സമരസൂര്യന് സ്മരണാഞ്ജലി അര്‍പ്പിച്ച് സമന്വയ കാനഡ

Spread the love

ചരിത്രത്തിലേക്ക് വിടവാങ്ങിയ സമരനായകന്‍, മുന്‍ മുഖ്യമന്ത്രി സഖാവ് വി എസ് അച്യുതാനന്ദന് ആദരാഞ്ജലിയര്‍പ്പിച്ച് കാനഡയിലെ മലയാളികള്‍. സമന്വയ കാനഡ സംഘടിപ്പിച്ച ഓണ്‍ലൈനില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ പുന്നപ്ര-വയലാര്‍ സമരം പശ്ചാത്തലമാക്കിയ നോവല്‍ ഉഷ്ണരാശിയുടെ രചയിതാവായ കെ വി മോഹന്‍കുമാര്‍ ഐഎഎസ്, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും കര്‍ഷകസമരങ്ങളിലെ മുന്‍നിര പോരാളിയുമായ വിജു കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

ഉഷ്ണരാശിയുടെ രചനാവേളയില്‍ പുന്നപ്ര-വയലാര്‍ സമരത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ചപ്പോഴാണ് വി എസിലെ പോരാളിയെ താന്‍ കൂടുതല്‍ അറിഞ്ഞതെന്ന് മോഹന്‍കുമാര്‍ പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയായ വി എസിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഏതു സമയത്തും സമീപിക്കാവുന്ന മുഖ്യമന്ത്രിയായിരുന്നു വി എസ്. ഏതു കാര്യം അവതരിപ്പിച്ചാലും ഇതുകൊണ്ട് ജനങ്ങള്‍ക്ക് എന്തൊക്കെ പ്രയോജനമുണ്ട് എന്നതായിരിക്കും അദ്ദേഹത്തിന്‍റെ ആദ്യചോദ്യം. പിന്നീട് ഉഷ്ണരാശി എഴുതുമ്പോഴാണ് വി എസ് എന്ന ഇനിയും കൂടുതല്‍ അറിയേണ്ട പോരാളിയെ കൂടുതല്‍ മനസ്സിലാക്കുന്നത്. ആ നോവലിന്‍റെ സമര്‍പ്പണവേളയില്‍ വികാരാധീനനായി പ്രസംഗിക്കാന്‍ കഴിയാതെ നിന്നുപോയ വി എസിനെയും മോഹന്‍കുമാര്‍ അനുസ്മരിച്ചു.

എന്തിന് വേണ്ടി പോരാടിയോ അതൊക്കെ അധികാരസ്ഥാനത്ത് എത്തിയപ്പോള്‍ നടപ്പാക്കിയ മഹാനാണ് വി എസെന്ന് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പാക്കിയ കാര്യങ്ങള്‍ ഓരോന്നും എടുത്തുകാട്ടി വിജു കൃഷ്ണന്‍ പറഞ്ഞു. അവസാനമില്ലാത്ത കമ്മ്യൂണിസ്റ്റായി ജനഹൃദയങ്ങളില്‍ വി എസ് എന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ പങ്കെടുത്ത നിരവധിപേര്‍ വി എസിനെക്കുറിച്ചുള്ള അവരുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു. സമന്വയ സെക്രട്ടറി സൂരജ് അത്തിപ്പറ്റ സ്വാഗതം ആശംസിച്ചു. സമന്വയ മുൻ സെക്രട്ടറി
പ്രദീപ്‌ ചേന്നംപള്ളില്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡൻ്റ് അനില്‍ കുമാർ തോട്ടോത്ത് നന്ദിയും പറഞ്ഞു.

വാർത്ത : ജോസഫ് ജോൺ കാൽഗറി

Author

Leave a Reply

Your email address will not be published. Required fields are marked *