കുടുംബാധിഷ്ഠിത സംരക്ഷണം 500 കുട്ടികള്‍ക്ക് 2 വര്‍ഷത്തിനകം സാധ്യമാക്കി: മന്ത്രി വീണാ ജോര്‍ജ്

Spread the love

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടുംബാധിഷ്ഠിത പരിചരണം ഉറപ്പാക്കിയ സംസ്ഥാനം

   

തിരുവനന്തപുരം: കുടുംബാധിഷ്ഠിത സംരക്ഷണം 500 കുട്ടികള്‍ക്ക് 2 വര്‍ഷത്തിനകം സംസ്ഥാന വനിത ശിശു വികസന വകുപ്പ് സാധ്യമാക്കിയതായി ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടുംബാധിഷ്ഠിത പരിചരണം ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. ബാലസുരക്ഷിത കേരളം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. മികച്ച പ്രവര്‍ത്തനം നടത്തിയതിന് സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ കാവല്‍ കാവല്‍ പ്ലസ് പദ്ധതിയെ സുപ്രീംകോടതി പ്രത്യേകം അഭിനന്ദിച്ചു. ഓരോ കുഞ്ഞും സമൂഹത്തിന്റെ സമ്പത്താണ്. അവര്‍ നല്ല നിലയില്‍ വളര്‍ന്നു വരിക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ എവിടെയായാലും സുരക്ഷിതമായിരിക്കണമെന്നും മന്ത്രി പറഞ്ഞു. വര്‍ണ്ണച്ചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഉജ്ജ്വലബാല്യം പുരസ്‌കാരവും മന്ത്രി വിതരണം ചെയ്തു.

ഓരോ കുഞ്ഞും വ്യത്യസ്ഥമാണ്. അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കണം. ഒരു കുഞ്ഞിനെ മറ്റൊരു കുഞ്ഞുമായും താരതമ്യം ചെയ്യാന്‍ പാടില്ല. മുതിര്‍ന്നവരുടെ ഇഷ്ടം അനുസരിച്ചല്ല കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടത്. അവരുടെ താല്‍പര്യങ്ങളും കഴിവുകളും തിരിച്ചറിഞ്ഞ് അവര്‍ക്ക് വേണ്ട അന്തരീക്ഷമൊരുക്കുകയാണ് വേണ്ടത്. ഒന്നും പ്രതിസന്ധിയല്ല ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ അത് നേടാവുന്നതാണ്.

 

ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ ഈ വര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് പുറമേ നിര്‍ഭയ പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോമുകളിലെയും, മോഡല്‍ ഹോമിലെയും, മെന്റല്‍ ഹെല്‍ത്ത് ഹോമിലെയും കുട്ടികളേയും, ഉള്‍പ്പെടുത്തി 22 മത്സരയിനങ്ങളിലായി ആയിരത്തോളം പേരാണ് ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. കുട്ടികള്‍ സ്റ്റേറ്റ് തലത്തില്‍ കടന്ന് വരിക എന്നത് വലിയ കാര്യമാണ്. പ്രതിസന്ധികള്‍ക്ക് മുമ്പില്‍ തളര്‍ന്ന് പോകരുത്.

2017 ലാണ് വനിത ശിശു വികസന വകുപ്പ് രൂപീകരിച്ചത്. 2021-22 ല്‍ പൂര്‍ണമായും സ്വതന്ത്രമായ വകുപ്പായി. കുട്ടികളുടെയും സ്ത്രീകളുടെയും വികസനത്തിന് വനിത ശിശു വികസന വകുപ്പ് വിവിധങ്ങളായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. രാജ്യത്തെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിലാണ്. ശിശുമരണ നിരക്ക് അഞ്ചില്‍ എത്തിക്കാന്‍ കേരളത്തിന് കഴിഞ്ഞു. അമേരിക്കയെക്കാളും കുറഞ്ഞ ശിശുമരണ നിരക്കാണിത്.

നിര്‍ഭയ സെല്ലിന്റെ ഭാഗമായി കുട്ടികള്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്കായി ഉയരേ പദ്ധതി ആരംഭിച്ചു. അഭിമാനത്തോടെ കാണുന്ന ഒരു പദ്ധതിയാണ് ഇതെന്നും മന്ത്രി പറഞ്ഞു.

വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡയറക്ടര്‍ ഹരിത വി കുമാര്‍, ചലച്ചിത്ര താരം മീനാക്ഷി അനൂപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദര്‍ശിനി, അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്, സി ഡബ്ല്യുസി ചെയര്‍മാന്‍ ഡോ. മോഹന്‍ രാജ്, മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം കെ സി നായര്‍, ഗവ. വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഉമാ ജ്യോതി പി എന്നിവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *