അശാസ്ത്രീയമായ വാര്‍ഡ് വിഭജനം, അനീതിപരമായ വോട്ടര്‍പട്ടിക തുടങ്ങിയ വെല്ലുവിളികളെ അതിജീവിച്ചാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മിന്നുന്ന വിജയം നേടിയതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
ലക്ഷ്യ ലീഡര്‍ഷിപ്പ് കെപിസിസി ദ്വിദിന ക്യാമ്പില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
എഐസിസിയുടെ പൂര്‍ണ പിന്തുണയോടെ നല്ല മുന്നൊരുക്കം നടത്തിയാണ് യുഡിഎഫ് ജയിച്ചത്. വെറും 150 വോട്ടിനാണ് കോഴിക്കോട് കോര്‍പറേഷന്‍ നഷ്ടപ്പെട്ടത്. 2020ല്‍ എല്‍ഡിഎഫ് 200 തദ്ദേശസ്ഥാപനങ്ങള്‍ കൂടുതല്‍ നേടിയെങ്കില്‍ ഇത്തവണ അതു യുഡിഎഫിനു ലഭിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ വിജയത്തുടര്‍ച്ച നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകും. അതിനുള്ള തയാറെടുപ്പാണ് നടന്നുവരുന്നത്.
രാഷ്ട്രീയലക്ഷ്യത്തോടെയാണ് പിണറായി സര്‍ക്കാര്‍ പഞ്ചായത്ത് രാജ് ഭേദഗതി കൊണ്ടുവന്നത്. നിയമസഭയില്‍ ചര്‍ച്ചയില്ലാതെ ബില്‍ പാസാക്കി. തുടര്‍ന്ന് വാര്‍ഡുകളെ വികൃതമായി വിഭജിച്ചു. പേരാവൂര്‍ നിയമസഭാമണ്ഡലത്തിലെ ആറളം പഞ്ചായത്തില്‍ കോട്ടപ്പാറ വാര്‍ഡില്‍ 250 പേര്‍ മാത്രമുള്ളപ്പോള്‍ തൊട്ടടുത്ത ചതിരൂര്‍ വാര്‍ഡില്‍ 1968 വോട്ടര്‍മാരുണ്ടായിരുന്നു. എല്ലാ മാനദണ്ഡങ്ങളെയും കാറ്റില്‍പ്പറത്തി നടത്തിയ വാര്‍ഡ് വിഭജനത്തിനെതിരേ കോടതിയില്‍ പരാതികള്‍ പ്രവഹിച്ചെങ്കിലും ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനത്തില്‍ അപ്പീല്‍ ഇല്ലാത്തതിനാല്‍ അവ കോടതിയില്‍നിലനിന്നില്ലെന്നു സണ്ണി ജോസഫ് പറഞ്ഞു.
വയനാട് ഡിസിസി പ്രസിഡന്റ് ടി.ജെ ഐസക് സ്വാഗതം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അഗംങ്ങളായ രമേശ് ചെന്നിത്തല എംഎല്‍എ,ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, മുന്‍ മുന്‍ കെപിസിസി പ്രസിഡന്ററുമാരായ എംഎം ഹസന്‍, കെ.മുരളീധരന്‍,യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍ എംഎല്‍എ, പിസി വിഷ്ണുനാഥ് എംഎല്‍എ ,ഷാഫി പറമ്പില്‍ എംപി തുടങ്ങിയവര്‍ സംസാരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കെപിസിസിയുടെ നേതൃത്വത്തില്‍ ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റ് ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കുന്നത്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരായ തിരഞ്ഞെടുപ്പ് പ്രചരണത്തിന് യോഗം രൂപം നല്‍കും.ദേശീയ,സംസ്ഥാനതലത്തിലെ സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ച നടത്തുന്നതോടൊപ്പം സംഘടനാ വിഷയങ്ങളും യോഗം വിശദമായി ചര്‍ച്ച ചെയ്യും. ജനുവരി 5ന് വൈകുന്നേരം 3ന് നടക്കുന്ന സമാപന സമ്മേളനത്തോടെ ക്യാമ്പ് അവസാനിക്കും.