കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കോവിഡ് മഹാമാരിക്കിടയിലും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഇടതുസര്‍ക്കാര്‍, ചരിത്രത്തോടു കാട്ടുന്ന കൊടുംവഞ്ചനയാണെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.
അധികാരവികേന്ദ്രീകരണത്തില്‍ ഇടതുപക്ഷത്തിന് അഭിമാനിക്കാന്‍ ഒരു ചുക്കുമില്ല. രാജീവ് ഗാന്ധി കൊണ്ടുവന്ന അധികാരവികേന്ദ്രീകരണത്തെ ബിജെപിയോടൊപ്പം ചേര്‍ന്ന് അട്ടിമറിച്ച ചരിത്രം പേറുന്നവരാണവര്‍. തദ്ദേശസ്ഥാപനങ്ങളെയും ഗ്രാമങ്ങളെയും ശാക്തീകരിക്കുന്നതില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസും കേരളത്തില്‍ യുഡിഎഫും നല്കിയ സംഭാവനകള്‍ ഇടതുപക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ അജഗജാന്തരമുണ്ട്.
ഗാന്ധിജിയും പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്രുവുമാണ് ഇന്ത്യന്‍ ഗ്രാമങ്ങളെ ശാക്തീകരിക്കുന്നതിനു തുടക്കമിട്ടത്. ഒരു മൂന്നാംതല സര്‍ക്കാര്‍ എന്ന ലക്ഷ്യം വെച്ചുകൊണ്ട് പ്രധാനമന്ത്രി രാജീവ്ഗാന്ധി 1989ല്‍ കൊണ്ടുവന്ന 64-ാം ഭരണഘടനാ ഭേദഗതി ബില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് പരാജയപ്പെടുത്തി. 1993 ല്‍ പ്രധാനമന്ത്രി നരസിംഹറാവു ഗവര്‍മെന്റ് 73, 74 ഭരണഘടനാ ഭേദഗതികള്‍ പാസ്സാക്കിയതിലൂടെ പഞ്ചായത്തീരാജ് നഗരപാലികാ സ്ഥാപനങ്ങള്‍ യാഥാര്‍ത്ഥ്യമായി. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ ത്രിതല ഭരണസംവിധാനം നിലവില്‍ വന്നു. ഗ്രാമസഭകള്‍ക്ക് അംഗീകാരം ലഭിച്ചു. വനിതകള്‍ക്കും പിന്നാക്ക പട്ടികജാതി വിഭാഗങ്ങള്‍ക്കും സംവരണത്തോടെ അധികാരത്തില്‍ പങ്കാളിത്തം ലഭിച്ചു. അധികാരം മെല്ലെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. പ്രാദേശീയ ഭരണകൂടങ്ങളുടെ നൂതനചരിത്രം ഇതോടെ ആരംഭിച്ചു.
1994 ഏപ്രില്‍ 24-ാം തീയതിയാണ് രാവും പകലും നിയമസഭ ചേര്‍ന്നാണ് കേരളത്തില്‍ അനുബന്ധ നിയമം പാസ്സാക്കിയത്. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. 1995ല്‍ മുഖ്യമന്ത്രി എ.കെ. ആന്റണി ആദ്യമായി ഉദ്യോഗസ്ഥ പുനര്‍വിന്യാസം നടത്തിയതിനോടൊപ്പം കൂടുതല്‍ അധികാരങ്ങളും ഫണ്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുകയും ചെയ്തു.
തുടര്‍ന്ന് വന്ന ഇടതുപക്ഷ ഗവര്‍മെന്റ് യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച അധികാരവികേന്ദ്രീകരണത്തെ അട്ടിമറിക്കാന്‍ 1996 ല്‍ ജനകീയാസൂത്രണ പ്രസ്ഥാനമാരംഭിച്ചു. കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടപ്പാക്കിയ പഞ്ചായത്ത് രാജില്‍ നിന്നും അധികാരവികേന്ദ്രീകരണത്തില്‍ നിന്നും പലതും കടമെടുത്താണ് ജനകീയാസൂത്രണത്തിന്റെ വരവ്. ജനപങ്കാളിത്തത്തോടെ പദ്ധതികള്‍ നടത്താനുള്ള രൂപരേഖയില്‍ പാര്‍ട്ടി ആധിപത്യം സ്ഥാപിക്കാനുള്ള പഴുതുകള്‍ കൂടി സൃഷ്ടിച്ചു. വര്‍ക്കിങ്ങ് ഗ്രൂപ്പുകള്‍, സാങ്കേതിക ഉപദേശക സമിതികള്‍ എന്നിവയിലെല്ലാം സ്വന്തം പാര്‍ട്ടി അണികളെ കുത്തിനിറച്ചു. ഇതിനെതിരെ സ്വന്തം മുന്നണിയിലെ സി.പി.ഐ. പോലുള്ള സംഘടനകള്‍ പൊട്ടിത്തെറിച്ചു. ധൂര്‍ത്തിന്റെയും പാഴ്‌ചെലവിന്റെയും പര്യായമായി ജനകീയാസൂത്രണം മാറി.
തുടര്‍ന്നു വന്ന യു.ഡി.എഫ് ഗവണ്മെന്റ് കേരള വികസന പദ്ധതി കൊണ്ടുവന്ന് 24 ശതമാനം പദ്ധതി വിഹിതം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി. അയല്‍സഭകളുടെ രൂപീകരണവും വാര്‍ഡ് വികസന സമിതികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനവും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി.
പിണറായി സര്‍ക്കാര്‍ നാല് മിഷനുകള്‍ സ്ഥാപിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുത്തു. ലൈഫ് മിഷന്‍ നടത്തിയ അഴിമതി നാട്ടിലാകെ ചര്‍ച്ചയായല്ലോ. സംസ്ഥാന പ്ലാന്‍ വിഹിതം 17 ശതമാനത്തില്‍ താഴെയായി. ജനകീയാസൂത്രണ സമയത്ത് 30-35 ശതമാനത്തിനിടയില്‍ ഫണ്ടു തരുമെന്നു പറഞ്ഞവരാണിതു ചെയ്തത് എന്നോര്‍ക്കണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇപ്പോള്‍ വീര്‍പ്പുമുട്ടുകയാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.