 കോടി രൂപയുടെ ടെണ്ടര്‍ വിളിച്ചില്ല എന്നാണ് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ലേഖിക എന്നോട് പറഞ്ഞത്. അനര്‍ട്ട് സിഇഒ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത് എന്നാണ് മനസിലാകുന്നത്. 240 കോടി രൂപയുടെ ഇ ടെണ്ടര്‍ വിളിച്ച രേഖകള്‍ ഇതിനോടൊപ്പം വെക്കുന്നു. (Document).

ഇനി ഏറ്റവും കാതലായ ആദ്യ ചോദ്യം വീണ്ടും ഉയരുന്നു. വെറും അഞ്ചു കോടി രൂപ വരെയുള്ള ടെണ്ടറുകള്‍ വിളിക്കാന്‍ അധികാരമുള്ള എനര്‍ട്ട് സിഇഒ 240 കോടി രൂപയുടെ ടെണ്ടര്‍ വിളിച്ചത് എങ്ങനെയാണ്. ആരുടെ നിര്‍ദേശപ്രകാരമാണ്. ഇതിനുത്തരം ലഭിച്ചാല്‍ അഴിമതിയിലെ പങ്കാളികള്‍ ആരൊക്കെയാണ് എന്നതിന്റെ വിശദാംശങ്ങള്‍ പുറത്തു വരും.

 

Author

Leave a Reply

Your email address will not be published. Required fields are marked *