കനറാ ബാങ്കിലെ 8.13 കോടി രൂപയുടെ തട്ടിപ്പ്: പ്രതി പിടിയില്‍

Spread the love

കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയില്‍ 8.13 കോടി രൂപയുടെ തട്ടിപ്പുനടത്തിയ പ്രതി വിജീഷ് വര്‍ഗീസ് (36)പിടിയില്‍. ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിയുടെ നിര്‍ദേശാനുസരണം മൂഴിയാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സൈബര്‍സെല്ലിന്റെ സഹായത്തോടെ ബംഗളുരുവില്‍നിന്നാണ് ഇയാളെ ഞായറാഴ്ച്ച കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ(തിങ്കള്‍) പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം    ചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഈ വര്‍ഷം ഫെബ്രുവരി 14 ന് പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. 2002 മുതല്‍ 2017 ജൂലൈ വരെ ഇന്ത്യന്‍ നേവിയില്‍ പെറ്റി ഓഫീസറായി ജോലി ചെയ്ത വിജീഷ് വര്‍ഗീസ്, റിട്ടയര്‍ ചെയ്തശേഷം 2017 സെപ്റ്റംബര്‍ 11ന് കൊച്ചി സിന്‍ഡിക്കേറ്റ് ബാങ്കില്‍ പ്രൊബേഷനറി ക്ലാര്‍ക്ക് ആയി ജോലിക്ക് കയറി. തുടര്‍ന്ന് പല ബ്രാഞ്ചുകളില്‍ ജോലിനോക്കിയ ശേഷം പത്തനംതിട്ട ശാഖയില്‍ ചേരുകയായിരുന്നു. 2019 ഏപ്രില്‍ 1 ന് സിന്ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കില്‍ ലയിച്ചു.
പത്തനംതിട്ട ശാഖയില്‍ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ കൈകാര്യം ചെയ്തിരുന്നത് ഇയാളായിരുന്നു. കാലാവധിയുള്ള ഇത്തരം ഡെപ്പോസിറ്റുകള്‍ കണ്ടെത്തി, തന്റെ ഐഡി ഉപയോഗിച്ച് പ്രോസസ്സ് ചെയ്തുവച്ച ശേഷം, സീനിയര്‍ ഉദ്യോഗസ്ഥന്‍ സീറ്റില്‍ നിന്നും മാറുന്ന സമയത്ത് ഓതറൈസ് ചെയ്ത് പണം മാറ്റിയാണ് ഇതുവരെ തട്ടിപ്പ് നടത്തിവന്നത്. ഇത് ബാങ്കിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പല ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ മിടുക്കനായ പ്രതി, ക്ലോസ് ചെയ്ത ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ ആരെങ്കിലും അന്വേഷിച്ചുവരുമ്പോള്‍ സീനിയര്‍ ഉദ്യോഗസ്ഥരെ അറിയിക്കാതെ സ്വയം അവരുടെ അക്കൗണ്ടിലേക്ക് പാര്‍ക്കിങ് അക്കൗണ്ടില്‍നിന്നും പുതുതായി ഫിക്‌സഡ് അക്കൗണ്ട് തുടങ്ങി പണം ട്രാന്‍സ്ഫര്‍ ചെയ്ത് കസ്റ്റമറുടെ പ്രശ്‌നം പരിഹരിക്കും. ഇതിനായി പല അക്കൗണ്ടുകളും ക്ലോസ് ചെയ്ത് പാര്‍ക്കിങ് അക്കൗണ്ടില്‍ സൂക്ഷിച്ചുപോന്നു. കൂടാതെ, അവകാശികളില്ലാതിരുന്നതും മറ്റുമായ പല സേവിങ്‌സ് അക്കൗണ്ടുകളും ഇയാള്‍ ക്ലോസ് ചെയ്ത് പണം കൈക്കലാക്കിയതായും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. വാഹനാപകട ക്ലെയിം ഇനത്തില്‍ ബാങ്കിലെത്തിയ പണവും പ്രതി, തന്റെയും ഭാര്യയുടെയും ഭാര്യാപിതാവിന്റെയും മറ്റും അക്കൗണ്ടുകളിലേക്കും വിദഗ്ധമായി ട്രാന്‍സ്ഫര്‍ ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞു.
ഫെബ്രുവരി 11 ന് കനറാ ബാങ്കിലെ തന്നെ ഒരു സ്റ്റാഫ്, തന്റെ ഭാര്യയുടെ ഫിക്‌സഡ് ഡെപ്പോസിറ് അക്കൗണ്ട് ക്ലോസ് ചെയ്തതായി കണ്ടെത്തിയതില്‍ നിന്നുമാണ് കേസിന്റെ തുടക്കം. ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍, കുറ്റം സമ്മതിച്ച ഇയാള്‍ പണം തിരികെ അടച്ച് പ്രശ്‌നം പരിഹരിക്കാമെന്നു സമ്മതിച്ചു ബാങ്കില്‍ നിന്നും പോയശേഷം മുങ്ങുകയായിരുന്നു. അന്നുരാത്രി 7 മുതല്‍ ഇയാളുടെയും ഭാര്യയുടേയും ഫോണുകള്‍ ഓഫ് ആയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ എറണാകുളത്ത് ഉണ്ടെന്നറിയുകയും കലൂരിലെ ഒരു ഫ്‌ളാറ്റിന്റെ കോമ്പൗണ്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇയാളും കുടുംബവും സഞ്ചരിച്ച കാര്‍ പോലീസ് കണ്ടെത്തുകയുമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ബംഗളുരുവില്‍ ഉണ്ടെന്നറിയുകയും അന്വേഷണ സംഘം അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പത്തനംതിട്ട പോലീസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതിനെതുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ കുറ്റകൃത്യത്തില്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നറിയാനാവൂ. അതിനായി ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്ത് അന്വേഷണം നടത്തും.
പത്തനംതിട്ട ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബിജീഷ് ലാല്‍, മൂഴിയര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍, ഇലവുംതിട്ട ഇന്‍സ്പെക്ടര്‍ രാജേഷ്, എസ്.ഐ സായി സേനന്‍, ഡാന്‍സാഫ് സംഘത്തിലെ സുജിത്, ശ്രീരാജ്, അനുരാഗ്, പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ എസ്.ഐ സഞ്ജു ജോസഫ്, എഎസ്‌ഐ സവിരാജന്‍, ശ്രീകുമാര്‍, സുനില്‍, അവിനാഷ്, അഖില്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസിന്റെ അന്വേഷണം നടത്തിവരുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *