ഇടുക്കി : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഡൊമിസിലറി കൊവിഡ് കെയര്‍ സെന്റര്‍ (ഡിസിസി) പ്രവര്‍ത്തനം ആരംഭിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് യു.പി സ്‌കൂളിലാണ് കേന്ദ്രം ആരംഭിച്ചത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്ത, പ്രത്യക്ഷ രോഗലക്ഷണമില്ലാത്ത രോഗികള്‍ക്ക് വേണ്ടിയാണ് ഡൊമിസിലറി കെയര്‍ സെന്റര്‍ തുടങ്ങിയിട്ടുള്ളത്. നിലവില്‍ 50 കിടക്കകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൊവിഡ് ബാധിതരായ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. രോഗികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രത്യേക നിരീക്ഷണത്തിനൊപ്പം ഭക്ഷണ വിതരണത്തിനായി കാന്റീന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെന്ററില്‍ 24 മണിക്കൂറും ആരോഗ്യപ്രവര്‍ത്തകരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സേവനം ലഭ്യമാകും. അവശ്യഘട്ടങ്ങളില്‍ ആംബുലന്‍സ്, പോലീസ് സേവനവും ലഭ്യമാണ്.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍ ഡൊമിസിലറി കൊവിഡ് കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജോ നടക്കല്‍, പഞ്ചായത്തഅംഗങ്ങളായ ബിന്ദു സഹദേവന്‍, ഡി.ജയകുമാര്‍, എംഎസ് മഹേശ്വരന്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ വി.കെ പ്രശാന്ത്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രവീണ്‍ തുടങ്ങിയവരും പങ്കെടുത്തു.