നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിതദിവസം തുറക്കും; മുഖ്യമന്ത്രി

Spread the love

post

തിരുവനന്തപുരം: നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിതദിവസം തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക്ക്ഡൗണില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. അതിന് ആവശ്യമായ സാമഗ്രികള്‍ വില്‍ക്കുന്ന കടകളാകും നിശ്ചിതദിവസം തുറക്കാന്‍ അനുമതി നല്‍കുന്നത്.

ചെത്തുകല്ല് വെട്ടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കല്ല് കൊണ്ടുപോകുന്ന വാഹനങ്ങളെ തടയുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കും.

മലഞ്ചരക്ക് കടകള്‍ വയനാട് ഇടുക്കി ജില്ലകളില്‍ ആഴ്ചയില്‍ രണ്ട് ദിവസവും മറ്റ് ജില്ലകളില്‍ ഒരു ദിവസവും തുറക്കാന്‍ അനുവദിക്കും.

റബ്ബര്‍ തോട്ടങ്ങളിലേക്ക് റെയിന്‍ഗാര്‍ഡ് വാങ്ങണമെങ്കില്‍ അതിന് ആവശ്യമായ കടകള്‍ നിശ്ചിത ദിവസം തുറക്കാന്‍ അനുവാദം നല്‍കും.

വാക്‌സിന്‍ മുന്‍ഗണനാ പട്ടികയില്‍ ബാങ്കുകാരെ പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിച്ച് അനുകൂലതീരുമാനം എടുക്കും.

വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നിശ്ചിത ദിവസത്തിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാക്കുന്ന വിഷയത്തില്‍ അടിയന്തര പരിഹാരം കാണും. കോവി ഷീല്‍ഡ് രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷമേ നല്‍കാവൂ എന്നാണ് ഇപ്പോഴുള്ള നിലപാട്. അതിനുള്ളിലാണ് വിദേശത്ത് ജോലിയുള്ളവര്‍ തിരിച്ചു പോകേണ്ടത് എങ്കില്‍ ജോലി നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. ഏത് രീതിയില്‍ ഇളവ് അനുവദിക്കാന്‍ പറ്റും എന്ന് പരിശോധിക്കും.

ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാസ്‌ക് ധരിച്ചാണ് എഴുതേണ്ടത്. എല്ലാ വിധത്തിലുള്ള മുന്‍കരുതലുകളും പരീക്ഷ നടത്തിപ്പില്‍ ഉണ്ടാകും.

രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം സമൂഹത്തിലെ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സാമൂഹിക പ്രതിരോധശേഷി ആര്‍ജിക്കുക എന്നതാണ്.

ഓരോ സംസ്ഥാനത്തിന്റേയും വാക്‌സിന്‍ ആവശ്യകത കണക്കാക്കി രാജ്യത്തിനു മൊത്തത്തില്‍ ആവശ്യം വരുന്ന വാക്‌സിന്‍ വാങ്ങുന്നതിനുള്ള ആഗോള ടെണ്ടര്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ വിളിക്കുകയാണെങ്കില്‍ വാക്‌സിനുകളുടെ വില ഉയരാതെ നിലനിര്‍ത്താന്‍ സാധിക്കും.ഇതിനാവശ്യമായ നടപടികള്‍ എത്രയും പെട്ടെന്നു സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിട്ടുണ്ട്. അതോടൊപ്പം സംസ്ഥാനങ്ങള്‍ക്ക് വാക്‌സിനുകള്‍ സൗജന്യമായി നല്‍കിക്കൊണ്ട് ഒരാള്‍ പോലുമൊഴിവാകാതെ എല്ലാ ജനങ്ങളും വാക്‌സിന്‍ എടുക്കുന്നത് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കുന്ന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ രണ്ടാമത്തെ തരംഗത്തിന്റെ തുടക്കത്തില്‍ 106 ആശുപത്രികളാണുണ്ടായിരുന്നത്. അതിപ്പോള്‍ 252 ആശുപത്രികളായി ഉയര്‍ന്നിട്ടുണ്ട്. 122.65 കോടി രൂപയാണ് ഈ പദ്ധതി വഴി ജനങ്ങളുടെ ചികിത്സയ്ക്കായി ചെലവഴിച്ചിരിക്കുന്നത്.കൂടുതല്‍ ആശുപത്രികള്‍ ഈ പദ്ധതിയുടെ ഭാഗമാകണമെന്നും ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

 

Author

Leave a Reply

Your email address will not be published. Required fields are marked *