മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന് കടലാസിന്റെ വില: കെസി വേണുഗോപാല്‍ എംപി

Spread the love

തിരു :  കേരളത്തിലെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന് കടലാസിന്റെ വിലപോലുമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ കേരള എന്‍ജിഒ അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

സിപിഎമ്മിലും എല്‍ഡിഎഫിലും മന്ത്രിസഭയിലും ചര്‍ച്ച നടത്താതെയാണ് പിഎം ശ്രീ പദ്ധതിയില്‍ തലയില്‍ മുണ്ടിട്ട് ഒളിച്ചുപോയി ഒപ്പിട്ടത്. പിഎം ശ്രീയിലെ മന്ത്രിസഭാ തീരുമാനം അട്ടിമറിച്ചത് ആര്‍ക്ക് വേണ്ടി. അതിനുള്ള സമര്‍ദ്ദം എവിടെ നിന്നുവന്നു? പത്തുകാശിന് വേണ്ടി മാത്രം വര്‍ഗീയതയോടെ സന്ധിചെയ്‌തെന്ന് വിശ്വാസിക്കാനാവില്ല. ഭാരതാംബ വിഷയത്തില്‍ ഉള്‍പ്പെടെ പ്രതിഷേധിച്ച ഇടതു യുവജന നേതാക്കളെയും ഇപ്പോള്‍ കാണാനില്ല. സിപിഎമ്മിന്റെ അണികള്‍ ആഗ്രഹിക്കാത്ത,കേരളം ഭയക്കുന്ന ഒരു ഡീല്‍ ബിജെപിയുമായി മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്. സംസ്ഥാന താല്‍പര്യങ്ങള്‍ക്കെതിരായ അവിശുദ്ധ കൂട്ടുക്കെട്ടിന്റെ പണിപ്പുരയിലാണ് ഇവര്‍.അതിലൊടുവിലത്തേതാണ് പിഎം ശ്രീ. സര്‍ക്കാര്‍ പിഎം ശ്രീയുടെ ഭാഗമായത് പോലും അറിയതെ മന്ത്രിസഭയില്‍ ഇതിനെ എതിര്‍ത്ത് കൊണ്ടിരുന്ന സിപി ഐയുടെ അവസ്ഥയാണ് ഏറെ പരിഹാസ്യം. മന്ത്രിസഭയ്ക്ക് പരസ്പര ബഹുമാനവും കൂട്ടുത്തരവാദിത്തവും നഷ്ടപ്പെട്ടെന്ന് ഇതിലൂടെ വ്യക്തമെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

കമ്യൂണിസ്റ്റ് ആശയങ്ങള്‍ പോലും പണം വെച്ചു. നിലപാടുകള്‍ക്ക് സ്ഥാനമില്ല. പിണറായി വിജയന്‍ എന്തുതീരുമാനിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്. കൂടിയാലോചനകളും ചര്‍ച്ചകളും ഇന്ന് സിപിഎമ്മിന് അന്യം. സ്വന്തം നേട്ടത്തിനായി വര്‍ഗീയ ഫാസിസ്റ്റുകളുമായി സന്ധിചെയ്താലും ചോദ്യം ചെയ്യാന്‍ സിപിഎമ്മില്‍ ഒരാളുമില്ലെന്ന അവസ്ഥയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ശബരിമലയില്‍ നടന്നത് സ്വര്‍ണ്ണക്കൊള്ള മാത്രമല്ലെന്നും സര്‍ക്കാര്‍ വിശ്വാസത്തെ വിറ്റുകാശാക്കുകയായിരുന്നുവെന്നും കെസി വേണുഗോപാല്‍ വിമര്‍ശിച്ചു. തട്ടിപ്പില്‍ ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞ നിലവിലെ ദേവസ്വം ബോര്‍ഡിന് കാലാവധി നീട്ടിനല്‍കാനാണ് ശ്രമം. അവിശ്വാസികള്‍ ദേവസ്വം നിയന്ത്രിച്ചാല്‍ അവരുടെ ലക്ഷ്യം സമ്പത്ത് കൊള്ളയടിക്കുകയാണ്. അത് തെളിയുക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശബരിമലയില്‍ ഇത്രയൊക്കെ ഉണ്ടായിട്ടും ബിജെപിക്ക് കാര്യമായ ഒരു ഉത്കണ്ഠയുമില്ലാത്തത് സിപിഎം നേതൃത്വവുമായി ഉണ്ടാക്കിയ ഡീലന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാകാന്‍ പോകുന്ന കൂട്ടുമുന്നണിയുടെ ഭാഗമാണിതെല്ലാമെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി സര്‍ക്കാര്‍ ജീവനക്കാര്‍ കണ്ണീര്‍ക്കയത്തിലാണ്. ജീവനക്കാരുടെ ഡിഎ, ലീവ്‌സറണ്ടര്‍,ശമ്പളപരിഷ്‌ക്കരണം തുടങ്ങിയ അവകാശങ്ങള്‍ നിഷേധിച്ച് കുടിശിക വരുത്തി. ചുരുക്കത്തില്‍ ഇതൊരു കുടിശിക സര്‍ക്കാരാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ട് വാരിയിട്ടാണ് സര്‍ക്കാര്‍ മേള,കോണ്‍ക്ലേവ് മാമാങ്കം സംഘടിപ്പിക്കുന്നത്. തൊഴിലാളി വിരുദ്ധ സര്‍ക്കാരാണിത്. മുതലാളി പക്ഷ നിലപാടാണ് സര്‍ക്കാരിന്. ഇടതു ജീവനക്കാരുടെ കുടുംബത്തിന്റെ വോട്ട് പോലും കിട്ടാത്തവിധം ജീവനക്കാരെ പിണറായി സര്‍ക്കാര്‍ ദ്രോഹിച്ചിട്ടുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *