കോഴിക്കോട് :ജില്ലയില്‍ നവജാതശിശു പരിചരണത്തിന് ക്രിട്ടിക്കല്‍ കെയര്‍ സംവിധാനങ്ങളോടുകൂടിയ ഐ.സി.യു ആംബുലന്‍സ് പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.നവീന്‍ അറിയിച്ചു. ശരീരോഷ്മാവ്, രക്തത്തിലെ ഗ്ലൂക്കോസ്, ഓക്സിജന്‍ എന്നിവ കുറഞ്ഞതോ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന അവസ്ഥകളിലുള്ളതോ ആയതും ഐ.സി.യു കെയര്‍ ആവശ്യമുള്ളതുമായ നവജാത ശിശുക്കളെ പ്രത്യേകം സജ്ജീകരിച്ച ഐ.സി.യു ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ച് മികച്ച പരിചരണം ഉറപ്പാക്കുകയാണ് ലക്ഷ്യം.
നിയോ ക്രാഡില്‍ പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. ആംബുലന്‍സിന്റെ ട്രയല്‍ റണ്‍ ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ പറഞ്ഞു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ സൗകര്യം ലഭ്യമാണ്. ആംബുലന്‍സിന്റെ സേവനത്തിനായി ആശുപത്രികള്‍ക്ക് 9895430459 എന്ന നമ്പറില്‍ ബന്ധപ്പെടാം. പദ്ധതിക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക വെബ്സൈറ്റും മൊബൈല്‍ ആപ്പും തയ്യാറാക്കുന്നുമുണ്ട്.