
തൃശ്ശൂർ: സംരംഭകത്വ രംഗത്തെ വനിതാ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി കേരള വിമൻ ഓൻട്രപ്രണേർസ് കോൺക്ലേവ് 2025 ഇന്ന് (ഒക്ടോബർ 13, തിങ്കളാഴ്ച) തൃശൂരിൽ നടക്കും. കേരള സർക്കാർ വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന ഈ സംഗമം തൃശൂർ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ രാവിലെ 10 മണിക്ക് ആരംഭിക്കും. നിയമ, വ്യവസായ മന്ത്രി ശ്രീ. പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും.
ലോകബാങ്ക് പിന്തുണയോടെയുള്ള ‘റാംപ്’ (RAMP) പദ്ധതിയുടെ ഭാഗമായാണ് കോൺക്ലേവ്. സാങ്കേതികവിദ്യാധിഷ്ഠിത ഉൽപ്പാദന മേഖലയിലേക്ക് കൂടുതൽ വനിതകളെ ആകർഷിക്കുകയാണ് പ്രധാന ലക്ഷ്യം. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 1000-ൽ അധികം വനിതാ സംരംഭകർ അണിനിരക്കും. ഇ-കൊമേഴ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്, AI ടൂളുകൾ എന്നിവയെക്കുറിച്ചുള്ള വിദഗ്ദ്ധ സെമിനാറുകളും, സംരംഭങ്ങൾ തുടങ്ങാൻ ആവശ്യമായ സഹായങ്ങൾ ഒരിടത്ത് ലഭിക്കുന്ന ഏകജാലക സംവിധാനവും കോൺക്ലേവിലുണ്ട്. വിജയകരമായ വനിതാ സംരംഭകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കും.
Ajith V Raveendran