കൊച്ചി: അമ്പലമുഗള്‍ സര്‍ക്കാര്‍ താത്കാലിക കോവിഡ് ആശുപത്രിയില്‍ ആസ്റ്റര്‍ മെഡ്സിറ്റിയുടെ നേതൃത്വത്തില്‍ 100 ഓക്‌സിജന്‍ കിടക്കകളുള്ള ഫീല്‍ഡ് ആശുപത്രി സജ്ജമായി. ആദ്യഘട്ടത്തില്‍ ജിയോജിത്തിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ആസ്റ്റര്‍ ജിയോജിത്ത് കോവിഡ് ഫീല്‍ഡ് ആശുപത്രിയില്‍ മെയ് 19 മുതല്‍ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങും. ഫീല്‍ഡ് ആശുപത്രിയുടെ ഉദ്ഘാടനം ഹൈബി ഈഡന്‍ എംപി നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ജിയോജിത്ത് ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി സി.ജെ. ജോര്‍ജ്, ആസ്റ്റര്‍ മെഡ്സിറ്റി സിഒഒ അമ്പിളി വിജയരാഘവന്‍, ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ പ്രതിനിധി ലത്തീഫ് കാസിം തുടങ്ങിയവര്‍ പങ്കെടുത്തു.
മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ഒരുക്കുന്നതും ആശുപത്രി പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും നിയമനവും പരിശീലനവും നടത്തുന്നതും ആസ്റ്റര്‍ മെഡ്സിറ്റിയാണ്.
ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിലാണ് ബിപിസിഎല്ലില്‍ അമ്പലമുഗള്‍ സര്‍ക്കാര്‍ താത്കാലിക കോവിഡ് ആശുപത്രി സജ്ജമാക്കുന്നത്. ആകെ 1500 ഓക്‌സിജന്‍ ബെഡുകളാണ് ഇവിടെ സജ്ജമാകുക. ബിപിസിഎല്ലിലെ ഓക്‌സിജന്‍ പ്ലാന്റില്‍ നിന്ന് നേരിട്ട് ഓക്‌സിജന്‍ ലഭ്യമാക്കിയാണ് കോവിഡ് ചികിത്സാ കേന്ദ്രം ആരംഭിക്കുന്നത്.