മലപ്പുറം: അമേരിക്കയിലെ കെന്നെസോ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്കുകാരനായി മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി സ്വന്തമാക്കിയത് ചരിത്രനേട്ടം. 20ാം വയസ്സില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ നിഹാദ് കളത്തിങ്ങല്‍ ഈ സര്‍വകലാശാലയില്‍ ഒന്നാമനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥിയാണ്. 40,000ത്തിലേറെ വിദ്യാര്‍ഥികളും 170 ബിരുദ പഠന വകുപ്പുകളും ജോര്‍ജിയയിലെ കെന്നെസോ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലുണ്ട്. 2021ലെ എല്ലാ പഠന വകുപ്പുകളിലെയും പരീക്ഷ ഫലം എടുത്തുനോക്കിയാല്‍ ഒന്നാം സ്ഥാനം നിഹാദിനാണ്.
വിഖ്യാതമായ യൂനിവേഴ്‌സിറ്റി റീജന്‍റ്‌സ് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട് ഈ മിടുക്കന്‍. വിദ്യാര്‍ഥിയായിരിക്കെത്തന്നെ സര്‍വകലാശാലയില്‍ ക്ലാസെടുക്കാനും അവസരം ലഭിച്ചു. ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ പ്രോഗ്രാമറായി പാര്‍ട്ട് ടൈം ജോലി ചെയ്യുകയായിരുന്നു. ബിരുദം പൂര്‍ത്തിയാക്കിയതോടെ ഇവിടെ വലിയ ശമ്പളത്തോടെ സ്ഥിരനിയമനവും ലഭിച്ചു.
പഠനച്ചെലവിന് വായ്പയെടുത്ത് കുടിശ്ശികയാവുന്നത് അമേരിക്കയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ സാധാരണയാണെങ്കില്‍ ഒരു സാമ്പത്തിക ബാധ്യതയുമില്ലാതെ സ്‌കോളര്‍ഷിപ്പോടെയായിരുന്നു നിഹാദിന്‍െറ പഠനം. ഇടക്ക് സ്‌റ്റേറ്റ് ഹാക്കത്തണില്‍ ഒന്നാമതെത്തിയ ടീമിനെ നയിച്ച് കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ പ്രതിഭ തെളിയിച്ചു. മങ്കട കളത്തിങ്ങല്‍ പരേതനായ ഷൗക്കത്തലിയുടെയും കൂട്ടിലങ്ങാടിയിലെ ഹാബിദ ഏലച്ചോലയുടെയും മകനാണ്.
ജോയിച്ചൻപുതുക്കുളം