കേരളത്തില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിക്കൊരുങ്ങി ഹൈക്കമാന്‍ഡ്

Spread the love
നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെത്തുടര്‍ന്ന് പ്രതിപക്ഷ നേതൃ സ്ഥാനത്തില്‍ തുടങ്ങിയ അഴിച്ചുപണി ഹൈക്കമാന്‍ഡ് അവിടെ അവസാനിപ്പിക്കില്ല. കെപസിസി പ്രസിഡന്റ് സ്ഥാനത്തും ഒപ്പം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തും പുതിയ ആളുകളെത്തുമെന്നുറപ്പ്. എന്നാല്‍ മേല്‍ത്തട്ടില്‍ മാത്രം അഴിച്ചുപണി നടത്തിയിട്ടു കാര്യമില്ല എന്ന നിഗമനത്തിലാണ് ഹൈക്കമാന്‍ഡ്.
ഇതിനാല്‍ തന്നെ എല്ലാ ഡിസിസി പ്രസിഡന്റ്മാരുടേയും സ്ഥാനം തെറിക്കുമെന്നുറപ്പായി കഴിഞ്ഞു. ഇതു മുന്‍കൂട്ടികണ്ട് പലരും രാജി സന്നദ്ധത  അറിയിച്ചെങ്കിലും തല്‍ക്കാലം തുടരാനുള്ള നിര്‍ദ്ദേശം ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്. മാത്രമല്ല പല ഡിസിസി പ്രസിഡന്റുമാര്‍ക്കുമെതിരെ സ്ഥാനാര്‍ത്ഥികളടക്കം ഹൈക്കമാന്‍ഡിന് പരാതി നല്‍കിക്കഴിഞ്ഞു.
ഡിസിസി പ്രസിഡന്റുമാര്‍ പക്ഷപാതപരമായി പെരുമാറി എന്നതായിരുന്നു പരാതികളിലധികവും. ചില ഡിസിസികളില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിയാണ് ഹൈക്കമാന്‍ഡ് ഉദ്ദേശിക്കുന്നത്. അടുത്തയാഴ്ച കേരളത്തിലെത്തുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇതു സംബന്ധിച്ചും ചര്‍ച്ചകള്‍ നടത്തും.
പാര്‍ട്ടിയുടെ പോഷകസംഘടനകളിലും ഹൈക്കമാന്‍ഡ് അഴിച്ചുപണി ലക്ഷ്യം വയ്ക്കുന്നുണ്ട്. ഇതു സംബന്ധിച്ച ചര്‍ച്ചകളും ദേശീയതലത്തില്‍ ആരംഭിച്ചു കഴിഞ്ഞു. ഡിസിസികളുടെ കാര്യത്തിലും യുവനേതൃത്വത്തെ കൊണ്ടുവരാനാണ് ഹൈക്കമാന്‍ഡിന്റെ പദ്ധതി.
കഴിഞ്ഞ കാലങ്ങളില്‍ ഡിസിസി പുനസംഘടനകള്‍ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ് നടന്നു കൊണ്ടിരുന്നത്. പതിനാല് ജില്ലകള്‍ എ, ഐ ഗ്രൂപ്പുകള്‍ ചേര്‍ന്ന് വീതം വെച്ചെടുക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇനിയിതനുവദിക്കാനാവില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. പ്രതിപക്ഷനേതാവിന്റെ  കാര്യത്തില്‍ തന്നെ ശക്തമായ താക്കിത് ഹൈക്കമാന്‍ഡ് നല്‍കിക്കഴിഞ്ഞു.
പോഷക സംഘടനകളുടെ കാര്യത്തിലും സ്ഥിതി വിത്യസ്തമല്ല മുമ്പ് ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും നോമിനികളായിരുന്നു ഈ സ്ഥാനത്ത് എത്തിയിരുന്നത്. ഗ്രൂപ്പുകള്‍ക്കായുള്ള പാക്കേജുകള്‍ ഇനി കോണ്‍ഗ്രസില്‍ ഉണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം വിഡി സതീശന്‍ തന്നെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *