തിരുവനന്തപുരം: തീരദേശ ജില്ലകളിലെ കടല്‍ക്ഷോഭം തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനായി ഒന്‍പതു ജില്ലകള്‍ക്കായി 10 കോടി രൂപ അനുവദിച്ചു. കേരളത്തിലെ തീരദേശ ജില്ലകളിലെ കടല്‍ക്ഷോഭവും വരാന്‍ പോകുന്ന വര്‍ഷ കാലവുമായി ബന്ധപ്പെട്ട തുമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വ്യവസായമന്ത്രി പി. രാജീവ്, ഫിഷറീസ്-സാംസ്കാരിക മന്ത്രി സജി ചെറിയാന്, ജലസേചന മന്ത്രി റോഷി അഗസ്റ്റിന്, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അനുവദിച്ച തുകയില്‍ എറണാകുളം ജില്ലക്കായി രണ്ടുകോടി രൂപ വകയിരുത്തി.
തീരസംരക്ഷണത്തിനായി ടെട്രാപോഡ് ഉപയോഗപ്പെടുത്തിയുള്ള സംരക്ഷണകവചം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാന്‍ മന്ത്രിമാര്‍ യോഗത്തില്‍ നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഒരു മാസത്തിനുള്ളില്‍ തീര്‍ക്കാന്‍ തീരുമാനമായി. ഇക്കാര്യത്തിന് ഇറിഗേഷന്‍ സി.ഇ.ഒയെയും ഐ.ഡി.ആര്.ബി ഡയറക്ടറെയും ചുമതലപ്പെടുത്തി.
ചെല്ലാനം തീരദേശ നിവാസികള്‍ നേരിടുന്ന എല്ലാതല പ്രശ്നങ്ങളും പഠിച്ച് ചെല്ലാനത്തെ മാതൃകാ തീരദേശ ഗ്രാമമാക്കുന്നതിനുള്ള പദ്ധതി തയാറാക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും കൊച്ചിയിലെ സര്‍വകലാശാലകളെയും ചുമതല ഏല്‍പ്പിക്കും.
എല്ലാ തീരദേശ ജില്ലകളിലെയും മന്ത്രിമാരെ പങ്കെടുപ്പിച്ചുള്ള യോഗം ഈമാസം 27നുള്ളില്‍ നടത്തും. വര്‍ഷകാലം മുന്നില്‍കണ്ട് എല്ലാ ജില്ലകള്‍ക്കുമായി അനുവദിച്ച 35 ലക്ഷം വീതമുള്ള പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണം. ചെല്ലാനത്തെ തീരസംരക്ഷണത്തിനായി 16 കോടിയുടെ പദ്ധതി ഒരു മാസത്തിനകം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.
യോഗത്തില്‍ എം.എല്‍.എമാരായ പി.പി ചിത്തരഞ്ജന്, കെ.ജെ. മാക്സി, അഡീ: ചീഫ് സെക്രട്ടറി ടി.കെ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.