സാനോസെ വെടിവെപ്പ്- 9 മരണം; കൊല്ലപ്പെട്ടവരില്‍ ഇന്ത്യാക്കാരനും :  പി.പി.ചെറിയാന്‍

Spread the love
സാന്റാക്‌ളാര (കാലിഫോര്‍ണിയ) : സാന്റാക്‌ളാര വാലി ട്രാസ്‌പോര്‍ട്ടേഷന്‍ അതോറിറ്റി (VTA) സൈറ്റില്‍ (സാന്‍ ഒസെ) മെയ് 26 ബുധനാഴ്ച രാവിലെ നടന്ന വെടിവെപ്പില്‍ പ്രതി ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു . നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് .
വി റ്റി  എ ലൈറ്റ്  റെയില്‍ യാഡില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് തയാറായിക്കൊണ്ടിരുന്ന സഹപ്രവര്‍ത്തകര്‍ക്ക് നേരെ രാവിലെ 6.45 ന് പ്രതി സാമുവല്‍ കാസ്സിഡി (57) യാതൊരു പ്രകോപപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു വിവരം ലഭിച്ചു പോലീസ് സ്ഥലത്ത് എത്തിയതറിഞ്ഞ പ്രതി സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു . പോലീസുകാര്‍ തക്കസമയത്ത് കെട്ടിടത്തില്‍ പ്രവേശിച്ചില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപെടുമായിരുന്നുവെന്നാണ്  സാന്റാ ക്ലാര കൗണ്ടി ഷെരീഫ് ലോറി സ്മിത്ത് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത് .
 സംഭവം നടന്ന സ്ഥലത്ത് നിന്നും പത്തു മൈലോളം അകലെയുള്ള സ്വന്തം വീടിനു പ്രതി തീയിട്ടതിന് ശേഷമാണ് തോക്കുമായി സൈറ്റില്‍ എത്തിയത് .
കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ കൗണ്ടിയാണ് സിലിക്കണ്‍ വാലി സ്ഥിതി ചെയ്യുന്ന സാന്റാക്‌ളാര
സഹപ്രവര്‍ത്തകരെ വധിക്കുമെന്ന് പ്രതി പറഞ്ഞിരുന്നുവെങ്കിലും അത് അത്ര കാര്യമാക്കിയിരുന്നില്ലെന്ന് മുന്‍ ഭാര്യ സിസിലിയ പറഞ്ഞു .
രാത്രി വൈകി ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 9  പേരില്‍ ഇന്ത്യന്‍ അമേരിക്കന്‍   തപ്തേജ്ദീപ് സിംഗും (36) ഉള്‍പ്പെടുന്നു . പോള്‍ മെഗിയ (42) , ആഡ്രിയന്‍ (29), ഹോസെ ഹെര്‍ണാണ്ടസ് (35) , തിമോത്തി റൊമോ (49) മൈക്കിള്‍ ജോസഫ് (40), അബ്ദുല്‍ വഹാബ് (63) ലാര്‍സ് കെപ്ലര്‍ (63) എന്നിവരാണ് മറ്റുള്ളവര്‍ .
 ഇവര്‍ എല്ലാവരും വി.റ്റി.എ ജീവനക്കാരാണോ  എന്ന്  വ്യക്തമാക്കിയിട്ടില്ല . സംഭവത്തില്‍ ഗവര്‍ണര്‍ ഗവിന്‍ നൂസം, പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവര്‍ ദു:ഖം രേഖപ്പെടുത്തി.
                                                                       റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

Author

Leave a Reply

Your email address will not be published. Required fields are marked *