ലേബർ കോഡുകളെ കുറിച്ച് പഠിക്കാനും കേരളത്തിലെ തൊഴിലാളികൾക്ക് ലേബർ കോഡ് മൂലമുള്ള പ്രത്യാഘാതങ്ങൾ മനസ്സിലാക്കാനും അതിന് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുവാനും വേണ്ടി മൂന്ന് നിയമ വിദഗ്ധർ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാൻ ദേശീയ തൊഴിൽ കോൺക്ലേവ് തീരുമാനിച്ചതായി തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പത്ര സമ്മേളനത്തിൽ അറിയിച്ചു. ജസ്റ്റിസ് ഗോപാല ഗൗഡ, പ്രൊഫസർ ശ്യാം സുന്ദർ, വർക്കിച്ചൻ പേട്ട എന്നിവർ ആയിരിക്കും കമ്മിറ്റി അംഗങ്ങൾ. രണ്ട് ഗവേഷക വിദ്യാർഥികൾ കൂടി കമ്മിറ്റിയുടെ ഭാഗമായിരിക്കും. കമ്മിറ്റി ഒരു മാസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നാല് ലേബർ കോഡുകൾക്കെതിരായ തൊഴിലാളി വർഗ്ഗത്തിൻറെയും കേരളത്തിൻറെയും ശക്തമായ നിലപാട് പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന തൊഴിൽ വകുപ്പ് സംഘടിപ്പിച്ച ലേബർ കോൺക്ലേവ് സമാപിച്ചു. തൊഴിലാളികളുടെ മൗലികാവകാശങ്ങളെ കവർന്നെടുക്കുന്ന നിയമങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരും. ഇതു സംബന്ധിച്ച പ്രമേയം ഏകകണ്ഠമായി കോൺക്ലേവ് പാസ്സാക്കി.പ്രധാന തീരുമാനങ്ങളും നിലപാടുകളും:29 പ്രധാന തൊഴിൽ നിയമങ്ങളെ ക്രോഡീകരിച്ച് കേന്ദ്രം കൊണ്ടുവന്ന നാല് ലേബർ കോഡുകൾ തൊഴിലാളി താൽപര്യമല്ല, മറിച്ച് കോർപ്പറേറ്റുകളുടെ താൽപര്യമാണ് സംരക്ഷിക്കുന്നത്. ഇത് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കൺവെൻഷനുകൾക്ക് വിരുദ്ധമാണ്.2015 ന് ശേഷം ഇന്ത്യൻ ലേബർ കോൺഫറൻസ് വിളിച്ചുചേർക്കാതെയും ട്രേഡ് യൂണിയനുകളുമായി മതിയായ ചർച്ച നടത്താതെയുമാണ് ഈ നിയമങ്ങൾ അടിച്ചേൽപ്പിച്ചത്.
രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും ലേബർ കോഡുകൾക്ക് അനുകൂലമായി നിയമഭേദഗതി വരുത്തിയപ്പോൾ, തൊഴിലാളി വിരുദ്ധമായ ഒരു ഭേദഗതിയും വരുത്തില്ലെന്ന ഉറച്ച നിലപാടിലാണ് കേരളം. തൊഴിൽ എന്നത് ഭരണഘടനയുടെ കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമായതിനാൽ, സംസ്ഥാനത്തെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഭരണഘടനാപരമായ അധികാരം ഉപയോഗിക്കും.ജോലി സമയം എട്ട് മണിക്കൂർ എന്നത് 12 മണിക്കൂർ വരെ ദീർഘിപ്പിക്കാൻ അനുമതി നൽകുന്നത് തൊഴിൽ ചൂഷണത്തിന് വഴിതുറക്കും. ഫിക്‌സഡ് ടേം എംപ്ലോയ്‌മെൻറ് വഴി ജോലി സ്ഥിരത എന്ന സങ്കൽപം തന്നെ ഇല്ലാതാക്കുന്നു. പണിമുടക്കാനുള്ള അവകാശത്തെയും സംഘടിക്കാനുള്ള അവകാശത്തെയും പുതിയ നിയമങ്ങൾ ദുർബലപ്പെടുത്തുന്നു.ഗിഗ് തൊഴിലാളികൾ ഉൾപ്പെടെയുള്ള അസംഘടിത മേഖലയിലെ ഭൂരിഭാഗം പേർക്കും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ പുതിയ കോഡുകൾ പരാജയമാണ്. ലേബർ കോൺക്ലേവിൻറെ തീരുമാനപ്രകാരം, കേന്ദ്ര ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധത ചൂണ്ടിക്കാട്ടി കേന്ദ്ര ട്രേഡ് യൂണിയൻ പ്രതിനിധികളോടൊപ്പം സംസ്ഥാന തൊഴിൽ മന്ത്രി കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിയെ നേരിട്ട് കാണും.തൊഴിലാളികളുടെ ആവശ്യങ്ങൾ ദേശീയ തലത്തിൽ ഉന്നയിക്കാനും സമ്മർദ്ദം ചെലുത്താനും കേരള സർക്കാർ നേതൃത്വം നൽകും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ കേരളം ഇന്ത്യയ്ക്ക് ഒരു മാതൃകയായി തുടരും. ഐ.ടി, ഗിഗ് ഇക്കോണമി, കുടിയേറ്റ തൊഴിലാളികൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷ സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
രണ്ടാമത് സെഷന്റെ വിഷയം കേരളത്തിന്റെ തൊഴിൽ നയപരിപാടികളുടെ പശ്ചാത്തലത്തിൽ തൊഴിൽ കോഡുകളുടെ പ്രത്യാഘാതങ്ങളെ നേരിടുന്നതിനുള്ള ബദൽ തന്ത്രങ്ങൾ എന്നതായിരുന്നു. മുൻ രാജ്യസഭാംഗം എളമരം കരീം സെഷന്റെ അദ്ധ്യക്ഷത വഹിച്ചു. എക്സ്. എൽ.ആർ.ഐ. മുൻ പ്രൊഫ. ശ്യാം സുന്ദർ മുഖ്യപ്രഭാഷണം നടത്തി. നിയമ സെക്രട്ടറി കെ. ജി. സനൽകുമാർ, ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ, എ.ഐ.റ്റി.യു.സി. ദേശീയ ജനറൽ സെക്രട്ടറി അമർജീത് കൗർ, എൽ.പി.എഫ്. ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി വി. വേലുസ്വാമി, സേവ ദേശീയ വൈസ് പ്രസിഡന്റ് സോണിയ ജോർജ്ജ്, എ.ഐ.സി.സി.റ്റി.യു. ദേശീയ വൈസ് പ്രസിഡന്റ് ക്ലിഫ്റ്റൻ ഡി റൊസാരിയോ, തൊഴിൽ നിയമ വിദഗ്ദ്ധൻ വർക്കിച്ചൻ പേട്ട തുടങ്ങിവർ പങ്കെടുത്തു. തുടർന്ന് പൊതുചർച്ചയും ക്രോഡീകരണവും നടന്നു. ചടങ്ങിൽ കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ് നന്ദി പ്രകാശിപ്പിച്ചു.