കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ഗൃഹവാസ പരിചരണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. മയ്യനാട് ഗ്രാമപഞ്ചായത്തിലും കൊല്ലം കരുനാഗപ്പള്ളി, കൊട്ടാരക്കര നഗരസഭാ പരിധികളിലുമാണ് പ്രത്യേക കേന്ദ്രങ്ങള്‍. കരുനാഗപ്പള്ളി ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡി.സി.സി. പ്രവര്‍ത്തനസജ്ജമായി. ആദ്യഘട്ടമെന്ന നിലയില്‍ 50 കിടക്കകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണം മുന്‍സിപ്പാലിറ്റി വഴി സൗജന്യമായി ലഭ്യമാക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി താലൂക്ക് ആശുപത്രി, മൈനാഗപ്പള്ളി പി.എച്ച്.സി. എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് 50 ലക്ഷം രൂപ വകയിരുത്തിട്ടുണ്ട്, ചെയര്‍മാന്‍ കോട്ടയില്‍ രാജു അറിയിച്ചു. മയ്യനാട് ഗ്രാമ പഞ്ചായത്തിലെ ഡി.സി.സി, മൈലാപ്പൂര്‍ എച്ച്.കെ.എം.എസ്.സ്‌കൂളില്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. വൈസ് പ്രസിഡന്റ് ജവാബ് റഹ്‌മാന്‍, പഞ്ചായത്ത് അംഗം ഷഹാല്‍, സെക്രട്ടറി സജീവ് മാമ്പറ, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ കേന്ദ്രത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കൊല്ലം കോര്‍പ്പറേഷന് കീഴിലെ കുരീപ്പുഴ ഗവ.യു.പി.സ്‌കൂളില്‍ ആരംഭിച്ച സമൂഹ അടുക്കള മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. തൃക്കടവൂര്‍ ശക്തികുളങ്ങര, തേവള്ളി എന്നിവിടങ്ങളില്‍ ഇതിന്റെ സേവനം ലഭ്യമാകും. അയത്തില്‍ എ.ആര്‍.എം.ഓഡിറ്റോറിയത്തിലെ സമൂഹ അടുക്കള ഇന്ന് (മെയ് 25) പ്രവര്‍ത്തനമാരംഭിക്കും. വടക്കേവിള, ഇരവിപുരം മേഖലകളിലുള്ളവര്‍ക്കാണ് ഇവിടെനിന്ന് ഭക്ഷണം ലഭിക്കുക.
ചിറ്റുമലയിലെ പെരിനാട് ഗ്രാമപഞ്ചായത്തില്‍ 60 കിടക്കകളുള്ള രണ്ട് ഡി.സി.സി. കള്‍ പ്രവര്‍ത്തിച്ചുവരുന്നു. പഞ്ചായത്തിലെ 20 വാര്‍ഡിലും പള്‍സ് ഓക്സിമീറ്ററുകള്‍, ഹോമിയോ ആയുര്‍വേദ മരുന്നുകള്‍ എന്നിവ വിതരണം ചെയ്തു. ജനകീയ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം വാര്‍ഡുകളിലേക്കും നല്‍കുമെന്ന് പ്രസിഡന്റ് വിദ്യാ ജയകുമാര്‍ പറഞ്ഞു. നിലവില്‍ ഡി.സി.സികളില്‍ മാത്രമാണ് ഭക്ഷണം ലഭ്യമാക്കുന്നത്. ശാസ്താംകോട്ട കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 40 കിടക്കകളുള്ള ഡി.സി.സി. പ്രവര്‍ത്തിക്കുന്നു. കോവിഡ് പരിശോധനയ്ക്ക് പോകുന്നവര്‍ക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു പ്രസിഡന്റ് വത്സലകുമാരി പറഞ്ഞു.
പുനലൂര്‍ നഗരസഭയില്‍ ഇന്നലെ (മെയ് 24) 300 പേര്‍ക്ക് വാക്സിന്‍ നല്‍കി. 35 വാര്‍ഡുകളിലും പള്‍സ് ഓക്സിമീറ്റര്‍ വിതരണം ചെയ്യാന്‍ തീരുമാനമായി. കേളങ്കാവ് വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സിയില്‍ 20 പേരും നെല്ലിപ്പള്ളിയിലെ ഡി.സി.സി. യില്‍ 10 പേരും ചികിത്സയിലുണ്ട്.
പത്തനാപുരത്ത് പട്ടാഴി ഗ്രാമപഞ്ചായത്തില്‍ അധ്യാപക-അനധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ ഒരു വാര്‍ഡിന് നാലെണ്ണം എന്ന കണക്കില്‍ 52 പള്‍സ് ഓക്സിമീറ്റര്‍ വാങ്ങി പി. എച്ച്.സി.ക്ക് നല്‍കി. ഇത് വരെ 3778 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി പഞ്ചായത്ത് അസി. സെക്രട്ടറി കെ. ആര്‍. രേഖ പറഞ്ഞു. ഓച്ചിറയില്‍ പള്‍സ് ഓക്സിമീറ്ററുകളുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കിട്ടുണ്ട്. ഹെല്‍പ് ലൈന്‍ നമ്പറുകളിലൂടെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.