കോവിഡിനൊപ്പം മറ്റ് പകർച്ചവ്യാധികളെയും പ്രതിരോധിക്കാം

Spread the love

കോവിഡിനൊപ്പം മറ്റ് പകർച്ചവ്യാധികളെയും പ്രതിരോധിക്കാം

കനത്തമഴയെ തുടർന്ന് പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കുക. അതിശക്തമായ മഴയെ തുടർന്ന് ജില്ലയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായ സാഹചര്യത്തിൽ പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കേണ്ടതാണ്. പ്രത്യേകിച്ച് കനത്ത മഴയിൽ കുടിവെള്ള സ്രോതസ്സുകളും, പരിസരവും മലിനമാകുവാൻ സാധ്യത കൂടുതലുള്ളതിനാൽ വയറിളക്കരോഗങ്ങൾ, എലിപ്പനി എന്നിവക്കെതിരെ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അറിയിക്കുന്നു. രോഗാണുക്കളാൽ മലിനമാക്കപ്പെട്ട ജലത്തിലൂടെയും, ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പകരുന്നത്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്കരോഗത്തെ തടയാൻ കഴിയും. നന്നായി തിളപ്പിച്ചാറ്റിയ ജലം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവു. പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കൂട്ടിച്ചേർത്തു ഉപയോഗിക്കരുത്. ആഹാരം കഴിക്കുന്നതിനു മുൻപും, ശൗചാലയം ഉപയോഗിച്ചതിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. സാലഡുകൾ തയ്യാറാക്കുവാൻ ഉപയോഗിക്കുന്ന പച്ചക്കറികൾ നന്നായി ശുദ്ധജലത്തിൽ കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. ആഹാരസാധനങ്ങൾ മറ്റും ഈച്ച കയറാതെ അടച്ചു സൂക്ഷിക്കണം. ഹോട്ടലുകളും, ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും ഈ കാര്യങ്ങൾ പ്രേത്യേകം ശ്രദ്ധിക്കേണ്ടതാണ്. കിണറുകളിൽ ക്ലോറിനേഷൻ നടത്തേണ്ടതാണ്. ഏതു വയറിളക്കവും അപകടകാരിയായി മാറാം എന്നത് കൊണ്ട് വയറിളക്കo പിടിപെട്ടാൽ ആരംഭത്തിൽതന്നെ പാനീയ ചികിത്സ തുടങ്ങേണ്ടതാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.സ്സ് എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.

  രോഗാണു വാഹകരായ എലി, കന്നുകാലികൾ, നായ്ക്കൾ, പന്നികൾ തുടങ്ങിയ ജീവികളുടെ മൂത്രം കലർന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ള സമ്പർക്കത്തിൽ കൂടിയാണ് എലിപ്പനി പകരുന്നത്. അതിനാൽ രോഗ പകർച്ചയ്ക്കു സാധ്യതയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രോഗാണു സാധ്യതയുള്ള എലികളുടെയും മറ്റു ജീവികളുടെയും മൂത്രം സമ്പർക്കത്തിലൂടെയോ മലിനമായ ജലത്തിലൂടെയോ ശരീരത്തിലെത്താതെയും നോക്കുന്നത് വഴി ഈ രോഗം തടയാൻ സാധിക്കും. പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണിൽ ചുവപ്പ്, എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. കന്ന് കാലി പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, കൃഷി പണിയിലേർപ്പെട്ടിരിക്കുന്നവർ, ശുചീകരണ തൊഴിലാളികൾ, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ തുടങ്ങിയവരിലാണ് ഈ രോഗം കൂടുതലായി കണ്ടു വരുന്നത്. കനത്ത മഴയിൽ വെള്ള കെട്ടിലിറങ്ങിയവരും ശുചീകരണ പ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നവരും ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലീൻ ഗുളിക ആഴ്ചയിലൊരിക്കൽ കഴിക്കേണ്ടതാണ്. മഴയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലീൻ ഗുളിക കഴിക്കേണ്ടതാണ്. കട്ടി കൂടിയ റബ്ബർ കാലുറകളും, കയ്യുറകളും ധരിച്ചു മാത്രം ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക. കൈകാലുകളിൽ മുറിവുള്ളവർ മുറിവുകൾ ഉണങ്ങുന്നത് വരെ ഇത്തരം ജോലികൾ കഴിവതും ചെയ്യാതിരിക്കുന്നതാണ് ഉത്തമം.

വീട്ടിലും പരിസരത്തും മഴയ്ക്ക് ശേഷം വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുന്ന സാഹചര്യങ്ങൾ ഇല്ല എന്ന് ഉറപ്പ് വരുത്തുക. പനി, തൊണ്ടവേദന, ശരീര വേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കോവിഡിന് മാത്രമല്ല എലിപ്പനി, ഡെങ്കിപ്പനി, ജലജന്യ രോഗങ്ങൾ എന്നീ പകർച്ച വ്യാധികൾക്കും പ്രകടമായതിനാൽ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം ചികിത്സ തേടേണ്ടതാണ്.
ഈ വർഷം ജില്ലയിൽ ഇതേവരെ 9650 വയറിളക്ക രോഗങ്ങളും, സംശയിക്കപ്പെടുന്ന 292 ഡെങ്കി കേസുകളും 195 സ്ഥിരീകരിച്ച കേസുകളും ഒരു സംശയാസ്പദമായ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇ വർഷം ഇതേവരെ സംശയിക്കപ്പെടുന്ന 75 എലിപ്പനി കേസുകളും 32 സ്ഥിരീകരിച്ച കേസുകളും 3 സംശയാസ്പദമായ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിൽ ഇ വർഷം സംശയിക്കപ്പെടുന്ന 5 ഷിഗെല്ല കേസുകളും 6 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം)
എറണാകുളം, 19/5/21

Author

Leave a Reply

Your email address will not be published. Required fields are marked *