ബ്ലാക് ഫംഗസ്: ജാഗ്രത ശക്തമാക്കും; മുഖ്യമന്ത്രി

Spread the love

post

തിരുവനന്തപുരം: ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒരു രോഗമല്ല മ്യൂകര്‍മൈകോസിസ് അഥവാ ബ്ലാക് ഫംഗസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ രോഗബാധിതനായ ആള്‍ക്ക് ആവശ്യമായ ചികിത്സയും സഹായവും നല്‍കാന്‍ ഭയപ്പെടാതെ മറ്റുള്ളവര്‍ തയ്യാറാകണം.ജാഗ്രത കൂടുതല്‍ ശക്തമാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  മ്യൂകര്‍മൈസറ്റിസ് എന്നു വിളിക്കപ്പെടുന്ന പൂപ്പലുകളില്‍ നിന്നാണ് മ്യൂകര്‍മൈകോസിസ് അഥവാ ബ്ലാക് ഫംഗസ് എന്നു വിളിക്കുന്ന ഈ രോഗബാധയുണ്ടാകുന്നത്. വീടുകള്‍ക്ക് അകത്തും പുറത്തുമായി നമ്മുടെ ചുറ്റുപാടുകളില്‍ പൊതുവേ കാണുന്ന ഒരുതരം പൂപ്പലാണിത്.നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവില്‍ അപകടകാരിയായി മാറുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവരിലും കാന്‍സര്‍ രോഗികളിലും പലപ്പോഴും ഈ രോഗം കണ്ടുവരാറുണ്ട്. ഇന്ത്യയിലെ പ്രമേഹ രോഗികളില്‍ 47 ശതമാനം പേരിലും രോഗാവസ്ഥ മൂര്‍ച്ഛിക്കുന്ന ഘട്ടത്തിലാണ് പ്രമേഹം കണ്ടെത്തുന്നത്. രോഗം കണ്ടെത്തുന്നവരില്‍ 25 ശതമാനം ആളുകളില്‍ മാത്രമാണ് പ്രമേഹം നിയന്ത്രണ വിധേയമായിട്ടുള്ളത്. അതുകൊണ്ട് മ്യൂകര്‍മൈകോസിസ് പ്രമേഹരോഗികള്‍ക്കിടയില്‍ അപകടകരമായി മാറുന്ന സ്ഥിതിവിശേഷം ഇന്ത്യയിലുണ്ട്.

കോവിഡിന്റെ ഒന്നാം തരംഗത്തില്‍ തന്നെ മഹാരാഷ്ട്രയില്‍ കോവിഡുമായി ബന്ധപ്പെട്ടു മ്യൂകര്‍മൈകോസിസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് കൂടുതലായും ഈ രോഗം കണ്ടെത്തിയത്. സ്റ്റിറോയ്ഡുകളോ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകളോ ചികിത്സയ്ക്കായി ഉപയോഗിക്കുമ്പോള്‍ രോഗം ഗുരുതരമായി പിടിപെടാം.

മഹാരാഷ്ട്രയില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ തന്നെ കേരളം അതിനെതിരെയുള്ള ജാഗ്രത ആരംഭിച്ചതാണ്. അതിനുശേഷം മലപ്പുറത്ത് ഏറ്റവും അവസാനമായി റിപ്പോര്‍ട്ട് ചെയ്തത് ഉള്‍പ്പെടെ 15 കേസുകളാണ് മ്യൂകര്‍മൈകോസിസ് കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതു സാധാരണ കണ്ടുവരുന്നതിനേക്കാള്‍ കൂടുതലല്ല. കാരണം 2019ല്‍ 16കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.കോവിഡ് രോഗികളുടെ ചികിത്സയില്‍ രക്തത്തിലെ ഗ്ലൂക്കോസ് നില കൃത്യമായി നിലനിര്‍ത്തുന്നതിനാവശ്യമായ മാനദണ്ഡങ്ങള്‍ ചികിത്സാ പ്രോട്ടോക്കോളില്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ സംസ്ഥാനമാണ് കേരളം. അതിനാവശ്യമായ ട്രെയിനിങ് ഡോക്ടര്‍മാര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.രണ്ടാമത്തെ തരംഗത്തില്‍ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും മ്യൂകര്‍മൈകോസിസ് കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി.

പ്രമേഹ രോഗമുള്ളവര്‍ ഈ സമയത്ത് കൂടുതല്‍ ശ്രദ്ധയോടെ രോഗത്തെ ചികിത്സിക്കണം. കോവിഡ് ബാധിച്ച പ്രമേഹ രോഗികളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. നിര്‍ദ്ദേശങ്ങള്‍ക്കായി ഇ-സഞ്ജീവനി സോഫ്‌റ്റ്വെയര്‍ വഴി ഡോക്ടര്‍മാരുമായി ബന്ധപ്പെടാം.

സ്റ്റിറോയ്ഡുകള്‍ കോവിഡ് കാലത്ത് ജീവന്‍ രക്ഷാ മരുന്നുകള്‍ ആണ്. പക്ഷേ, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകള്‍ക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കില്‍ നിന്നും കറുപ്പ് നിറത്തിലുള്ള ദ്രവം പുറത്തു വരിക എന്നതാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. വളരെ അപൂര്‍വമായി മാത്രമേ ഈ രോഗം ഉണ്ടാകാറുള്ളൂ എന്നതിനാല്‍ ആരും അനാവശ്യമായി ഭയപ്പെടേണ്ടതില്ല. പ്രമേഹമുള്ളവര്‍ കൂടുതലായി ശ്രദ്ധിക്കുക. ഗുരുതരമായ മറ്റു രോഗാവസ്ഥയുള്ള കോവിഡ് രോഗികളും കരുതലെടുക്കുക. ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *