വാഷിംഗ്ടണ്‍ ഡി.സി.: അഫ്ഗാനിസ്ഥാന് ഭരണം പൂര്‍ണ്ണമായും താലിബാന്റെ നിയന്ത്രണത്തിലാകുകയും, പ്രസിഡന്റഅ അഫ്ഗാനിസ്ഥാനില്‍ നിന്നും പാലായനം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ കാബൂളില്‍ യു.എസ്. എംബസ്സിയുടെ മുകളില്‍ ഉയര്‍ത്തിയിരുന്ന പതാക അവിടെ നിന്നും മാറ്റി.
കാബൂള്‍# ഡിപ്ലോമാറ്റിക് കോംബൗണ്ടില്‍ നിന്നും എംബസ്സി ജീവനക്കാരെ സുരക്ഷിതമായി മാറ്റുന്നതിന് 1000 പട്ടാളക്കാരെ കൂടെ ബൈഡന് ഭരണകൂടം കാബൂളിലേക്കയച്ചു.
അഫ്ഗാന് ഗവണ്മെന്റ് ഒഫീഷ്യല്‍സ് രാജ്യം വിടുന്നതിന് കാബൂള്‍ എയര്‍പോര്‍ട്ടില്‍ എത്തിയതോടെ, അവിടെ നിന്നും വെടിയുടെ ശബ്ദം കേട്ടതായി സി.എന്‍.എന്‍. ഉള്‍പ്പെടെയുള്ള നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യു.എസ്. എംബസ്സി ഉദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്ന പ്രധാന ഫയലുകള്‍ നശിപ്പിക്കുകയും, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കുകയും ചെയ്തു. താലിബാന്റെ കൈവശം യു.എസ്. രഹസ്യങ്ങള്‍ ലഭിക്കാതെയിരിക്കുന്നതിനാണ് ഇപ്രകാരം ചെയ്യുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. കാബൂളിലുള്ള പ്രസിഡന്റ് പാലസ്സില്‍ അഫ്ഗാന് അധികൃതര്‍ താലിബാന് അധികാരം കൈമാറുന്ന രംഗങ്ങള്‍ അള്‍ജസീറ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ലൈവായി റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച രാത്രിയോടെ യു.എസ്. എംബസ്സിയിലെ നാലായിരം ജീവനക്കാരില്‍ 500 പേരെ കാബൂള്‍ എയര്‍പോര്‍ട്ടില്‍ നിന്നും നാട്ടിലേക്ക് അയച്ചു. ശേഷിക്കുന്നവരെ 72 മണിക്കൂറില്‍ തിരിച്ചുകൊണ്ടുവരുമെന്ന് അമേരിക്കന്‍ അധികൃതര്‍ അറിയിച്ചു. യു.എസ്. എംബസ്സിക്കു സമീപത്തു നിന്നും ഉയരുന്ന പുകപടലങ്ങള്‍ രേഖകള്‍ കത്തിക്കുന്നതിന്റേതാണെന്ന് അധികൃതര്‍ പറഞ്ഞു.