ബ്ലാക് ഫംഗസ്: മെഡിക്കല്‍ ഓഡിറ്റ് നടത്തും

Spread the love

തിരുവനന്തപുരം : ബ്ലാക് ഫംഗസ് സംബന്ധിച്ച് മെഡിക്കല്‍ ഓഡിറ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മരുന്ന് ലഭ്യത ഉറപ്പു വരുത്തും. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മരുന്നുകള്‍ വില കൂടിയതാണെങ്കില്‍ പോലും കൊടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

post

ബ്ലാക്ക് ഫംഗസ് എന്ന പേരില്‍ അറിയപ്പെടുന്ന മ്യൂകര്‍മൈകോസിസ് രോഗവുമായി ബന്ധപ്പെട്ട നിരവധി അശാസ്ത്രീയവും ഭീതിജനകവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി കാണുന്നുണ്ട്. അത്തരത്തിലുള്ള ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. മ്യൂകര്‍മൈകോസിസ് വളരെ അപൂര്‍വമായ രോഗാവസ്ഥയാണ്. മുന്‍പ് വിശദമാക്കിയതുപോലെ വളരെ ചുരുക്കം ആളുകളില്‍ മാത്രമാണ് ഈ രോഗം ബാധിക്കാറുള്ളത്.നിലവില്‍ കാറ്റഗറി സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രോഗികളുടെ എണ്ണം കൂടുതലായതിനാല്‍ ഒരു പക്ഷേ, മ്യൂകര്‍മൈകോസിസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്‌തേക്കാം. ഗുരുതരമായ പ്രമേഹ രോഗമുള്ളവരിലാണ് ഈ രോഗം കൂടുതലായി കാണുന്നത് എന്നതിനാല്‍ അവരെ കോവിഡ് ബാധിച്ചാല്‍ നല്‍കേണ്ട ചികിത്സാ മാനദണ്ഡങ്ങള്‍ കൃത്യമായി ആശുപത്രികള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രമേഹ രോഗം നിയന്ത്രണ വിധേയമായി നിലനിര്‍ത്താനുള്ള പ്രത്യേക ശ്രദ്ധ രോഗികളുടെ ഭാഗത്തു നിന്നുമുണ്ടാവുകയും വേണം.

വൃദ്ധ സദനങ്ങളില്‍ വിവിധ രോഗങ്ങള്‍ ഉള്ളവര്‍ കാണും. അത് കൃത്യമായ പരിശോധന നടത്തും. സാമൂഹ്യ സുരക്ഷാ, സാമൂഹ്യ ക്ഷേമ വകുപ്പുകള്‍ ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്തി ആരോഗ്യവകുപ്പുമായി ബന്ധപ്പെടാന്‍ ശ്രദ്ധിക്കും.

ചില മത്സ്യ മാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് ഗൗരവമായി പരിശോധിച്ച് നിയന്ത്രണ വിധേയം ആക്കണം. ഇതിന് പൊലീസും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും ഇടപെടണം.

കോവിഡ് മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയെന്ന് സാര്‍വദേശീയ തലത്തിലും രാജ്യത്തും ചര്‍ച്ച നടക്കുന്നുണ്ട്. വാക്‌സിനെ അതിജീവിക്കാന്‍ ശേഷി നേടിയ വൈറസ് ഉത്ഭവമാണ് മൂന്നാം തരംഗത്തിന് ഒരു കാരണമായേക്കുക. വാക്‌സിന്‍ എടുത്തവര്‍ക്ക് അത് ഒരു ഡോസാണെങ്കിലും സുരക്ഷിതത്വം ഉണ്ട്. എന്നാല്‍, ഇവരും രോഗവാഹകരാകാം. വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗം വരുന്നത് പലപ്പോഴും അനുബന്ധ രോഗങ്ങള്‍ ഉള്ളതിനാലാണ്. അതുകൊണ്ട് അവര്‍ കോവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണം. അനുബന്ധരോഗങ്ങളുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.

കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഇതുവരെയുള്ള പരിണാമം നിരീക്ഷിച്ചാല്‍ അതിന്റെ ഉച്ചസ്ഥായി പിന്നിട്ടതായി അനുമാനിക്കാം. പക്ഷേ, ഉച്ചസ്ഥായി പിന്നിടുന്നതിനു ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥകളും മരണങ്ങളും വര്‍ദ്ധിക്കുന്നതായി കാണുന്നത്. അതുകൊണ്ട് ആശുപത്രികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ സമയമാണിത്.

രണ്ടാമത്തെ കോവിഡ് തരംഗം പുതിയ ചില പാഠങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള ശക്തമായ സാധ്യതകള്‍ നിലനില്‍ക്കേ ഈ അനുഭവങ്ങളെ വിശദമായി വിലയിരുത്തി കൂടുതല്‍ മികച്ച പ്രതിരോധത്തിനായി തയ്യാറെടുക്കാനുള്ള ശക്തമായ നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കും.

ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ പരിപൂര്‍ണമായ പിന്തുണയാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ വലിയ നാശം വിതച്ച രണ്ടാം തരംഗത്തെ നമ്മുടെ നാട്ടില്‍ പിടിച്ചുനിര്‍ത്താന്‍ സഹായകമായ പ്രധാന ഘടകം. അനേകം വിഷമതകളെ അതിജീവിച്ച് ദൃഢനിശ്ചയത്തോടെ സര്‍ക്കാരിനൊപ്പം നിന്നത് ജനങ്ങളാണ്. ഈ ജാഗ്രത കുറച്ചു നാളുകള്‍ കൂടെ ഇതേപോലെ കര്‍ശനമായ രീതിയില്‍ തുടരേണ്ടതുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. മലപ്പുറത്തിനായി ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും. അവിടെ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി പരിശോധന 75,000 ആയി ഉയര്‍ത്തും.

മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പന്തലില്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു. ആദ്യ ദിവസം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കാണു വാക്‌സിന്‍ നല്‍കിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റുള്ളവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും.

വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്ന കോവിഡ് രോഗികള്‍ മരുന്നുകള്‍ കഴിക്കുമ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തന്നെയായിരിക്കുക എന്നത് വളരെ പ്രധാനമാണ്. പകരം, സ്വയം ചികിത്സിക്കാനോ, വൈദ്യശാസ്ത്രത്തില്‍ നിയമപരമായ അംഗീകാരമില്ലാത്ത വ്യാജ ചികിത്സകരുടെ ചികിത്സ സ്വീകരിക്കാനോ പാടില്ല. അത്തരം രീതികള്‍ രോഗാവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കാം. പ്രത്യേകിച്ച് പ്രമേഹ രോഗികളും മറ്റു ഗുരുതര രോഗാവസ്ഥയുള്ളവരും ഇക്കാര്യം വളരെ കര്‍ശനമായി പാലിക്കണം.

മണ്‍സൂണ്‍ കാലം ആരംഭിക്കാന്‍ ഇനി അധിക ദിവസങ്ങളില്ല. കോവിഡ് രോഗവ്യാപനം കൂടി നിലനില്‍ക്കുന്ന കാലമായതിനാല്‍ നമുക്കു മുന്നിലുള്ള വെല്ലുവിളി കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തെ മുന്‍കൂട്ടിക്കണ്ടുകൊണ്ട് ആരോഗ്യസംവിധാനങ്ങളെ സജ്ജമാക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *