മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽ ദിവ്യസംഗീത ഞായർ ആയി ആചരിച്ചു.

Spread the love

ന്യൂയോർക്ക്: മാർത്തോമ്മ സഭ ജൂൺ 23 ഞായറാഴ്ച്ച സഭയായി ദിവ്യസംഗീത ഞായർ ആയി ആചരിച്ചു. നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ ഗായകസംഘത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ആരാധനയും, ശുശ്രുഷകൾക്ക് ഗായകസംഘാംഗങ്ങൾ നേതൃത്വം നൽകുകയും ചെയ്തു.

1969 ൽ സഭയായി ആരംഭിച്ച ഡിപ്പാർട്ട്മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആൻഡ് കമ്മ്യൂണിക്കേഷൻസ് എന്ന സംഗീത വിഭാഗത്തിന്റെ നേതൃത്വത്തിൽ ആണ് ഇടവക തലത്തിൽ ഗായകസംഘത്തിന്റെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതും, ശബ്ദപരിശോധനയിലൂടെ ഗായകസംഘത്തെ തിരഞ്ഞെടുക്കുന്നതും. ആരാധനകളെ ഭക്തിനിർഭരമാക്കുന്നതിൽ ഗാനങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ട്. സംഗീതപുഷ്ടമായ ആരാധന മനോഹരമാക്കുന്നതിൽ  ഗായകസംഘങ്ങൾ പ്രധാന പങ്കുവഹിക്കുന്നു.

ഇടവകളിലെ ഗായകസംഘത്തെയും അവരുടെ ശുശ്രുഷകളെയും ഓർത്തു പ്രാർത്ഥിക്കുന്നതിനും, അംഗങ്ങളുടെ സമർപ്പണത്തിനുമായിട്ടാണ് പ്രത്യേകമായി ഒരു ഞായറാഴ്ച്ച വേർതിരിച്ച് ദിവ്യസംഗീത ദിനമായി സഭയായി ആചരിക്കുന്നത്.

മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ്  കരോൾട്ടൻ  ഇടവകയുടെ ഗായകസംഘത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഗാനശുശ്രുഷ നടത്തി. ഇടവക വികാരി റവ.പി.തോമസ് മാത്യു, ക്വയർ ലീഡേഴ്സ് ആയ ലൂക്കോസ് മത്തായി, ഏറൻ ജേക്കബ്, ജീന ജിനു, ഇടവക സെക്രട്ടറി ഈപ്പൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട് :  ഷാജീ രാമപുരം

Leave a Reply

Your email address will not be published. Required fields are marked *