ചിക്കാഗോ: തങ്ങളില്‍ അര്‍പ്പിതമായിരുന്ന ദൗത്യം സഫലീകരിച്ച് നാട്ടിലേക്ക് മടങ്ങുന്ന വൈദീകര്‍ക്ക് എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ചിക്കാഗോ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. റവ, ഷിബി വര്‍ഗീസ്, റവ. സുനീത് മാത്യു, റവ. ക്രിസ്റ്റഫര്‍ ഡാനിയേല്‍ എന്നീ അച്ചന്മാരാണ് മൂന്നു വര്‍ഷത്തെ തങ്ങളുടെ സേവനങ്ങള്‍ ഇടവകയ്ക്ക് നല്‍കി, ദൈവം തങ്ങളില്‍ അര്‍പ്പിച്ച കര്‍ത്തവ്യം കൃത്യതയോടെ നിര്‍വഹിച്ച സാഫല്യത്തോടെ പുതിയ ദൗത്യങ്ങളേറ്റെടുക്കാന്‍ നാട്ടിലേക്ക് മടങ്ങിയത്.
എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഹാം ജോസഫ് അച്ചന്‍ ഈ വൈദീകര്‍ കൗണ്‍സിലിന് നല്‍കിയ വിവിധ സേവനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയും, ഏറ്റെടുത്ത പുതിയ ദൗത്യങ്ങള്‍ക്ക് ദൈവത്തിന്റെ കൃപാകടാക്ഷങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ബഹു. ബാനു സാമുവേല്‍, രാജു ഡാനിയേല്‍, ലോറന്‍സ് ജോണ്‍ എന്നീ കൗണ്‍സില്‍ അംഗങ്ങളും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഏലിയാമ്മ പുന്നൂസ്, ആഗ്‌നസ് തെങ്ങുംമൂട്ടില്‍, മാമ്മന്‍ കുരുവിള എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ എക്കാലവും തങ്ങളുടെ ഹൃദയത്തില്‍ നല്ല ഓര്‍മ്മകളായി സൂക്ഷിക്കുമെന്നും, കൗണ്‍സിലിന്റെ വിവിധ പ്രവര്‍ത്തനങ്ങളായ ഭവന നിര്‍മാണം, കുട്ടികള്‍ക്കായുള്ള യൂത്ത് ഫെസ്റ്റിവല്‍, കണ്‍വന്‍ഷന്‍, ക്രിസ്മസ് പരിപാടികള്‍ എന്നിവയെല്ലാം എക്കാലത്തും തങ്ങളില്‍ ആത്മീയ ഉണര്‍വ്വും ഊര്‍ജ്ജവും പകരുന്നവയായിരുന്നെന്നും മറുപടി പ്രസംഗത്തില്‍ ബഹു. വൈദീകര്‍ പറഞ്ഞു. കൗണ്‍സില്‍ സെക്രട്ടറി ആന്റോ കവലയ്ക്കല്‍ നന്ദി രേഖപ്പെടുത്തി.