കെപസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ എറണാകുളത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം (30.10.25.
ക്ഷേമ പെന്‍ഷന്‍ 2500 രൂപയെന്നത് മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണം.
എല്ലാ തലങ്ങളിലും ജനങ്ങളുടെ മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിച്ച സര്‍ക്കാരിന്റെ വെറും പൊടികൈ മാത്രമാണ് മുഖ്യമന്ത്രിയുടെ പുതിയപ്രഖ്യാപനങ്ങളെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.

തിരഞ്ഞെടുപ്പ് കുതന്ത്രത്തിന്റെ ഭാഗമാണിത്. ജനങ്ങളോട് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ സര്‍ക്കാരിന്റ ആദ്യകാലങ്ങളില്‍ നടപ്പാക്കണം. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ പോലും കഴിഞ്ഞ നാലര വര്‍ഷം ഈ സര്‍ക്കാര്‍ ശ്രമിച്ചില്ല. വാഗ്ദാന ലംഘനം നടത്തി ജനങ്ങളെ വഞ്ചിക്കുകയും അവഹേളിക്കുകയും അവഗണിക്കുകയും ചെയ്ത സര്‍ക്കാരാണിത്. ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കുമെന്നാണ് പറഞ്ഞിരുന്നത്.തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയിട്ട് പോലും അതുണ്ടായില്ല.ക്ഷേമ പെന്‍ഷന്‍ 2500 രൂപയെന്നതും റബറിന്റെ താങ്ങുവില 250രൂപയെന്നതും മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്നും സണ്ണി ജോസഫ് ചോദിച്ചു.

റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന വാഗ്ദാനവും നടപ്പായില്ല. നവകേരളസദസിനിടെ ഈ ആവശ്യം ഉന്നയിച്ച കോട്ടയം എംപിയായിരുന്ന തോമസ് ചാഴികാടനോട് മുഖ്യമന്ത്രി മുഖം തിരിച്ചു. ആശാ പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ല. ആയിരം രൂപയുടെ വര്‍ധനവ് മാത്രമാണ് വരുത്തിയത്. പിഎസ് സി അംഗങ്ങള്‍ക്കും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും ലക്ഷങ്ങളുടെ ശമ്പള വര്‍ധനവ് വരുത്തിയ സര്‍ക്കാരാണ് സാധാരണ ജനങ്ങളോട് ഇത്തരം ഒരു സമീപനം സ്വീകരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഉള്‍പ്പെടെയുള്ളവരുടെ കുടിശിക നല്‍കാന്‍ തയ്യാറാകണം. വാഗ്ദാന ലംഘനങ്ങളുടെ പരമ്പരയാണ് ഈ സര്‍ക്കാരിന്റേതെന്നും സണ്ണി ജോസഫ് പറഞ്ഞു.
ജനങ്ങളുടെ ജീവിത ഭാരം വര്‍ധിപ്പിച്ചു. ഭൂനികുതി,കെട്ടിട നികുതി, പെര്‍മിറ്റ്, വൈദ്യുതി ചാര്‍ജുകള്‍,വെള്ളക്കരം, ബസ്സ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചു. ഇന്ധന നികുതിയില്‍ സെസ് ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച അമിത നികുതി ഭാരം കൊണ്ടുള്ള ജനങ്ങളുടെ പ്രശ്‌നം സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം ഉന്നയിച്ചിട്ടും അതിന് പരിഹാരം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുടെ ഫലമായാണ് അവശ്യസാധനങ്ങള്‍ക്ക് വില വര്‍ധനവ് ഉണ്ടായതെന്നും സണ്ണി ജോസഫ് പറഞ്ഞു.