തിരുവനന്തപുരം : കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും വാര്‍ഡ്തല സമിതികള്‍ ശക്തിപ്പെടുത്താന്‍ പഞ്ചായത്ത് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.
ഗ്രാമപഞ്ചായത്തുകളില്‍ നിര്‍ദ്ദേശിച്ചതനുസരിച്ചുള്ള വാര്‍ഡ്തല സമിതികള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഉറപ്പുവരുത്തണം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലുള്ള ജില്ലകളിലെ പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തി തുടര്‍ നടപടി സ്വീകരിക്കുന്നതിന് ജില്ലയിലെ പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസറെ ഉള്‍പ്പെടുത്തി ടീം രൂപീകരിക്കും. വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികള്‍, ഓരോ പഞ്ചായത്തുകളിലെയും പോസിറ്റീവ് കേസുകളുടെ എണ്ണം, രോഗപ്രതിരോധ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടി എന്നിവ സംബന്ധിച്ച ജില്ലാതല റിപ്പോര്‍ട്ട് 10ന് ഉച്ചയ്ക്ക് 12 മണിക്കകം ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തീവ്രരോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധന നടത്താനും ടെസ്റ്റിംഗ് കേന്ദ്രങ്ങളില്‍ ആളുകളെ എത്തിക്കുന്നതിന് വാഹന സൗകര്യം ഒരുക്കുന്നതിനും പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും.
ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് പഞ്ചായത്തുകള്‍ നടപടി സ്വീകരിക്കും. പ്രത്യേക പരിഗണന ആവശ്യമുള്ള ജനവിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കി സഹായം എത്തിക്കും. പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്ന പഞ്ചായത്ത് സെക്രട്ടറിമാരുടെ പേരു വിവരം റിപ്പോര്‍ട്ടായി നല്‍കാനും നിര്‍ദ്ദേശമുണ്ട്. ജില്ലകളില്‍ ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിന് ആനുപാതികമായി റിസര്‍വ് നോഡല്‍ ഓഫീസര്‍മാരുടെ പട്ടിക തയ്യാറാക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ചുമതല നല്‍കിയിട്ടുള്ള നോഡല്‍ ഓഫീസര്‍മാരില്‍ ചുമതല ഏറ്റെടുത്തിട്ടില്ലാത്തവരുടെ വിവരങ്ങള്‍ ലഭ്യമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.