
നിരപരാധികളെ വേട്ടയാടുന്ന കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ മോദിസര്‍ക്കാരിനോട് മത്സരിക്കുകയാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് എം എം ഹസൻ . സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണന് പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് സുബ്രഹ്മണ്യത്തെ വീട് വളഞ്ഞാണ് പോലീസ് ഭീകരനെ പിടികൂടുന്നതുപോലെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ നീണ്ട ചോദ്യം ചെയ്യലിനും വിധേയനായി.
മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയില്‍നിന്നെടുത്ത ചിത്രങ്ങളാണ് സുബ്രഹ്മണ്യം ഉപയോഗിച്ചത്. എന്നാല്‍ കേസെടുത്തിരിക്കുന്നത് കലപാഹാഹ്വനാത്തിനും. ഒരു ചിത്രം പങ്കുവച്ചാല്‍ അതെങ്ങനെ കലാപത്തിലേക്കു നയിക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം. സുബ്രഹ്മണ്യത്തിനെതിരേയുള്ള സര്‍ക്കാര്‍ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ഇതേചിത്രം ഉപയോഗിച്ച ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരേ ചെറുവിരലനക്കാന്‍ പിണറായിയുടെ പോലീസിന് ധൈര്യമില്ല. ബിജെപിയെ തൊട്ടാല്‍ വിവരമറിയുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. സിപിഎം നല്കുന്ന പരിലാളനയിലും സംരക്ഷണത്തിലുമാണ് ബിജെപി കേരളത്തില്‍ പിടിച്ചുനില്‍ക്കുന്നത്. ഇരുവരും തമ്മിലുള്ള ഇടപാടുകള്‍ക്ക് നീണ്ട ചരിത്രമുണ്ടെന്നും ഹസന് ചൂണ്ടിക്കാട്ടി.