വാഷിങ്ടണ്‍ : അമേരിക്കന്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ മാസ്ക് വയ്ക്കുന്നത് തുടരണമെന്ന് യുഎസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി). എല്ലാ വിദ്യാര്‍ഥികള്‍ക്കും വാക്സിനേഷന്‍ നല്‍കാത്തതിന്‍റെ പശ്ചാത്തലത്തിലാണിത്.
എല്ലാ സ്കൂളുകളിലും മാസ്ക് ധരിക്കേണ്ടത് നിര്‍ബന്ധമാണെന്നും സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്നും സിഡിസി വ്യക്തമാക്കി. അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ ആറടി ദൂരം പാലിക്കണം. സ്‌കൂള്‍ ബസുകളിലും എല്ലാവരും മാസ്‌കുകള്‍ എല്ലായ്‌പോഴും ധരിക്കണമെന്നും സിഡിസി പറഞ്ഞു.
പൂര്‍ണമായും വാക്സിനേഷന്‍ ലഭിച്ചവര്‍ മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്നും പുറത്തിറങ്ങുമ്ബോഴും വീടിനുള്ളിലും മാസ്ക് ധരിക്കുന്നത് ഒഴിവാക്കാമെന്നും സിഡിസി വ്യാഴാഴ്ച വിശദീകരിച്ചിരുന്നു. ആളുകള്‍ക്ക് പൂര്‍ണമായി വാക്‌സിനേഷന്‍ നല്‍കിയാല്‍ കൂടുതല്‍ നിയന്ത്രണങ്ങളൊന്നുമില്ലാതെ ഏവര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാം. പൂര്‍ണമായും വാക്സിനേഷന്‍ ലഭിച്ച ആളുകള്‍ക്ക് മാസ്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്നും സിഡിസി വ്യക്തമാക്കി