അഡ്മിനിസ്ട്രേറ്റര്‍ തീക്കൊള്ളി കൊണ്ട് തലചൊറിയുന്നു : മുല്ലപ്പള്ളി

Spread the love

ലക്ഷദ്വീപ് ജനതയെ പിറന്ന മണ്ണില്‍ രണ്ടാംനിര പൗരന്‍മാരാക്കുന്ന  ഫാസിസ്റ്റ് നടപടികളുമായി മുന്നോട്ട് പോകുന്ന  അഡ്മിനിസ്ട്രേറ്റര്‍  പ്രഫുൽ പട്ടേല്‍ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

നരേന്ദ്ര മോദിയുടെ വിശ്വസ്തനും മുൻ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ  പുതിയ അഡ്മിനിസ്ട്രേറ്റര്‍ ന്യൂനപക്ഷ വിഭാഗത്തിലെ മുസ്ലീം സഹോദരങ്ങള്‍ താമസിക്കുന്ന ലക്ഷദ്വീപ് സമൂഹങ്ങളെ കാവിവത്കരിക്കാനാണ് ശ്രമിക്കുന്നത്.സന്തോഷത്തോടെയും  സമാധാനത്തോടെയും തങ്ങളുടേതായ സാംസ്‌കാരിക തനിമ നിലനിര്‍ത്തി ജീവിക്കുന്ന ലക്ഷദ്വീപ് സമൂഹങ്ങളിലെ ജനതയ്ക്കു മേല്‍ തടവറ തീര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യം നടപ്പാക്കുകയാണ്.കള്ളവും ചതിയും ഇല്ലാത്ത,കുറ്റകൃത്യങ്ങള്‍ തീരെ ഇല്ലാത്ത ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പാക്കുകയാണ്.  നരേന്ദ്രമോദിയുടെ പൂര്‍ണ്ണ സമ്മതമില്ലാതെ ഇത്തരമൊരു നടപടിയുമായി അഡ്മിനിസ്ട്രേറ്റര്‍ മുന്നോട്ട് പോകില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നതിനാണ് ഗുണ്ടാ ആക്ട് നടപ്പാക്കിയത്. ബീഫ് നിരോധനവും അംഗൻവാടി കുട്ടികളുടെ ഉച്ചഭക്ഷണത്തിൽനിന്ന് മാംസാഹാരം ഒഴിവാക്കുന്നതുമെല്ലാം ദ്വീപ് നിവാസികളുടെ താൽപര്യങ്ങൾക്കും സംസ്കാരത്തിനും എതിരാണ്.കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തവരെ പിരിച്ചുവിടുകയും മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ വ്യാപകമായി പൊളിച്ചുമാറ്റുകയും ചെയ്തു.ടൂറിസത്തിന്‍റെ പേരിൽ മദ്യവിൽപന ശാലകൾ ദ്വീപിലാകെ അനുവദിക്കുന്നു.

ലക്ഷദ്വീപിനെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്ന  അഡ്മിനിസ്ട്രേറ്ററുടെ ഫാസിസ്റ്റ് തേര്‍വാഴ്ച അവസാനിപ്പിക്കാനും  അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിച്ച് ദ്വീപില്‍ സമാധാനവും ജനാധിപത്യവും   പുന:സ്ഥാപിക്കാനും  അടിയന്തര നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.തന്ത്രപ്രാധാന്യമുള്ള ലക്ഷദ്വീപ് സമൂഹത്തെ പ്രക്ഷുബ്ധമാക്കാനുള്ള ഏതുനീക്കവും ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാക്കുമെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്.തന്ത്രപ്രാധാന്യമുള്ള ലക്ഷദ്വീപിന്‍റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു താന്‍.പരിചയ സമ്പന്നരായ  മുതിര്‍ന്ന ഐ.എഎസ് ഉദ്യോഗസ്ഥരെയാണ് പതിവായിഅഡ്മിനിസ്ട്രേറ്ററായി ലക്ഷദ്വീപില്‍ നിയമിക്കാറുള്ളത്. എന്നാല്‍ ഒരു  ആര്‍എസ്എസുകാരനെ അഡ്മിനിസ്ട്രേറ്ററായിവെച്ച് അപകടം ക്ഷണിച്ച് വരുത്തുകയാണ് മോദി സര്‍ക്കാരെന്നും മുല്ലപ്പള്ളി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *