ഒഹായോയിൽ ദന്തഡോക്ടറെയും ഭാര്യയെയും വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ മുൻഭർത്താവ് പിടിയിലായി

Spread the love

ചിക്കാഗോ:ഒഹായോയിൽ ദന്തഡോക്ടറെയും ഭാര്യയെയും വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ മുൻഭർത്താവ് പിടിയിലായി. ചിക്കാഗോ സ്വദേശിയായ മൈക്കൽ ഡേവിഡ് മക്കീ ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഡിസംബർ 30-നാണ് ഒഹായോയിലെ വെയ്ൻലാൻഡ് പാർക്കിലുള്ള വീടിനുള്ളിൽ ദന്തഡോക്ടറായ സ്പെൻസർ ടെപെ (37), ഭാര്യ മോണിക് ടെപെ (39) എന്നിവരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട മോണിക്കിന്റെ മുൻഭർത്താവാണ് പ്രതിയായ മൈക്കൽ. ക്രൂരമായ ഈ കൊലപാതകം നടക്കുമ്പോൾ ദമ്പതികളുടെ അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളും വീടിനുള്ളിൽ ഉണ്ടായിരുന്നു. ഭാഗ്യവശാൽ കുട്ടികൾക്ക് പരിക്കുകളൊന്നും ഏറ്റില്ല.

സംഭവം നടന്ന ദിവസം സ്പെൻസർ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും സംശയാസ്പദമായ രീതിയിൽ അവിടെ കണ്ട ഒരു വാഹനവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ഇല്ലിനോയിസിലെ വിന്നെബാഗോ കൗണ്ടിയിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതിയെ ഉടൻ തന്നെ ഒഹായോയിലെ അധികൃതർക്ക് കൈമാറും.

ജനുവരി 30-ന് ഇവരുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കാനിരിക്കെയാണ് ഈ ദാരുണമായ അന്ത്യം സംഭവിച്ചത്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

 

Author

Leave a Reply

Your email address will not be published. Required fields are marked *