സ്വയം കേന്ദ്രീകൃത തീരുമാനം ദൈവഹിതമാക്കി മാറ്റുന്ന മനോഭാവം അപകടകരം: റവ. അജു അബ്രഹാം

Spread the love
ഹൂസ്റ്റണ്‍ : ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നാം സ്വയം സ്വീകരിക്കുന്ന തീരുമാനങ്ങള്‍ ദൈവഹിതമാക്കി മാറ്റുന്ന മനോഭാവം കൂടുതല്‍ അപകടത്തിലേക്കു നയിക്കുമെന്ന് നോര്‍ത്ത് അമേരിക്ക യൂറോപ്പു ഭദ്രാസന സെക്രട്ടറിയും, മാര്‍ത്തോമ്മ സന്നദ്ധ സുവിശേഷക സംഘം വൈസ് പ്രസിഡന്റുമായ റവ. അജു അബ്രഹാം  ഓര്‍മ്മിപ്പിച്ചു. മെയ് 17 തിങ്കളാഴ്ച വൈകീട്ട് 7 ന് മാര്‍ത്തോമാ സൗത്ത് വെസ്റ്റ് സന്നദ്ധ സുവിശേഷ സംഘം സംഘടിപ്പിച്ച യോഗത്തില്‍ ധ്യാനപ്രസംഗം നടത്തുകയായിരുന്നു അജു അച്ചന്‍.
യോന പ്രവാചകന്‍ ദൈവീക കല്‍പന അനുസരിച്ച് നിനവേയില്‍ പോയി സുവിശേഷം അറിയിക്കാതെ തര്‍സോസിലേക്ക് യാത്ര തിരിച്ചതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ചു അച്ചന്‍ വിശദീകരിച്ചു. ദൈവിക പ്രവാചകനായിരുന്നിട്ടും അനുസരണമോ, വിധേയത്വമോ ഇല്ലാതെ യാത്ര പുറപ്പെട്ട യോനായുടെ ജീവിതത്തില്‍ അരുതാത്തതു സംഭവിച്ചപ്പോള്‍ ദൈവത്തെ തള്ളി പറയുകയല്ല മറിച്ചു ചെയ്തു പോയ തെറ്റുകളെക്കുറിച്ച് അനുതപിച്ചു ദൈവത്തോടു ചേര്‍ന്നു നിന്നതിനാല്‍ യോനയെ മറ്റുള്ളവര്‍ക്ക് അനുഗ്രഹമാക്കി മാറ്റിയ ദൈവിക കൃപകളെക്കുറിച്ചു നാം ബോധവാന്മാരാകണമെന്ന് അച്ചന്‍ ഉദ്‌ബോധിപ്പിച്ചു.
നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്ക് അനുഗ്രഹമായിമാറണമെന്നും അച്ചന്‍ പറഞ്ഞു. നമുക്ക് ചുറ്റും ആവശ്യത്തിലിരിക്കുന്ന സമൂഹത്തോടുള്ള, ദൈവഹിതത്തോടുള്ള, ദൈവ വചനത്തോടുള്ള നമ്മുടെ മനോഭാവം ഏങ്ങനെയാണെന്ന് സ്വയം ശോധന ചെയ്യണമെന്നും അച്ചന്‍ പറഞ്ഞു.

ഡാലസ് കരോള്‍ട്ടന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. തോമസ് മാത്യുവിന്റെ പ്രാരംഭ പ്രാര്‍തഥനയോടെ യോഗം ആരംഭിച്ചു. റീജിയണ്‍ സെക്രട്ടറി സ്വാഗതമാശംസിച്ചു. ഹൂസ്റ്റണ്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. സോന വര്‍ഗീസ് അധ്യക്ഷ പ്രസംഗം ചെയ്തു. ധ്യാന പ്രസംഗത്തിനുശേഷം നടന്ന മധ്യസ്ഥ പ്രാര്‍ഥനയ്ക്ക് ഡാലസ്  സെന്റ് പോള്‍സ് അംഗം രാജന്‍ കുഞ്ഞ് നേതൃത്വം നല്‍കി. റീജിയന്‍ വൈസ് പ്രസിഡന്റ് സാമുവേല്‍ മാത്യു, ട്രഷറര്‍ സജി ജോര്‍ജ്, റോബിന്‍ ചേലങ്കരി എന്നിവര്‍ .യോഗത്തിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കി.

                                                 റിപ്പോർട്ട് : പി.പി.ചെറിയാന്‍

Author

Leave a Reply

Your email address will not be published. Required fields are marked *