‘കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ബാലജ്യോതി ക്ലബ്ബുകൾ രാജ്യത്തിന് മാതൃക’ : മന്ത്രി കെ രാജൻ

Spread the love

ഇസാഫ് ബാലജ്യോതി ക്ലബ്ബിന്റെ സംസ്ഥാനതല ഭാരവാഹികളെ തിരഞ്ഞെടുത്തു

തൃശൂർ: കുട്ടികളിലെ ശാരീരികവും മാനസികവുമായ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും പിന്തുണയും പ്രോത്സാഹനവും നൽകി അവരെ രാജ്യപുരോഗതിക്ക് അനുയോജ്യരായ പൗരന്മാരാക്കാൻ ലക്ഷ്യമിട്ട് ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തുന്ന ബാലജ്യോതി ക്ലബ്ബുകളുടെ പ്രവർത്തനം രാജ്യത്തിനാകെ മാതൃകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. തൃശൂരിൽ ഇസാഫ് ബാലജ്യോതി ക്ലബ്ബിന്റെ സംസ്ഥാനതല അസംബ്ലി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ അവകാശങ്ങളോടൊപ്പം ഉത്തരവാദിത്തങ്ങളും മനസിലാക്കികൊടുക്കുന്ന വേദിയാണ് ബാലജ്യോതി ക്ലബ്ബുകൾ. ബാലജ്യോതി ക്ലബ്ബുകളുടെ പ്രവർത്തനം ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോൾ അധ്യക്ഷത വഹിച്ചു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ് മുഖ്യ സന്ദേശം നൽകി.

ചടങ്ങിൽ ബാലജ്യോതി ക്ലബ്ബിന്റെ സംസ്ഥാനതല ഭാരവാഹികളായി ഹനിയ റഹ്മാൻ (പ്രസിഡന്റ്), ദീക്ഷിത് പ്രവീൺ (വൈസ് പ്രസിഡന്റ്), നന്ദഗോവിന്ദ് (സെക്രട്ടറി), ഗൗരി മനേഷ് (ജോയിന്റ് സെക്രട്ടറി), ആന്റണി ജോൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി, രാജ്യവ്യാപകമായി നടത്തുന്ന പദ്ധതിയാണ് ഇസാഫ് ബാലജ്യോതി ക്ലബ്ബുകൾ. കുട്ടികളിൽ പാഠ്യ- പഠ്യേതര കഴിവുകൾ വളർത്തിയെടുക്കുന്നതിനോടൊപ്പം ജീവിതശേഷിയും ആത്മ വിശ്വാസവും പരിപോഷിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങളും ബാലജ്യോതി ക്ലബ്ബുകളിലൂടെ നടത്തുന്നു. കലാ- കായിക പരിശീലനങ്ങൾ, പഠന യാത്രകൾ, വേനൽക്കാല ക്യാംപുകൾ, കരിയർ ഗൈഡൻസുകൾ, സ്കോളർഷിപ്പുകൾ എന്നിവയാണ് ബാലജ്യോതി ക്ലബ്ബുകളിലൂടെ കുട്ടികൾക്ക് നൽകുന്നത്. അസിസ്റ്റന്റ് കളക്ടർ സ്വാതി റാത്തോഡ് കുട്ടികൾക്ക് മോട്ടിവേഷണൽ ക്ലാസ് നൽകി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുദേവ് കുമാർ, സസ്‌റ്റൈനബിൾ ബാങ്കിങ് ഹെഡ് സന്ധ്യ സുരേഷ്, ഇസാഫ് ഫൗണ്ടേഷൻ അസോസിയേറ്റ് ഡയറക്ടർ ജോൺ ഇഞ്ചക്കലോടി, അസ്സിസ്റ്റന്റ് ഡയറക്ടർമാരായ സജി ഐസക്, വിൻ വിൽസൺ, ബാലജ്യോതി ക്ലബ് സംസ്ഥാന ഭാരവാഹികൾ എന്നിവർ സംസാരിച്ചു. ബാലജ്യോതി ക്ലബ്ബുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനത്തിനായി വേദിക് ഐഎഎസ് അക്കാദമിയുമായി ഇസാഫ് ഫൗണ്ടേഷൻ ധാരണയിലെത്തി. വിവിധ കായിക മത്സരങ്ങളിൽ വിജയികളായവരെ ചടങ്ങിൽ ആദരിച്ചു. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന 791 ബാലജ്യോതി ക്ലബ്ബുകളിൽ ആകെ 23,240 കുട്ടികളാണുള്ളത്.

Ajith V Raveendran

 

Author

Leave a Reply

Your email address will not be published. Required fields are marked *