ക്രൂരമായ പോലീസ് മര്‍ദ്ദനങ്ങളെ മുഖ്യമന്ത്രി ന്യായീകരിക്കുന്നു: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

Spread the love

വര്‍ഗീസ് ചൊവ്വന്നൂരിന് സ്ഥാനക്കയറ്റം പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ്.

യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് സുജിത്തിനെ കസ്റ്റഡയില്‍ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ക്രിമിനല്‍ കേസെടുത്ത് ജയിലിലടക്കുകയും ചെയ്യുക, സുജിത്തിന് ന്യായമായ നഷ്ടപരിഹാരം നല്‍കുക എന്നീ മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പോലീസ് സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സദസില്‍ പ്രതിഷേധം ഇരമ്പി.

ജനകീയ പ്രതിഷേധ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൃര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷന് മുന്നില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.

പോലീസിന്റെ മനുഷ്യത്വ രഹിതവും ക്രൂരവുമായ മര്‍ദ്ദന നടപടികളെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്കെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാരായ പ്രതികള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കുന്നതില്‍ സര്‍ക്കാര്‍ വിമുഖത കാട്ടുന്നു.ഈ വിഷയത്തില്‍ മുഖ്യമന്ത്രി നയം വ്യക്തമാക്കണം.വിഎസ് സുജിത്തിന് പോലീസ് മര്‍ദ്ദനമേറ്റ സംഭവം നിയമസഭയില്‍ ശക്തമായി ഉന്നയിക്കും. സുജിത്തിനെ മര്‍ദ്ദിച്ചവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

നിരപരാധിയായ ചെറുപ്പക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചവര്‍ കാക്കിയിടാന്‍ യോഗ്യരല്ല. സുജിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കേരളം മുഴുവന്‍ കണ്ടിട്ടും കാണാത്ത ഓരേയൊരാള്‍ മുഖ്യമന്ത്രി മാത്രമാണ്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയ നടപടി ഒരു ശിക്ഷയല്ല.സുജിത്തിനെ മൃഗീയമായി മര്‍ദ്ദിച്ച ശേഷം കേസൊതുക്കാനുള്ള പോലീസ് ഉദ്യോഗസ്ഥരുടെ 20 ലക്ഷത്തിന്റെ ഓഫര്‍ അവിടെയിരിക്കട്ടെ. കോടതി വഴി നഷ്ടപരിഹാരം നല്‍കാനത് ഉപകരിക്കുമെന്നും സണ്ണി ജോസഫ് പരിഹസിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഹെല്‍മെറ്റും ചെടിച്ചട്ടിയും കൊണ്ട് മര്‍ദ്ദിച്ചതിനെ മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനമെന്ന് വിശേഷിപ്പിച്ചാണ് പ്രോത്സാഹിപ്പിച്ചത്. കുന്നംകുളത്തെ പോലീസ് നരനായട്ടിനെ മുഖ്യമന്ത്രി എങ്ങനെ കാണുന്നു? സുജിത്തിന്റെ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് ആഭ്യന്തരവകുപ്പിന് ബോധ്യപ്പെട്ടതാണ്. എന്നിട്ടും ഇന്‍ക്രിമെന്റ് റദ്ദാക്കുന്നതും സ്ഥലമാറ്റം നല്‍കുന്നതും ശിക്ഷയായി കണക്കാക്കാന്‍ കഴിയില്ല. അവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതിന് പകരം പ്രതികള്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തേക്ക് സ്ഥലം മാറ്റം നല്‍കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്നും സണ്ണി ജോസഫ് വിമര്‍ശിച്ചു.

നീതിക്കായി വിഎസ് സുജിത്തും ബ്ലോക്ക് വൈസ് പ്രസിഡന്റ് വര്‍ഗീസും നടത്തിയത് സമാനതകളില്ലാത്ത പോരാട്ടമാണ്. സുജിത്തിന് സഹായമായി നില്‍ക്കുകയും ദീര്‍ഘകാലം നിയമപോരാട്ടം നടത്തുകയും ചെയ്ത ബ്ലോക്ക് വൈസ് പ്രസിഡന്റ് വര്‍ഗീസിനെ ഡിസിസി എക്‌സിക്യൂട്ടിവിലേക്ക് സ്ഥാനക്കയറ്റം നല്‍കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രഖ്യാപിച്ചു.

ടിഎന്‍ പ്രതാപന്‍,ടി.സിദ്ധിഖ്, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് തുടങ്ങിയവര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷന് മുന്നിലെ പ്രതിഷേധ സദസ്സില്‍ പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *