വാഷിങ്ടൺ: അമേരിക്കയിലെ മിനിയാപോളിസിലെ വെളുത്ത വർഗക്കാരനായ പോലീസിന്റെ ക്രൂരതകു മുൻപിൽ ശ്വാസം കിട്ടാതെ പിടിഞ്ഞു മരിക്കേണ്ടി വന്ന കറുത്ത വർഗക്കാരനായിരുന്ന ജോര്‍ജ് ഫ്ലോയിഡിന്റെ കുടുംബത്തെ വൈറ്റ് ഹൗസിലേക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്വാഗതം ചെയ്തു . ഫ്ലോയിഡ് കൊല്ലപ്പെട്ട് ഒരു വര്ഷം പൂർത്തീകരിക്കുന്ന അവസരത്തിലാണ് ഇങ്ങനെ ഒരു ക്ഷണമുണ്ടായിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് ഫ്ലോയിഡിന്റെ കുടുംബത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കിവെള്ളിയാഴ്ച അറിയിച്ചു . ഇതിന്റെ വിശദാംശങ്ങൾ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
2020 മെയ് 25നാണ് അമേരിക്കയെ പിടിച്ചുകലുക്കിയ ജോര്‍ജ് ഫ്ലോയിഡ് കൊലപാതകമുണ്ടായത്. മിനിയാപോളിസ് പോലീസ് ഉദ്യോഗസ്ഥനായ ഡെറിക് ചൗവിൻ കഴുത്തിൽ കാൽ മുട്ട് അമര്‍ത്തിയായിരുന്നു കൊലപാതകം നടത്തിയത്. ഏതാണ്ട് ഒൻപത് മിനിട്ടോളം സമയം ഇയാള്‍ കാൽമുട്ടിനടിയിൽ വെച്ച് ഞെരിച്ച് അമര്‍ത്തിയിരുന്നുവെന്ന് പിന്നീട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നു.
സംഭവത്തിന് പിന്നാലെ അമേരിക്കയിൽ വലിയ പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഐ കാന്റ് ബ്രീത്ത് എന്നായിരുന്നു പ്രക്ഷോഭത്തിന് പേര് വന്നത്. ഡെറിക് ജോര്‍ജ് ഫ്ലോയിഡിനെ കാൽമുട്ടുകൊണ്ട് ചവിട്ടിപ്പിടിച്ച ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്ത്യയിൽ അടക്കം ഇതിന്റെ അലയടികള്‍ ഉയര്‍ന്നിരുന്നു.
പിന്നീട്, കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഡെറിക് ഷോവിനെ അറസ്റ്റ് ചെയ്യുകയും കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പ്രതിക്ക് എതിരായ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഡെറിക്കിന് 75 വർഷം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.
റിപ്പോർട്ട് : പി.പി.ചെറിയാന്‍