സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ കൃത്രിമം നടക്കുകയാണെന്ന് രാജീവ്ഗാന്ധി പഞ്ചായത്തിരാജ് സംഘടനാ ചെയര്‍മാന്‍ എം.മുരളി ആരോപിച്ചു. വാര്‍ഡ് വിഭജനത്തെ തുടര്‍ന്ന് ഇറക്കിയ കരട് വോട്ടര്‍ പട്ടിക തന്നെ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ ശരി വയ്ക്കുന്നതാണ്. അഞ്ഞൂറ് വോട്ടര്‍മാര്‍ക്ക് ഒരു വാര്‍ഡ് നല്‍കിയ അതേ തദ്ദേശ സ്ഥാപനത്തിലെ ചില വാര്‍ഡുകളില്‍ രണ്ടായിരം വോട്ടര്‍മാര്‍ വരെ ഉള്‍പ്പെട്ടിരിക്കുന്നു. ചില വാര്‍ഡുകളില്‍ സെന്‍സസ് ജനസംഖ്യയെക്കാള്‍ വോട്ടര്‍മാര്‍ കൂടുതല്‍ കരട് പട്ടികയില്‍ തന്നെ വന്നിരിക്കുകയാണ്.
ഡീലിമിറ്റേഷന്‍ അപാകതകള്‍ ചൂണ്ടിക്കാട്ടിയിട്ടും ഒന്നുപോലും പരിഹരിക്കാതെ ഡീലിമിറ്റേഷേന്‍ കമ്മീഷന്‍ തുടര്‍ നടപടികളുമായി പോവുകയായിരുന്നു. നിര്‍ദ്ദിഷ്ട കരട് വോട്ടര്‍പട്ടികയില്‍ തന്നെ വലിയ അനീതികളാണുണ്ടായിരിക്കുന്നത്. വോട്ട് ഇരട്ടിപ്പാണ് പല തദ്ദേശ സ്ഥാപനങ്ങളുടെയും പട്ടികയില്‍. വോട്ടുകള്‍ മനഃപൂര്‍വ്വം വെട്ടി മാറ്റിയിട്ടുമുണ്ട്. മുപ്പതുലക്ഷത്തോളം പരാതികള്‍ വന്നിരിക്കുന്നു എന്നത് തന്നെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ ശരി വയ്ക്കുന്നതാണ് എന്ന് മുരളി പറഞ്ഞു.
പേരുകള്‍ ചേര്‍ക്കാനും, നീക്കം ചെയ്യാനും, തിരുത്താനുമുള്ള 30 ലക്ഷത്തോളം അപേക്ഷകളിന്മേല്‍ ശരിയായ പരിശോധനയും, പേഴ്‌സണല്‍ ഹിയറിംഗും ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള ആഗസ്റ്റ് 29-നുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ല. പല തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരും ഈ അവസരം മുതലെടുത്ത് എല്ലാ നടപടി ക്രമങ്ങളും മാറ്റി വച്ച് ഈ അപേക്ഷകളില്‍ രാഷ്ട്രീയ പ്രേരിതമായ തീരുമാനമെടുക്കുവാന്‍ പോവുകയാണ്. അതിനാല്‍ പ്രോപ്പര്‍ ഹിയറിംഗ് ഉള്‍പ്പെടെ ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടികള്‍ ഇനിയെങ്കിലും സ്വീകരിക്കണം.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രദേശമടങ്ങിയ തീരദേശ മേഖലയില്‍ ഉള്‍പ്പെടെ വാര്‍ഡ് വിഭജനത്തിലും കരട് വോട്ടര്‍ പട്ടികയിലുമുണ്ടായിരിക്കുന്ന അപാകതകള്‍ പരിഹരിക്കാന്‍ അതിന് നേതൃത്വം നല്‍കിയ കോര്‍പ്പറേഷന്‍ സെക്രട്ടറിയെ പോലുള്ള നിയമലംഘകരെ ചുമതലപ്പെടുത്തിയാല്‍ പുതിയ അപേക്ഷകളിലും ഈ അനീതികള്‍ ആവര്‍ത്തിക്കപ്പെടും എന്ന് മുരളി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ വാര്‍ഡ് വിഭജനത്തിലും, കരട് വോട്ടര്‍ പട്ടിക തയ്യാറാക്കിയതിലും അനീതി കാണിച്ച സെക്രട്ടറിമാരുടെ ലിസ്റ്റ് തയ്യാറാക്കി ഹൈക്കോടതിക്ക് ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന കേസിന്റെ ഭാഗമായി നല്‍കുമെന്നും മുരളി പറഞ്ഞു.