സ്മരണകൾ പൂത്തുലയുന്ന മറ്റൊരു മാതൃദിനം : പി.പിചെറിയാൻ

Spread the love
Picture
ആരോഗ്യദ്രഡഗാത്രനായ മുപ്പതു വയസ്സ് പ്രായമുള്ള  തന്റെ ഏക മകൻ .ഇന്റെൻസീവ് കെയർ യൂണിറ്റിൽ മരണവുമായി മല്ലിടുകയാണ് .വെന്റിലേറ്റർ ഉണ്ടെങ്കിലും  ശ്വസിക്കുവാൻ പാടുപെടുന്ന മകനെ മാതാവ് .വേദനിക്കുന്ന ഹ്രദയത്തോടെ ഐ സി  യു ഡോറിലുള്ള ചെറിയ  ഗ്ലാസ്സിനുള്ളിലൂടെ നോക്കികൊണ്ടിരുന്നു.പെട്ടെന്നു കിടന്നിരുന്ന ബെഡിൽ നിന്നും ശരീരം അല്പം മുകളിലേക്കു ഉയർന്നു പിന്നീട് സാവകാശം നിശ്ചലമാകുകയും ചെയ്തു .പൊന്നുപോലെ മുപ്പതു വയസ്സുവരെ വളർത്തിയ അസുഖം എന്തെന്നുപോലും അറിയാത്ത ആരോഗ്യ ദൃഡഗാത്രനായ മകന്റെ ജീവൻ കോവിഡ് മഹാമാരി കവർന്നെടുക്കുന്നതു കണ്ടുനിൽകാനാകാതെ എഴുപതു വയസ്സുള്ള മാതാവ് വാവിട്ടു നിലവിളിച്ചു.സമീപത്തു നിന്നിരുന്നവർ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ആ രോദനം നിയന്ത്രിക്കാനായില്ല. ഭാര്യയും മക്കളും അല്പം അകലെ മാറി നിന്ന് വിങ്ങി കരയുന്നു .ഉദാത്തമായ മാതൃസ്നേഹത്തെ വർണിക്കാൻ ഇതിലും വലിയ സംഭവം ചൂണ്ടികാണിക്കാനാകുമോ ?
ലേബർ റൂമിൽ ഭാര്യയുടെ പ്രസവത്തിനു ദ്രക്‌സാക്ഷിയാകേണ്ടി വന്ന ഭർത്താവ് ആ സംഭവത്തെ കുറിച്ചു പിന്നീട് പറഞ്ഞതു ഇപ്രകാരമായിരുന്നു .പ്രസവവേദനകൊണ്ട് ടേബിളിൽ കിടന്ന നിലവിളിക്കുകയാണ് ഭാര്യ.ഉദരത്തിൽ ഒൻപതു മാസത്തിലധികം ചുമന്ന കുഞ്ഞിനെ ഡോക്ടർ സർവ ശക്തിയും സമാഹരിച്ചു സൂക്ഷ്മതയോടെ പുറത്തെടുക്കുവാൻ ശ്രമികുന്നു .പിറന്നുവീണ പൊന്നോമനയുടെ മുഖം ഒരുനോക്കു കണ്ടതേയുള്ളൂ അതുവരെ അനുഭവിച്ച തീവ്ര വേദന ഒരു നിമിഷം അപ്രത്യക്ഷമായി.  ഭാര്യയുടെ മുഖത്തു ദ്രശ്യമായ പ്രകാശവും സന്തോഷവും വര്ണിക്കുവാൻ വാക്കുകളില്ലെന്നാണ് അദ്ദേഹം പറഞ്ഞത് .
ഒരിക്കൽ ഒരു യുവാവും  യുവതിയും പ്രേമ ബദ്ധരായി .വിവാഹത്തിനുള്ള അപേക്ഷ യുവാവ് മുന്നോട്ട് വെച്ചു. യുവതി ഒഴിഞ്ഞു മാറുവാൻ ശ്രമിച്ചുവെങ്കിലും യുവാവിന്റെ ശല്യ്ം സഹിക്കവയാതായപ്പോൾ യുവതി അസ്സാധ്യമെന്നു വിശ്വസിച്ച ഒരു നിബന്ധന മുന്നോട്ടു വെച്ചു .യുവാവിന്റെ അമ്മയുടെ ഹ്രദയം കൈകുമ്പിളിലെടുത്തു എന്റെ മുൻപിൽ കൊണ്ടുവന്നു തരണം എന്നാൽ വിവാഹത്തിന് സമ്മതിക്കാം എന്നതായിരുന്നുവത് .കാമുകിയെ സ്വന്തമാകുന്നതിനു ഏതറ്റം വരെ പോകാൻ തയാറായി മകൻ ഓടി വീട്ടിലെത്തി .വാടി തളർന്ന നിരാശ പ്രതിഫലിക്കുന്ന മുഖവുമായി വീട്ടിലെത്തിയ  മകനെ എന്താണ് കാരണം എന്ന് തിരക്കി ആശ്വസിപ്പിക്കാൻ ‘അമ്മ ശ്രമിച്ചു ..കാമുകിയെ അന്ധമായി സ്നേഹിച്ച മകന് അമ്മയുടെ സ്നേഹത്തിൻറെ ആഴം മനസിലാക്കാൻ കഴിഞ്ഞില്ല . അമ്മയെ അതിക്രൂരമായി വധിച്ചു ഹ്രദയം മുറിച്ചെടുത്തു കൈകുമ്പിളിലാക്കി കാമുകിയുടെ സമീപത്തേക്കു അതിവേഗം ഓടി .കാറ്റു പാതയിലൂടെയുള്ള  ഓട്ടത്തിനിടയിൽ പെട്ടെന്ന് കാൽതെറ്റി നിലത്തു വീണു ..കാട്ടുചെടികൾ നിറഞ്ഞു നിൽക്കുന്ന സ്ഥലമായിരുന്നതിനാൽ .കൈയിലുണ്ടായിരുന്ന ഹ്രദയം  തെറിച്ചു പോയതെവിടെയെന്നു കണ്ടെത്താനായില്ല .
കാൽ മുട്ടിൽ നിന്നും രക്തം വാർന്നൊഴുകുകയാണ് .വേദനകൊണ്ടു എഴുനേൽക്കാൻ വയ്യ.,ഹ്രദയം എവിടെയാണെന്ന് കണ്ടുപിടിക്കണം .പെട്ടെന്ന് എവിടെനിന്നോ അശ്ശരീരി പോലെയൊരു ശബ്ദം.”എന്തെങ്കിലും പറ്റിയോ മോനെ ,ഇനിയും സൂക്ഷിച്ചു നടക്കണം” ഞാൻ ഇവിടെയുണ്ട് .ശബ്ദം കേട്ട സ്ഥലത്തേക്കു നോക്കിയപ്പോൾ അതാ കിടക്കുന്നു അമ്മയുടെ തുടിക്കുന്ന ഹ്രദയം.മരണത്തിലും മകനെക്കുറിച്ചുള്ള മാതാവിന്റെ കരുതലും സ്നേഹവും.. ഇത്രയും എഴുതിയത് നൊന്തു പ്രസവിച്ച മക്കളോടു മാതാവിനുള്ള അതിരറ്റ സ്നേഹത്തിന്റെ അപ്രമേയത്വം എത്രമാത്രമാണെന്നു ചൂണ്ടി കാണിക്കുന്നതിനാണ്.
വര്ഷം തോറും  ആഘോഷിച്ചു വരുന്ന മാതൃദിനം മെയ് 9 ഞായറാഴ്ച കോവിഡ് എന്ന മഹാമാരിക്കിടയിലും  അമേരിക്കയിൽ നാം ആഘോഷിക്കുകയാണ്.അമ്മയാകാൻ ഭാഗ്യമുണ്ടായില്ലെങ്കിലും അമ്മയാകാൻ മനസു തുടിച്ച ,അമ്മ എന്ന വികാരത്തെ പൂർണമായും ഉൾക്കൊള്ളുവാൻ കഴിഞ്ഞ , അമ്മമാർ അനുഭവിക്കുന്ന ത്യാഗങ്ങൾ എന്നും സ്മരിക്കപ്പെടണമെന്നു നിർബന്ധമുണ്ടായിരുന്ന അമേരിക്കയിലെ അന്നാ ജാർവിസിൽ നിന്നാണ് ‘അമ്മ ദിനാഘോഷങ്ങൾക്കു തുടക്കം കുറിച്ചത് .1908 ൽ വെർജീനിയ ഫിലാഡൽഫിയ സംസ്ഥാനങ്ങളിൽ ആദ്യമായി അമ്മമാർക്‌ സമ്മാനങ്ങൾ കൈമാറിയും സദ്യയൊരുക്കിയും മാതൃദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിക്കുന്ന ചടങ്ങു ആരംഭിച്ചു .ജാർവിസിന്റ മരണശേഷം അവരെ ആദരിക്കണമെന്ന മുറവിളി  ഉയർന്നതോടെ 1914 ൽ അമേരിക്കൻ പ്രസിഡന്റായിരുന്ന വൂഡ്രോ വിൽസൻ അമ്മദിനം ഔദ്യോഗീക നിയമമായി അംഗീകരിക്കുന്ന ഉത്തരവിൽ ഒപ്പുവെച്ചു.വിവിധ രാജ്യങ്ങളിൽ വിവിധ തിയ്യതികളിൽ ഇന്നും  മാതൃ ദിനം ആഘോഷിച്ചുവരുന്നു
.മാതൃ ദിനം ജന്മം നൽകിയ മാതാവിനേയും മാതൃത്വത്തെയും ആദരിക്കുവാൻ ലഭിക്കുന്ന അസുലഭ സന്ദർഭമാണ്. മാതാവിനോടുള്ള നമ്മുടെ നന്ദിയും സ്നേഹവും  കടപ്പാടും ഒരൊറ്റ ദിനം കൊണ്ട് അവസാനിപ്പിക്കുവാനുള്ളതല്ല  അവസാന ശ്വാസം വരെ അമ്മ എന്ന നാമം നമ്മുടെ മനസുകളിൽ സ്ഥായിയായി നിൽക്കേണ്ട ഒന്നാണ്.നമ്മളെ നാം ഇന്ന് ആയിരിക്കുന്ന അവസ്ഥയിലേക്ക് കൊണ്ടുവരുന്നതിന് സഹിച്ച സഹനവും ,ത്യാഗവും,അതിരുകളില്ലാതെ പകര്ന്നുതന്ന സ്നേഹവും വിസ്സ്മരിക്കാവുന്നതല്ല.
തിരക്കുപിടിച്ച ജീവിത ചര്യകൾക്കിടയിൽ  വ്രദ്ധ സദനങ്ങളിലേക്കു മാറ്റപ്പെടുന്ന,ആശുപത്രി വരാന്തയിൽ അഭയം പ്രാപിക്കേണ്ടിവരുന്ന ,തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന അമ്മമാരുടെ എണ്ണം വര്ഷം തോറും വർധിച്ചുവരുന്നു .  നൊന്തു പ്രസവിച്ച അമ്മമാരുടെ മനസ്സിന്റെ അടിത്തട്ടിൽ  നിന്നും ഉയരുന്ന ദീന രോദനത്തിനും ,കണ്ണിൽ നിന്നും പൊടിയുന്ന ഓരോ തുള്ളി കണ്ണുനീരിനും  നാം വലിയ വില കൊടുക്കേണ്ടി വരുമെന്ന് വിസ്മരിക്കരുത്.

കഴിഞ്ഞ വർഷങ്ങളിൽ  എത്ര തിരക്കുണ്ടായിരുന്നാലും എവിടെയായിരുന്നാലും ഈ പ്രത്യേക ദിനത്തിൽ മക്കൾ ഓടിയെത്തി അമ്മമാർക്ക് പൂക്കളും സമ്മാനങ്ങളും ചുംബനവും നൽകുക എന്ന പതിവ് പോലും ആവർത്തിക്കുവാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇന്നു നാം എത്തി നില്കുന്നത് . ഭീകരമായ കോവിഡ് എന്ന മഹാമാരിയുടെ വ്യാപനം  ഒരു പരിധി വരെ നമ്മെ തടസപ്പെടുത്തിയിരിക്കുന്നു . നമുക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന ആയുസ്സിൽ ആഘോഷിക്കപ്പെടേണ്ട ,ആചരിക്കപ്പെടേണ്ട  ദിനങ്ങൾ നിരവധിയാണ് .എന്നാൽ അമ്മയെന്ന സത്യത്തെ ആദരരിക്കുവാൻ സ്നേഹം പകരാൻ ഒരു പൂർണ ആ യുസ്സു പോലും മതിയാകില്ല നിനക്ക് ദീർഘായുസ്സ് ലഭിക്കുന്നതിനും ജീവിതത്തിൽ നന്മയുണ്ടാകുന്നതിനും നിന്റെ അമ്മയെയും അപ്പനെയും ബഹുമാനിക്ക എന്ന ആപ്ത വാക്യ്ം ഇത്തരുണത്തിൽ ചിന്തനീയമാണ്  .ഭാവിയെക്കുറിച്ചു അനിശ്ചിതത്വം നിലനിൽക്കുമ്പോൾ തന്നെ പ്രത്യാശയുടെ കിരണങ്ങൾ ദർശിക്കുവാൻ നമുക്ക് കഴിയണം .അമ്മദിനത്തിന്റെ സ്നേഹം ഉൾകൊള്ളുന്നതിനും , ആവാത്സല്യത്തെ അനശ്വരമാകുന്നതിനും ഈ വർഷത്തെ മാതൃ ദിനം ഇടയാകട്ടെ എന്ന് ആശംസിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *