ട്രാക്കില്‍ വീണയാളെ ട്രെയിന്‍ നിര്‍ത്തി രക്ഷിച്ച മലയാളി യുവാവ് ടോബിന്‍ മഠത്തിലിന് അഭിനന്ദന പ്രവാഹം

Spread the love

Picture

ന്യൂയോര്‍ക്ക്: യുഎസില്‍ വംശീയവിദ്വേഷത്തിന്റെ പേരില്‍ അക്രമി റെയില്‍വേ ട്രാക്കിലേക്കു തള്ളിയിട്ട ഏഷ്യക്കാരനെ സമയോചിതമായി ട്രെയിന്‍ നിര്‍ത്തി തലനാരിഴയ്ക്കു രക്ഷപ്പെടുത്തി മലയാളി ടോബിന്‍ മഠത്തില്‍. ന്യൂയോര്‍ക്ക് സബ്‌വേയിലെ 21 സ്ട്രീറ്റ്ക്യൂന്‍സ്‌ബെര്‍ഗ് സ്റ്റേഷനിലാണു സംഭവം. ട്രാക്കിലേക്കു വീണയാളുടെ 9 മീറ്റര്‍ അടുത്താണ് ട്രെയിന്‍ നിന്നത്.

“പ്ലാറ്റ്‌ഫോമില്‍ ആളുകള്‍ കൈവീശുന്നതു കണ്ടിരുന്നു. ഒരാള്‍ ട്രാക്കില്‍ വീണു കിടക്കുന്നതും. ഉടന്‍ എന്‍ജിന്‍ എമര്‍ജന്‍സി മോഡിലേക്കു മാറ്റി ബ്രേക്ക് ചെയ്തു. തൊട്ടുതൊട്ടില്ല എന്ന നിലയിലാണ് ട്രെയിന്‍ നിന്നത്. ഒരു ജീവന്‍ രക്ഷിക്കാനായി. ഭാഗ്യം” ന്യൂയോര്‍ക്കില്‍നിന്ന് ടോബിന്‍ “മനോരമ’യോട് പറഞ്ഞു. ട്രെയിനില്‍നിന്നിറങ്ങി, ചോരയൊലിപ്പിച്ചു കിടന്നയാളുടെ അടുത്തെത്തിയ ടോബിന്‍ സബ്‌വേ കണ്‍ട്രോളില്‍ വിവരമറിയിച്ചു. “”പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നവരും സഹായിക്കുന്നുണ്ടായിരുന്നു’ ടോബിന്‍ പറഞ്ഞു.

2 വര്‍ഷമായി ന്യൂയോര്‍ക്ക് സബ്‌വേയില്‍ ട്രെയിന്‍ ഓപ്പറേറ്ററായ ടോബിന്‍ (29), തിരുവല്ല മാന്നാര്‍ കടപ്ര സ്വദേശി ഫിലിപ് മഠത്തില്‍ അന്ന ദമ്പതികളുടെ മകനാണ്. 30 വര്‍ഷമായി യുഎസിലുള്ള ഫിലിപ് ന്യൂയോര്‍ക്ക് ക്വീന്‍സിലാണ് താമസം.

അക്രമത്തിനിരയായയാള്‍ ചൈനീസ് വംശജനാണെന്ന് സംശയമുണ്ട്. ഇയാള്‍ ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു. അക്രമിയെ തിരയുകയാണ്. ന്യൂയോര്‍ക്ക് സബ്‌വേയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ പതിവാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 1-800-577-ഠകജട (8477) എന്ന നമ്പറില്‍ ബന്ധപ്പെടുകയോ crimestoppers.nypdonline.org എന്ന വെബ്‌സൈറ്റിലൂടെ അറിയിക്കുകയോ ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷയ്ക്ക് നല്‍കുന്ന പ്രാധാന്യം ഇനിയും തുടരുമെന്ന് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റി (എംടിഎ) വക്താവ് പ്രതികരിച്ചു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യത്തിന്റെ മറ്റുമേഖലങ്ങളില്‍ ഉണ്ടായതുപോലെ യാത്രാ സംവിധാനങ്ങളിലെ ആളുകളുടെ കുറവ് എംടിഎയിലും ഉണ്ട്. അതേസമയം, അതിക്രമങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. ഇതിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എംടിഎ വക്താവ് വ്യക്തമാക്കി.

കോവിഡ് വന്നതിനു ശേഷം ഏഷ്യന്‍ വംശജര്‍ക്കു നേരെയുള്ള വിദ്വേഷാക്രമണങ്ങള്‍ യുഎസില്‍ വര്‍ധിക്കുകയാണ്. ഇതു തടയാനുള്ള നിയമത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു.

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *