റേഷൻ കാർഡ് മുതൽ കിറ്റു വരെ; ഭക്ഷ്യമന്ത്രിയുമായി സംവദിച്ച് ജനങ്ങൾ

Spread the love

 

ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പ്രോഗ്രാം ഹിറ്റ്

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്നതു മുതൽ സിവിൽ സപ്ലൈസ് ഉത്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്നുവരെയുള്ള ആവശ്യങ്ങൾ. ഭക്ഷ്യമന്ത്രിയെ തേടിയെത്തിയത് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് സാധാരണക്കാരായ ജനങ്ങളുടെ നിരവധി കോളുകൾ.
ഭക്ഷ്യപൊതുവിതരണ വകുപ്പിനെ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും നിലവിലെ പരാതികളും അഭിപ്രായങ്ങളും ജനങ്ങളിൽ നിന്ന് നേരിട്ടറിയാൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ആരംഭിച്ച ഫോൺ ഇൻ പരിപാടിയുടെ ആദ്യ ദിനത്തിലാണ് ജനങ്ങൾ സജീവമായി മന്ത്രിയുമായി സംവദിക്കാൻ തയ്യാറായത്.

ഫോൺ ഇൻ പരിപാടിയിൽ രണ്ടാമതായി വിളിച്ച വയനാട് വൈത്തിരി സ്വദേശി സാജിദിന്റെ പരാതിയിൽ പരിഹാരം കണ്ട് വിവരം മന്ത്രി തിരിച്ചുവിളിച്ചു പറയുകയും ചെയ്തു. സാജിദിന് അർഹമായ മണ്ണെണ്ണയും കിറ്റും ലഭ്യമാക്കാൻ ബന്ധപ്പെട്ട റേഷൻ കടക്കാരന് വകുപ്പിൽ നിന്ന് നിർദ്ദേശം നൽകി. രണ്ട് കിലോ പച്ചരിയും പത്തു കിലോ സ്‌പെഷ്യൽ അരിയും മൂന്നു കിലോ ആട്ടയും സാജിദിന് നേരത്തെ നൽകിയിരുന്നു.

GR Anil

ഭിന്നശേഷിക്കാർക്കും ശാരീരിക അവശതയുള്ളവർക്കും റേഷൻ കടകളിൽ ക്യൂ ഒഴിവാക്കണമെന്നതായിരുന്നു ഒരു ആവശ്യം. ഇവർക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. പയ്യോളിയിൽ മുൻഗണനാ വിഭാഗത്തിൽപെടുന്ന മത്സ്യത്തൊഴിലാളികൾക്ക് മുൻഗണനേതര വിഭാഗങ്ങൾക്കുള്ള റേഷൻ കാർഡാണ് ലഭിച്ചതെന്നും ഇതിന് പരിഹാരം കാണണമെന്നുമായിരുന്നു മറ്റൊരു ആവശ്യം. ഇക്കാര്യം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ലൈസൻസി റേഷൻ കട തുറക്കുന്നില്ലെന്നും പകരം പലവ്യഞ്ജനക്കട റേഷൻ കടയോടു ചേർന്ന് നടത്തുന്നതായും പരാതിയുണ്ടായി. ഇതും ഉടനടി പരിശോധിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. സിവിൽ സപ്ലൈസിന് കീഴിലുള്ള മെഡിക്കൽ സ്റ്റോറുകളിലെ നിയമനത്തിനുള്ള ഫാർമസിസ്റ്റ് റാങ്ക്‌ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അർഹതയുള്ള പരമാവധി പേർക്ക് നിയമനം നൽകാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഭക്ഷ്യധാന്യങ്ങളിലെ മായം പരിശോധിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകും. പാംഓയിലിന്റെ വില ക്രമാതീതമായി വർധിച്ചുവെന്ന പരാതിയെക്കുറിച്ചും പരിശോധിക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ മൂന്നു മണി വരെയായിരുന്നു ഫോൺ ഇൻ പരിപാടി. ബുധനാഴ്ചയും ഇതേ സമയത്ത് 8943873068 എന്ന നമ്പറിൽ വിളിച്ച് മന്ത്രിയുമായി സംസാരിക്കാം. ഫോണിൽ വിളിച്ചാൽ കിട്ടാത്തവർക്ക് ഈ നമ്പറിൽ പരാതികളും അഭിപ്രായങ്ങളും വാട്‌സ് ആപ്പ് ചെയ്യാം.

വാട്‌സ് ആപ്പ് സന്ദേശങ്ങളിലും നടപടി സ്വീകരിച്ച ശേഷം വിവരം അറിയിക്കും. വിളിക്കുന്നവർ റേഷൻ കാർഡ് നമ്പർ കൈയിൽ കരുതണം. വാട്‌സ് ആപ്പ് സന്ദേശങ്ങൾക്കൊപ്പവും റേഷൻ കാർഡ് നമ്പർ നൽകണം. വിശദമായി കാര്യങ്ങൾ അവതരിപ്പിക്കേണ്ടവർക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ സൂം പ്‌ളാറ്റ്‌ഫോം വഴി സംവദിക്കാം. ഇതിന്റെ ലിങ്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ്, പി.ആർ.ഡി വെബ്‌സൈറ്റുകളിൽ ലഭ്യമാക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *