ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Spread the love

post

കൊല്ലം: കാലവര്‍ഷക്കെടുതി മൂലം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ചുവടെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ക്യാമ്പും പരിസരവും വൃത്തിയായി സൂക്ഷിക്കണം, ഇരട്ട മാസ്‌ക് ഉപയോഗിക്കണം, ആദ്യം സര്‍ജിക്കല്‍ മാസ്‌കും അതിനുമുകളില്‍ തുണി മാസ്‌കും ധരിക്കാം. എന്‍ 95 ആണെങ്കില്‍ ഒരെണ്ണം മതി. മാസ്‌ക്ക് ശരിയായി ധരിക്കണം, സംസാരിക്കുമ്പോള്‍ താഴ്ത്താന്‍ പാടില്ല. നനഞ്ഞ മാസ്‌കുകള്‍ ഉപയോഗിക്കരുത്, ആറു മണിക്കൂര്‍ കഴിയുമ്പോള്‍ മാസ്‌ക് മാറ്റണം. തുണി മാസ്‌ക്കുകള്‍ വൃത്തിയായി കഴുകി ഉപയോഗിക്കണം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന മാസ്‌ക്കുകള്‍ ഉപയോഗശേഷം വലിച്ചെറിയാതെ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് സുരക്ഷിതമായ നിക്ഷേപിക്കണം.

സാമൂഹിക അകലം പാലിക്കണം, കൂട്ടം കൂടുവാന്‍ പാടില്ല. അലക്ഷ്യമായി തുമ്മുകയോ മൂക്ക് ചീറ്റുകയോ ചെയ്യരുത്. കൈകള്‍ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ശുചിയാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണസാധനങ്ങള്‍ അടച്ച് സൂക്ഷിക്കണം. ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും ചുറ്റുപാടുകളിലേക്ക് വലിച്ചെറിയാതെ നിര്‍ദ്ദേശിച്ചിടത്ത് മാത്രം നിക്ഷേപിക്കുക. ആഹാരത്തിനു മുമ്പും ശേഷവും കൈകള്‍ ശുചിയാകണം.

തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങിയവര്‍ എലിപ്പനി പ്രതിരോധമരുന്നായ ഡോക്സിസൈക്ലിന്‍ കഴിക്കണം. കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണം. പനി, ജലദോഷം തൊണ്ടവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണം.

Author

Leave a Reply

Your email address will not be published. Required fields are marked *