
സംസ്ഥാനത്തെ വാണിജ്യ-ടൂറിസം- ഗതാഗത മേഖലയ്ക്ക് കുതിപ്പേകാൻ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ആനക്കാംപൊയിൽ സെൻ്റ്മേരിസ് യു.പി സ്കൂൾ ഗ്രൗണ്ടിൽ തുരങ്കപാത നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തുരങ്കപാത നിർമ്മാണം പൂർത്തിയാകുന്നതോടെ കേരളത്തിലെ ഏറ്റവും നീളം കൂടിയ പാതയാവും ആനക്കാംപൊയിൽ – കള്ളാടി-മേപ്പാടി പാത. 8.7 കിലോമീറ്റർ നീളത്തിൽ നാലുവരി തുരങ്ക പാതയാണ് നിർമ്മിക്കുന്നത്. 2134 കോടി ചെലവിൽ നിർമ്മിക്കുന്ന തുരങ്ക പാതയുടെ നിർമ്മാണ ചുമതല കിഫ്ബിക്കാണ്. സംസ്ഥാനത്ത് ഒൻപത് വർഷക്കാലയളവിൽ 90000 കോടിയുടെ വികസന പദ്ധതികളാണ് കിഫ്ബി മുഖേന നടപ്പാക്കിയത്.സർക്കാർ അധികാരത്തിൽ വന്നപ്പോൾ 50000 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ലക്ഷ്യമിട്ടത്. 2024- ൽ 62,000 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കി. പൊതുജനങ്ങളുടെ യാത്ര സൗകര്യം സുഗമമാക്കുന്നതിന് ദേശീയപാത നിർമ്മാണം, മലയോര ഹൈവെ, ദേശീയ ജലപാത നിർമ്മാണങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ദീർഘകാലമായി മുടങ്ങി കിടന്ന വിവിധ വികസന പദ്ധതികൾ സർക്കാർ യാഥാർത്ഥ്യമാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് സംസ്ഥാനത്ത് ബ്രഹത്തായ വികസന പദ്ധതികൾ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.