മയാമിയില്‍ മലയാളി കത്തോലിക്ക വൈദികരുടെ മഹാസംഗമത്തിന്റെ കിക്ക് ഓഫ് – ജോയി കുറ്റിയാനി

Spread the love

മയാമി : ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കന്‍ മലയാളി കത്തോലിക്ക ചരിത്രത്തില്‍ ഇടം നേടുവാന്‍ പോകുന്ന വൈദിക മഹാസംഗമം 2025 നവംബര്‍ 18, 19 തീയതികളില്‍ കേരളത്തിന്റെ മനോഹാരിതയുമായി സാമ്യ മുള്ള സൗത്ത് ഫ്‌ളോറിഡായിലെ ലോകപ്രശസ്തമായ മയാമിയില്‍ വേദി ഒരുങ്ങുന്നു. മയാമി നഗരാതിര്‍ത്തിയില്‍ മലയാളികളുടെ ആത്മീയ അഭിമാനകേന്ദ്രമായി നിലകൊള്ളുന്ന ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫോറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ”മലയാളി പ്രീസ്റ്റ് കോയ്‌നോനിയ” എന്ന പേര് നല്‍കിയിരിക്കുന്ന (‘കോയ്‌നോനിയ’ എന്ന ഗ്രീക്ക് പദം ഒരുമ, കൂട്ടായ്മ, സൗഹൃദം പങ്കിടല്‍) ഈ വൈദിക സമ്മേളനത്തിന് അരങ്ങ് ഒരുങ്ങുന്നത്.

ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ സേവനം ചെയ്യുന്ന സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തുകളിലും, വിവിധ കോണ്‍ഗ്രിഗേഷനുകള്‍, സന്യാസസഭകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ഞൂറിലധികം വരുന്ന മലയാളി കത്തോലിക്ക വൈദികര്‍ക്ക് ഒരുമിച്ചു ചേരാന്‍ സാധിക്കുന്ന ഒരു അപൂര്‍വ്വ വേദിയാണ് ഈ മഹാസമ്മേളനം.

ഇദംപ്രഥമമായി നടക്കുന്ന ഈ ആത്മീയ വൈദിക സമ്മേളനത്തിന്റെ വിജയത്തിനായി മയാമി ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫോറോനാ ദേവാലയത്തിലെ വിശ്വാസിസമൂഹം ഒന്നുചേര്‍ന്ന് ക്രമീകരണങ്ങള്‍ ഒരുക്കിവരുന്നു.
ചിക്കാഗോ രുപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് രക്ഷാധികാരിയും, വികാരി ജനറാള്‍ റവ. ഫാ. ജോണ്‍ മേലേപ്പുറം സഹരക്ഷാധികാരിയും, ഫോറോനാ വികാരി റവ. ഫാ. ജോഷി ഇളംബാശ്ശേരി ചെയര്‍മാനും, ജോഷി ജോസഫ് ജനറല്‍ കണ്‍വീനറുമായി മുപ്പതിലധികം വിവിധ കമ്മിറ്റി ചെയര്‍മാന്മാരും, കൈക്കാരന്മാരും, വിവിധ കമ്മിറ്റി അംഗങ്ങളുമായി ഈ ആത്മീയ നേതാക്കന്മാരുടെ ഒത്തുചേരലിനായി വിവിധ പരിപാടികള്‍ ക്രമീകരിച്ചു
വരുന്നു.

മയാമിയില്‍ നടക്കുന്ന മലയാളി കത്തോലിക്ക വൈദികരുടെ മഹാസംഗമത്തിന്റെ ഭാഗമായി കൃതജ്ഞതാബലിയില്‍ നൂറുകണക്കിന് മലയാളി വൈദികര്‍ പങ്കെടുക്കുന്നു.

ഈ മഹാസംഗമത്തിന് ആധ്യാത്മിക ഭംഗി പകരുന്നത് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയും, അമേരിക്കന്‍ ബിഷപ്പ് കൗണ്‍സില്‍ അംഗങ്ങളുടെയും, മയാമി ആര്‍ച്ച് ബിഷപ്പിന്റെയും, പാംബീച്ച് ബിഷപ്പിന്റെയും സാന്നിധ്യമുണ്ട്.

പൊതുസമ്മേളനത്തിലും കലാപരിപാടികളിലും ഫ്ളോറിഡ സംസ്ഥാന ഭരണാധികാരികളും, സെനറ്റര്‍മാരും, കോണ്‍ഗ്രസ് അംഗങ്ങളും, മേയര്‍മാരും, പ്രാദേശിക നേതാക്കളും പങ്കുചേരും.
സംഗമത്തിന്റെ സൗഹൃദവും സാംസ്‌കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന അത്താഴ വിരുന്ന് ഏവര്‍ക്കും ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും ആഘോഷമായിരിക്കും. കൂടാതെ, പങ്കെടുക്കുന്ന വൈദികര്‍ക്കായി മയാമിയുടെ മനോഹാരിത അനുഭവിക്കുവാന്‍ പ്രത്യേക ബോട്ട് ടൂറും ഒരുക്കിയിരിക്കുന്നു.

സംഗമത്തില്‍ പങ്കെടുക്കുന്ന വൈദികര്‍ക്കായി സൗജന്യ രജിസ്ട്രേഷനും താമസ സൗകര്യവുമാണ് ഒരുക്കിയിരിക്കുന്നത്.

ഈ മഹാസമ്മേളനത്തിനായി വരുന്ന സാമ്പത്തിക ചിലവുകള്‍ സുമനസ്സുകളുടെ സ്‌പോണ്‍സര്‍ഷിപ്പുകളില്‍ നിന്ന് ഏറ്റുവാങ്ങുന്നതിനായുള്ള കിക്ക് ഓഫ് വിജയകരമായി. സംഗമത്തിന്റെ ചെയര്‍മാന്‍ റവ. ഫാ. ജോഷി ഇളംബാശ്ശേരിയും ഫിനാന്‍സ് കമ്മിറ്റിയും കിക്ക് ഓഫിന് നേതൃത്വം നല്‍കി.

അമേരിക്കയിലെ വിവിധ കര്‍മ്മമേഖലകളില്‍ സേവനം ചെയ്യുന്ന മലയാളി വൈദിക സമൂഹത്തെ അമേരിക്കയില്‍ ഒരുമിപ്പിക്കുന്ന ആദ്യവേദി ആയിരിക്കും ഈ മഹാസംഗമം. ആത്മീയ ഐക്യത്തിനും, സഭയുടെ ദൗത്യബോധത്തിനും, പരസ്പര ബന്ധങ്ങളില്‍ ഊഷ്മളത കൊണ്ടു വരുവാനും, ഭാവി തലമുറയ്ക്ക് പ്രചോദനം നല്‍കുന്ന ഒരു ചരിത്രനിമിഷമായി തീരും ഈ മഹാസമ്മേളനമെന്ന് ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ടും, ബിഷപ്പ് എമിരറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്തും ഓര്‍മ്മപ്പെടുത്തി.

Author

Leave a Reply

Your email address will not be published. Required fields are marked *